ISL

ഉദ്ഘാടന മല്‍സരങ്ങളില്‍ എന്നും ഒരുവശത്ത് ബ്ലാസ്റ്റേഴ്‌സ്; കാരണം ബാര്‍ക്ക് റേറ്റിംഗ്!

എന്തുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ ഉദ്ഘാടന മത്സരങ്ങളുടെ സമ്മര്‍ദത്തിലേക്ക് സംഘാടകര്‍ തള്ളിവിടുന്നു. ആരാധകരും കളിവിദഗ്ധരും പലകുറി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണത്. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് താല്പര്യമില്ലെങ്കില്‍ പോലും ഉദ്ഘാടന മത്സരത്തിന് ടീമിനെ തെരഞ്ഞെടുക്കാന്‍ സംഘാടകരെ പ്രേരിപ്പിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ജനപ്രിയതയാണ്. മുംബൈ സിറ്റിയും ബെംഗളൂരു എഫ്സിയുമെല്ലാം കരുത്തുറ്റ ടീമുകളാണെങ്കിലും മറ്റുചില കാര്യങ്ങളില്‍ അവര്‍ വീക്കാണ്.

അവിടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രസക്തി. മറ്റ് ടീമുകള്‍ക്ക് സ്വപ്നം കാണാന്‍ സാധിക്കാത്ത ചിലത് ബ്ലാസ്റ്റേഴ്സിനുണ്ട്. അതിലൊന്നാണ് ഫാന്‍ബേസ്. മുംബൈ സിറ്റി പോലും സ്വന്തം സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയാല്‍ ഗ്യാലറിയുടെ പകുതി നിറയ്ക്കാന്‍ പോലും കഷ്ടപ്പെടും. സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് സപ്പോര്‍ട്ടേഴ്സിന്റെ പിന്തുണ കുറവ്.

ഈ ടീമുകളെ വച്ച് ഉദ്ഘാടന മത്സരം കളിച്ചാല്‍ ടിവി റേറ്റിംഗ് കുത്തനെ ഇടിയും. ബ്ലാസ്റ്റേഴ്സിന്റെ കാര്യം അങ്ങനെയല്ല. ടീം നിരാശയാര്‍ന്ന പ്രകടനം നടത്തിയാല്‍ പോലും ആരാധകര്‍ ടീമിനെ കൈവിടുന്നില്ല. ടിവി റേറ്റിംഗില്‍ അതിന്റെ കുതിപ്പ് കാണാനുമാകും. ബിസിനസ് താല്പര്യങ്ങള്‍ സംഘാടകര്‍ക്ക് സംരക്ഷിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സിനെ ഉദ്ഘാടന മത്സരത്തില്‍ ഒരുവശത്ത് അണിനിരത്തിയേ പറ്റൂ.

ബാര്‍ക്ക് റേറ്റിംഗില്‍ ടോപ്പില്‍ നില്ക്കുന്നത് പലതും ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെട്ട മത്സരങ്ങളാണ്. ഹോട്ട് സ്റ്റാര്‍ സ്ട്രീമിംഗിന്റെ കാര്യത്തിലാണെങ്കിലും അതു തന്നെയാണ് അവസ്ഥ. ഫുട്ബോളിന്റെ ഈറ്റില്ലമായ കോല്‍ക്കത്തയില്‍ നിന്നുള്ള എടികെ മോഹന്‍ ബഗാനു പോലും ബ്ലാസ്റ്റേഴ്സിന്റെ അത്രയും ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ജനപ്രിയത മുതലെടുക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിക്കുന്നതും.

Related Articles

Back to top button