ISLTop Stories

ലെസ്‌കോവിച്ചിനെ ബ്ലാസ്‌റ്റേഴ്‌സ് കരയ്ക്കിരുത്തിയതിന് കാരണമുണ്ട്

ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിനെ കരയ്ക്കിരുത്തിയ കോച്ചിന്റെ ബ്രില്യന്‍സിന് നല്കാം ഒരു കൈയ്യടി. പരിക്കില്ലാതിരുന്നിട്ടും കൃത്യമായ കാരണത്താലാണ് പ്രതിരോധത്തിലെ വിശ്വസ്തന് വിശ്രമം നല്കിയത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ലെസ്‌കോവിച്ചിനും ഹര്‍മന്‍ജ്യോത് ഖബ്രയ്ക്കും മൂന്ന് മഞ്ഞക്കാര്‍ഡ് വീതമുണ്ട്. ഒഡീഷയ്‌ക്കെതിരേ രണ്ടുപേരെയും ഒരുമിച്ച് കളിക്കാനിറക്കുകയെന്നത് ഹൈ റിസ്‌ക്കാണ്. രണ്ടുപേര്‍ക്കും ഒരു മഞ്ഞക്കാര്‍ഡ് കൂടി കിട്ടിയാല്‍ തൊട്ടടുത്ത മത്സരത്തില്‍ പുറത്തിരുത്തേണ്ടിവരും. ശക്തരായ മുംബൈ സിറ്റിക്കെതിരായാണ് അടുത്ത മത്സരം. ഈ മത്സരത്തില്‍ പ്രതിരോധത്തിലെ വന്മതിലായി ലെസ്‌കോവിച്ചും ഖബ്രയും ഒന്നിച്ചു പുറത്തിരിക്കേണ്ടി വന്നാലത് ടീമിനെ ബാധിക്കും.

ഈ സ്ഥിതി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലെസ്‌കോവിച്ചിന് വിശ്രമം നല്കിയത്. പരിക്കിന്റെ പിടിയില്‍നിന്ന് വന്ന എനെസ് സിപ്പോവിച്ചിന് കൂടുതല്‍ അവസരം നല്കുകയെന്ന ഉദേശവും കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന്റെ നീക്കത്തിനു പിന്നിലുണ്ട്. ഖബ്രയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കിലും പകരക്കാരനായിറങ്ങാന്‍ വേറെ ഓപ്ഷനുകളുണ്ട്. അടുത്ത എട്ടുദിവസത്തിനിടെ ബ്ലാസ്റ്റേഴ്‌സിന് രണ്ട് ശക്തമായ മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. കളിക്കാര്‍ക്ക് കൃത്യമായ വിശ്രമം നല്കി ബുദ്ധിപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ അതു തിരിച്ചടിയാകും. അടുത്തടുത്തുള്ള ഫിക്‌സ്ചറുകളെക്കുറിച്ച് ബോധവനാണെന്ന് കഴിഞ്ഞദിവസം മത്സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പറഞ്ഞിരുന്നു. അതുപോലെ തന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് നിഷുകുമാറില്‍ കോച്ച് അര്‍പ്പിച്ച വിശ്വാസം. ജെസലിന് പകരം നിഷു വരുമെന്ന് വളരെ കോണ്‍ഫിഡന്‍സോടെ കോച്ച് വ്യക്തമാക്കിയിരുന്നു. തന്റെ കളിക്കാരെ തനിക്കേറെ വിശ്വാസമാണെന്ന വുക്കുമനോവിച്ചിന്റെ വിശ്വാസം തകര്‍പ്പന്‍ ഗോളിലൂടെ ഊട്ടിയുറപ്പിക്കാനും നിഷുകുമാറിന് സാധിച്ചു.

ഈ സീസണില്‍ പരിക്കേറ്റ് പ്രധാന താരം പോകുമ്പോള്‍ പിന്നാലെ വരുന്നവര്‍ അതിലും മികച്ച പ്രകടനം നടത്തുന്നതിന്റെ പുതിയ ഉദാഹരണമായി നിഷുകുമാര്‍ മാറി. ഇത്തവണത്തെ ആദ്യ ലക്ഷ്യം കിരീടം നേടുന്നതിനൊപ്പം ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയെന്നത് കൂടിയാണ്. എഎഫ്‌സി കപ്പിനു യോഗ്യത നേടാനായാല്‍ അതു ബ്ലാസ്‌റ്റേഴ്‌സിന് സാമ്പത്തികമായും മത്സരപരമായും വലിയ ഗുണം ചെയ്യും. അതുകൊണ്ട് തന്നെ എല്ലാ മത്സരങ്ങളിലും മികച്ച റിസല്‍ട്ട് തന്നെയാണ് ടീം ലക്ഷ്യമിടുന്നത്. ജനുവരിയില്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളത് മൂന്നു മത്സരങ്ങളാണ്. ഈ മൂന്നെണ്ണവും ജയിക്കാനായാല്‍ ടീം കൂടുതല്‍ സേഫ് സോണിലെത്തും. ആരാധകരും പ്രതീക്ഷിക്കുന്നത് അതുതന്നെയാണ്. എന്തായാലും നല്ല റിസല്‍ട്ടുകള്‍ വരും മത്സരങ്ങളിലും പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button