ISLTop Stories

മുന്നിലെത്തിയാലും ബ്ലാസ്റ്റേഴ്‌സിന് കിരീടം നല്കാതിരിക്കാന്‍ നീക്കം?

ഐഎസ്എല്ലില്‍ സംഘാടകര്‍ നടത്തുന്നത് കള്ളക്കളിയാണോ? ആരാധകര്‍ മാത്രമല്ല മറ്റു ടീമുകളിലെ വിദേശതാരങ്ങള്‍ കൂടി ചോദിച്ചു തുടങ്ങിയിരിക്കുന്നു ഇക്കാര്യങ്ങളൊക്കെ. നിഷ്പക്ഷമായി ചിന്തിച്ചുനോക്കിയാല്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ലല്ലോ എന്ന തോന്നലുണ്ടാകുക സ്വഭാവികമാണ്. എടികെ മോഹന്‍ ബഗാനുവേണ്ടിയാണ് സംഘാടകര്‍ തീരുമാനങ്ങളെടുക്കുന്നതെന്ന വാദവും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന എടികെ- ബെംഗളൂരു എഫ്‌സി മത്സരം തന്നെ ഉദാഹരണം. ഇത്രയുംനാള്‍ സംഘാടകര്‍ പറഞ്ഞിരുന്നത് 15 പേര്‍ കളിക്കാനുണ്ടെങ്കില്‍ മത്സരം നടത്തുമെന്നായിരുന്നു. വെള്ളിയാഴ്ച്ച നോര്‍ത്ത് ഈസ്റ്റ്-ഗോവ മത്സരം നടത്തിയതും ഈ തീരുമാനപ്രകാരമായിരുന്നു. പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് ഗോവ കളത്തിലിറങ്ങിയത്. എന്നാല്‍ ശനിയാഴ്ച്ച എടികെയുടെ കളി വന്നപ്പോള്‍ നിയമംമാറ്റി. ഇവിടെയാണ് കള്ളക്കളി സംശയിക്കേണ്ടത്.

കോവിഡ് പടരുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ ലീഗ് അധികം മുന്നോട്ടുപോകില്ല. എപ്പോള്‍ വേണമെങ്കിലും നിറുത്തിവയ്ക്കപ്പെടാം. അങ്ങനെ സംഭവിച്ചാല്‍ പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിനെയാകില്ല വിജയിയായി പ്രഖ്യാപിക്കുക. മറിച്ച് കളിച്ച മത്സരങ്ങളും പോയിന്റും ബന്ധപ്പെടുത്തിയുള്ള ശരാശരി പോയിന്റ് വച്ചിട്ടാകും ചാമ്പ്യന്മാരെ പ്രഖ്യാപിക്കുക. നിലവില്‍ 11 മത്സരങ്ങളില്‍ 20 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ പോയിന്റ് ശരാശരി 1.81 ആണ്. പോയിന്റ് ശരാശരിയില്‍ രണ്ടാമതുള്ളത് 9 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള എടികെയ്ക്കാണ്. അവരുടെ ശരാശരി 1.67 ആണ്. ഇനിയാണ് കള്ളക്കളി തിയറി ബലപ്പെടുന്ന കാര്യങ്ങള്‍. ശനിയാഴ്ച്ച ബെംഗളൂരുവിനെതിരേ എടികെ കളിച്ചിരുന്നേല്‍ അവര്‍ തോല്‍ക്കാനുള്ള സാധ്യതയായിരുന്നു കൂടുതല്‍. റോയ് കൃഷ്ണ അടക്കമുള്ള പ്രധാന താരങ്ങളെല്ലാം കോവിഡ് ബാധിതരാണെന്നത് തന്നെ കാരണം. തോല്‍ക്കുകയോ സമനിലയാകുകയോ ചെയ്താലും എടികെയുടെ ശരാശരി താഴ്‌ന്നേനെ.

കളി മാറ്റിവച്ചതോടെ എടികെയെ സേഫ് സോണിലാക്കാനായി. ഇനി ബ്ലാസ്‌റ്റേഴ്‌സ്-മുംബൈ കളിയുടെ കാര്യമെടുക്കാം. മുംബൈയ്‌ക്കെതിരേ തോറ്റാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശരാശരി പോയിന്റ് എടികെയ്ക്ക് ഒപ്പമാകും. കണക്കിന്റെ നൂലാമാലകളില്‍ ബ്ലാസ്റ്റേഴ്‌സിന് മേധാവിത്വം കിട്ടിയെന്നുമിരിക്കട്ടെ. അങ്ങനെ വന്നാലും എടികെയ്ക്കായി ഒരു പഴുത് കിടപ്പുണ്ട്. അത് പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എടികെ നേടിയ വിജയമാണ്. പോയിന്റ് ശരാശരി ഒപ്പമായാല്‍ പരസ്പരം ഏറ്റുമുട്ടിയപ്പോഴുള്ള വിജയത്തിന്റെ ആനുകൂല്യത്തില്‍ എടികെയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കാം. അതുവഴി എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് അവര്‍ക്ക് ലഭിക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞതെല്ലാം സംഘാടകരുടെ ഫൗള്‍പ്ലേയെന്ന തിയറിയില്‍ നിന്ന് ഉടലെടുത്ത കാര്യങ്ങളാണ്. സംഘാടകര്‍ എന്താണ് മനസില്‍ കണ്ടിരിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും ഈ കാര്യങ്ങളെല്ലാം ഫിഫയും ഫുട്‌ബോള്‍ ലോകവുമെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് സംഘാടകര്‍ ഓര്‍ത്താല്‍ നന്ന്. കളിയെ വളര്‍ത്താന്‍ ബിസിനസ് മോഡല്‍ വേണം. എന്നാല്‍ ബിസിനസിന് മാത്രമായി ഫുട്‌ബോളിനെ ഉപയോഗിക്കരുതെന്നാണ് ഓരോ ആരാധകര്‍ക്കുമൊപ്പം സ്‌പോര്‍ട്‌സ്‌ക്യൂവിന്റെയും അഭ്യര്‍ത്ഥന.

Related Articles

Leave a Reply

Back to top button