ISLTop Stories

72 മണിക്കൂര്‍ മുമ്പ് ടീമിലെത്തിയ ദിമിത്രിയോസ് കളത്തിലിറങ്ങി ഞെട്ടിച്ചു!

വെറും 72 മണിക്കൂര്‍ മുമ്പ് ടീമിനൊപ്പം ചേര്‍ന്ന ദിമിത്രിയോസ് ഡയമാന്റകോസ് പ്രീസീസണ്‍ സൗഹൃദ മല്‍സരത്തില്‍ ഗോളടിച്ചപ്പോള്‍ അത് എതിരാളികള്‍ക്കൊരു മുന്നറിയിപ്പാണ്. താന്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത് അല്‍വാരോ വാസ്‌കസ് എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടങ്ങാനാണെന്ന് തന്നെയാണ് ഈ ഗ്രീക്ക് താരം പറഞ്ഞു വയ്ക്കുന്നത്.

അല്‍ ജസീറ അല്‍ ഹംറയ്‌ക്കെതിരേ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോളുകളും കളിച്ച കളിയും ആരാധകര്‍ക്ക് ആവേശം പകരുന്നുണ്ട്. വെറുമൊരു പ്രീസീസണ്‍ മല്‍സരമാണെന്നത് മാറ്റിനിര്‍ത്താം. കളിക്കാര്‍ തമ്മിലുള്ള അണ്ടര്‍സ്റ്റാന്റിംഗ് വളരെയധികം ഗംഭീരമായിരുന്നുവെന്ന് ഈ മല്‍സരത്തില്‍ നിന്ന് പറയാനാകും. പ്രത്യേകിച്ച് ഇന്ത്യന്‍ താരങ്ങള്‍. രാഹുലും സഹലും ജെസലുമെല്ലാം നല്ലരീതിയില്‍ ഒത്തിണക്കത്തോടെ കളിച്ചു.

കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ സംബന്ധിച്ച് കഴിഞ്ഞ സീസണില്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തന്റെ ടീമിനെ മുന്നോട്ടു കൊണ്ടു പോയാല്‍ മതിയെന്ന് ഈ മല്‍സരത്തിലെ പ്രകടനം അടിവരയിടുന്നു. ഈ സീസണില്‍ ടീമിന്റെ മുഖ്യ സ്‌ട്രൈക്കറായി പരിഗണിക്കുന്നു ദിമിത്രിയോസ് മുമ്പ് കളിച്ച ക്ലബുകളിലെല്ലാം സഹകളിക്കാരുമായി ആത്മബന്ധം പുലര്‍ത്തുന്ന താരമാണ്. ഇന്നലെ യുഎഇ ക്ലബിനെതിരേ അല്‍പസമയം മാത്രമാണ് കളിച്ചതെങ്കിലും തന്റെ ക്ലാസ് വെളിപ്പെടുത്താന്‍ താരത്തിനായി.

ഗോളടിച്ചത് അഞ്ച് വ്യത്യസ്ത താരങ്ങള്‍

യുഎഇ ഫസ്റ്റ് ഡിവിഷന്‍ ക്ലബ് അല്‍ ജസീറ അല്‍ ഹംറയെ 5-1 നാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. അഞ്ച് വ്യത്യസ്ത താരങ്ങളാണ് ഗോളടിച്ചതെന്നതാണ് ഒരു സവിശേഷത. ആദ്യ ഗോള്‍ രാഹുല്‍ കെപി നേടിയപ്പോള്‍ സൗരവ് രണ്ടാം ഗോളും സഹല്‍ അബ്ദുള്‍ സമദ് മൂന്നാം ഗോളും നേടി. ദിമിത്രിയോസാണ് നാലാം ഗോളിന്റെ അവകാശി. ജെസല്‍ ആണ് അവസാന ഗോള്‍ നേടിയത്.

മലയാളി ആരാധകര്‍ ചാന്റുമായി നിറഞ്ഞ മല്‍സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ എതിരാളികളെ ഞെട്ടിക്കാന്‍ ഇവാന്റെ ടീമിനായി. ഏകദേശം 3,000 ത്തോളം ആരാധകര്‍ കൊട്ടും പാട്ടുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇവാന്‍ തന്റെ താരങ്ങളെയെല്ലാം കൃത്യമായി പരീക്ഷിക്കാന്‍ ഈ മല്‍സരം ഉപയോഗിച്ചു. ഗോള്‍കീപ്പര്‍ പ്രഭുക്ഷന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സേവുകളും മല്‍സരത്തിന്റെ പ്രത്യേകതയാണ്.

വിക്ടര്‍ മോംഗില്‍, ഉക്രൈയ്ന്‍ താരം ഇവാന്‍, ആയുഷ് അധികാരി, ജിയോനു എന്നിവരെല്ലാം രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങി. എല്ലാ താരങ്ങള്‍ക്കും മാക്‌സിമം പരിശീലന അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് കോച്ച് ടീമിനെ കളത്തിലിറക്കിയത്. നിരവധി അവസരങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത്.

Related Articles

Leave a Reply

Back to top button