IPLTop Stories

പയ്യന്‍ തിലക് വര്‍മയ്ക്ക് വന്‍ഡിമാന്റ്

ഹൈദരാബാദില്‍നിന്നുള്ള പത്തൊമ്പതുകാരന്‍ തിലക് വര്‍മയ്ക്കായി ടീമുകളുടെ പൊരിഞ്ഞ ലേലംവിളി. ഒടുവില്‍ 1.7 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വന്തമാക്കി. വെറും 20 ലക്ഷംരൂപ അടിസ്ഥാന വിലയില്‍ ലേലംതുടങ്ങിയ താരത്തിനായി ചെന്നൈ സൂപ്പര്‍കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളും രംഗത്തുണ്ടായിരുന്നു. ഒരുകോടി രൂപവരെ ഓഫര്‍ നല്കിയശേഷമാണ് ചെന്നൈ ലേലത്തില്‍ നിന്ന് പിന്മാറിയത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐപിഎല്‍ തുടങ്ങുംമുമ്പ് വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ അവരില്‍നിന്ന് കാര്യമായ പ്രകടനം ഉണ്ടായതുമില്ല. അങ്ങനെ വന്ന താരങ്ങള്‍ക്ക് ഇത്തവണ ലേലത്തില്‍ വിറ്റുപോയതുമില്ല. കഴിഞ്ഞ സീസണില്‍ ഏറെ പ്രതീക്ഷയോടെ വന്ന താരമായിരുന്നു വിരാട് സിംഗ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള ഈ വെടിക്കെട്ടുകാരന് കഴിഞ്ഞവര്‍ഷം ഭേദപ്പെട്ട പ്രകടനം പോലും നടത്താനായില്ല. ഇത്തവണ 20 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്നിട്ടുപോലും താരം വിറ്റുപോയില്ല.

മറ്റൊരാള്‍ കേരള താരം വിഷ്ണു വിനോദാണ്. ആഭ്യന്തര ക്രിക്കറ്റില്‍ വെടിക്കെട്ട് താരമെന്ന് പേരുണ്ടെങ്കിലും പലപ്പോഴും അസ്ഥിരമായ പ്രകടനം നടത്തുന്നതാണ് വിഷ്ണുവിന് തിരിച്ചടിയായത്. ഇത്തവണയും ആദ്യഘട്ട ലേലത്തില്‍ ആരും വിഷ്ണുവിനെ വിളിച്ചെടുത്തില്ല. ഒരുകാലത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്ന പീയുഷ് ചൗളയ്ക്കും ഇത്തവണ ഒരു ടീമിലും ഇടംനേടാന്‍ സാധിച്ചില്ല.

കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇത്തവണ ഡൊമിനിക് ഡ്രക്‌സ് എന്ന ബൗളിംഗ് ഓള്‍റൗണ്ടര്‍ക്ക് തുണയായത്. 75 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് 1.1 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തെ സ്വന്തമാക്കിയത്. മുന്‍ വിന്‍ഡീസ് താരം വാസ്‌ബെര്‍ട്ട് ഡ്രാക്‌സിന്റെ മകനാണ് ഈ 24കാരന്‍. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന താരത്തിന്റെ വരവ് ഗുജറാത്തിന് ഗുണംചെയ്യും.

ഒഡ്വേയ്ന്‍ സ്മിത്തിന്റെ കരിയര്‍ മാറ്റിമറിച്ചത് രണ്ടേ രണ്ടു പരമ്പരയാണ്. ആദ്യത്തേത് അയര്‍ലന്‍ഡിനെതിരേ ജനുവരിയില്‍. പിന്നീട് കഴിഞ്ഞദിവസം നടന്ന ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളും. വാലറ്റത്ത് തകര്‍പ്പന്‍ ഷോട്ടുകളും സ്ഥിരമായി 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനും സാധിക്കുന്ന സ്മിത്തിന് ഇത്തവണ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത് ആറുകോടി രൂപയ്ക്കാണ്. ഏറ്റവും മികച്ച വാങ്ങലുകളിലൊന്നെന്ന് ഈ ലേലത്തെ പറയാം. വാലറ്റത്ത് ഒറ്റയ്ക്ക് കളിജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് സ്മിത്ത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നെറ്റ് ബൗളറായിരുന്നു സ്മിത്ത്. അവിടെ നിന്ന് ഇന്ന് ഏറെ വിലയുള്ള താരമാകാന്‍ അദേഹത്തിന് സാധിച്ചു.

Related Articles

Leave a Reply

Back to top button