Top Stories

കൊടുക്കാം, ഈ ബ്ലാസ്റ്റേഴ്‌സിനൊരു സല്യൂട്ട്!!

അങ്ങനെ 19 ദിവസത്തെ ഇടവേളയ്ക്കുശേഷം ബ്ലാസ്‌റ്റേഴ്‌സ് ഒരു മത്സരത്തിനിറങ്ങി. ആശങ്കയുടെ കാര്‍മേഘം നിറഞ്ഞുനിന്ന കുറെ ദിവസങ്ങള്‍ക്കൊടുവിലുള്ള മത്സരം ഇവാന്‍ വുക്കുമനോവിച്ചിന്റെ സംഘം മോശമാക്കിയില്ല. പരിശീലകന്‍ ഇവാന്‍ വുക്കുമനോവിച്ചും ആരാധകരും ഒട്ടും പ്രതീക്ഷയില്ലാതെ ഈ സീസണില്‍ ഒരു മത്സരത്തെ സമീപിച്ചിരുന്നെങ്കില്‍ അത് ഈ മത്സരം തന്നെയായിരുന്നു. അവസാനം കളിച്ച അഞ്ചിലൊന്നില്‍ പോലും തോല്‍ക്കാതെ എത്തിയ ബെംഗളൂരുവിനെതിരേ ഇതുപോലൊരു പ്രകടനം കടുത്ത ബ്ലാസ്റ്റേഴ്‌സ് ആരാകന്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കൃത്യമായ പരിശീലനം പോലും നടത്താനാകാതെ കളത്തിലിറങ്ങിയ മഞ്ഞപ്പടയ്ക്ക് തീര്‍ച്ചയായും അഭിമാനിക്കാവുന്ന പ്രകടനം തന്നെയാണ് ഞായറാഴ്ച്ച ടീം നടത്തിയത്.

ഫിറ്റ്‌നസിന്റെ കാര്യമെടുത്താല്‍ തങ്ങള്‍ക്ക് പതിനഞ്ച് പേരെ തികച്ചെടുക്കാനുള്ള കളിക്കാര്‍ പോലുമില്ലെന്ന് പറഞ്ഞ് ഒരുദിവസം കഴിഞ്ഞപ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ പ്രകടനമെന്നത് മറന്നുകൂടാ. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഇവിടെ വരെയെത്തിയതിന് കാരണം ഏതെങ്കിലുമൊരു കളിക്കാരന്റെ മാത്രം മേന്മയായിരുന്നില്ല. അതൊരു കുടുംബം പോലെ കളിച്ച താരങ്ങളുടെയും കോച്ചിന്റെയും ഒപ്പം ആരാധകരുടെയും കൂടെ വിയര്‍പ്പിന്റെ പ്രതിഫലമായിരുന്നു. ബെംഗളൂരുവിനെതിരേ ബ്ലാസ്റ്റേഴ്‌സ് നടത്തിയ പ്രകടനത്തില്‍ നിരവധി പോരായ്മകളുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഇത് നമ്മുക്ക് വലിയ ജയത്തോളം പോന്ന മത്സരം തന്നെയെന്നതില്‍ സംശയമില്ല. ഇനിയുള്ള സീസണിന്റെ അവസാനപാദത്തിലെ മത്സരങ്ങളിലേക്ക് ഏറ്റവും പ്രചോദിപ്പിക്കുന്നതും ബെംഗളൂരുവിനെതിരായ മത്സരം തന്നെയാണ്.

ബെംഗളൂരുവിനെതിരേ കളിച്ച താരങ്ങളുടെ കമ്മിറ്റ്‌മെന്റ് കൂടി കാണാതെയിരുന്നുകൂടാ. പലരും പൂര്‍ണമായി കളിക്കാന്‍ തക്ക ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നില്ല. എന്നിട്ടും ടീമിനായി അവരുടെ ആത്മാര്‍ത്ഥത നാം കണ്ടറിഞ്ഞു. പെരേരിയ ഡിയാസും അല്‍വാരോ വാസ്‌കസും എന്തുകൊണ്ടാണ് ഈ ടീമിനെ ഇത്രത്തോളം സ്‌നേഹിക്കുന്നതെന്നതിന്റെ ഉത്തരം കൂടിയായി കഴിഞ്ഞുപോയ മത്സരം. നമ്മുടെ മെഡിക്കല്‍ ടീമിനെക്കുറിച്ച് കൂടി പറയാതെ അവസാനിപ്പിച്ചുകൂടാ. കഴിഞ്ഞ രണ്ടാഴ്ച്ചയായി അവര്‍ ടീമിനായി നിരന്തരം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വളരെ ചുരുങ്ങിയ ദിവസംകൊണ്ട് കളിക്കാരെ മത്സരത്തിന് പ്രാപ്തരാക്കിയെടുത്ത മെഡിക്കല്‍ ടീമിനു കൂടി നന്ദി പറയാം. ഇനിയുള്ള മത്സരങ്ങളിലും നമ്മുക്ക് പഴയ ബ്ലാസ്റ്റേഴ്‌സിനെ കളത്തില്‍ കാണാമെന്ന് പ്രതീക്ഷിക്കാം. ഇനി അടുത്ത മത്സരത്തിനായി അഞ്ചുദിവസം കൂടിയുണ്ട്. ടീമിന്റെ പ്രശ്‌നങ്ങളെല്ലാം മാറ്റിയെടുത്ത് പഴയതുപോലൊരു പോരാട്ടസംഘമാക്കി മാറ്റിയെടുക്കാന്‍ കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും സംഘത്തിനും സാധിക്കും. അതിനായി കാത്തിരിക്കാം.

Related Articles

Leave a Reply

Back to top button