ISLTop Stories

മഞ്ഞ ജേഴ്‌സിയിട്ട് ഗാലറിയില്‍ എത്തണം, കാര്യമുണ്ട്

ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മഞ്ഞയിട്ട് വരരുതെന്ന് ഒരുകൂട്ടം ആരാധകര്‍ പറയുന്നു. എന്നാല്‍ മഞ്ഞയില്‍ തന്നെ വരണമെന്ന് വേറൊരു കൂട്ടരും. സത്യത്തില്‍ ഗ്യാലറിയില്‍ ഏതു വേഷത്തില്‍ ചെല്ലുമെന്ന കാര്യത്തില്‍ ആരാധകരും കണ്‍ഫ്യൂഷനിലാണ്. ഇത്തരത്തിലൊരു സംശയത്തിന്റെ ആവശ്യമുണ്ടോാ? ഇല്ലെന്ന് തന്നെ പറയാം. കാരണം ബ്ലാസ്റ്റേഴ്‌സ് എന്നു പറഞ്ഞാല്‍ ആരുടെ മനസിലും ആദ്യം ഓടിയെത്തുന്നത് ആ മഞ്ഞ ജേഴ്്‌സി തന്നെയാണ്. ഹൈദരാബാദിന്റെ ജേഴ്‌സിയും മഞ്ഞയാണെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്‌സിയുടെ അത്ര തലയെടുപ്പോ ആരാധകക്കൂട്ടമോ അവര്‍ക്കില്ല.

ഇനിയാണ് പ്രധാന ചോദ്യം. ഫൈനലില്‍ മഞ്ഞ ജേഴ്‌സിയിട്ട് ഗ്യാലറിയില്‍ നമ്മുടെ ആരാധകരെത്തുന്നത് മഞ്ഞ ജേഴ്‌സിയില്‍ കളിക്കുന്ന ഹൈദരാബാദിന് ആത്മവിശ്വാസം നല്കുമോ? തീര്‍ച്ചയായും ഇല്ലെന്ന് തന്നെ പറയാം. കാരണം നമ്മുടെ മഞ്ഞ ജേഴ്‌സിയെന്നത് വെറും ജേഴ്‌സി മാത്രമല്ല. ആ ജേഴ്‌സിയില്‍ അണിഞ്ഞവരുടെ ചാന്റ് പോലും ഒരു തിരിച്ചറിയല്‍ രേഖയാണ്. കണ്ണുകെട്ടി ഒരാളെ കുറച്ചു ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സിന്റെ ആരവങ്ങള്‍ക്കിടയിലേക്ക് കയറ്റിവിട്ടാല്‍ അയാള്‍ ശബ്ദം കൊണ്ട് ആ ഫാന്‍സിനെ തിരിച്ചറിയും. അതാണ് ഈ മഞ്ഞടീമിന്റെ ആരാധകപ്പടയുടെ പ്രേത്യകത.

ഗ്യാലറികളെ മഞ്ഞക്കടല്‍ ആക്കുന്നത് തന്നെയാകും നമ്മുടെ താരങ്ങള്‍ ആഗ്രഹിക്കുന്നത്. അവരെ ആവേശം കൊള്ളിക്കുന്നതും ആ കാഴ്ച്ചകള്‍ തന്നെയാകും. അതില്‍പ്പരം വേറൊരു ഉത്തേജകമരുന്നും നമ്മുടെ താരങ്ങള്‍ക്ക് ആവശ്യമില്ല. മഞ്ഞയെന്നത് കേരള ഫുട്‌ബോളിന്റെ ഉണര്‍ത്തുപാട്ടിന്റെ നിറമാണ്. സ്വപ്‌നങ്ങളുടെ, പ്രതീക്ഷയുടെ, ഒത്തൊരുമയുടെ നിറമാണ്. ഞായറാഴ്ച്ച ഫത്തോഡ സ്‌റ്റേഡിയം മഞ്ഞയില്‍ കുളിച്ചാടട്ടെ.

Related Articles

Leave a Reply

Back to top button