IPLTop Stories

വെടിക്കെട്ട് മനോഹര്‍ ഗുജറാത്തിന്റെ വജ്രായുധം!!

താരലേലത്തില്‍ അപ്രതീക്ഷിതമായി നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് അഭിനവ് മനോഹര്‍. വെറും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഈ കര്‍ണാടക താരത്തെ 2.60 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തിനായി രംഗത്തുണ്ടായിരുന്നു. സയിദ് മുഷ്ത്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് താരത്തിന് രക്ഷയായത്. ഈ ടൂര്‍ണമെന്റില്‍ 162 റണ്‍സാണ് അഭിനവ് അടിച്ചുകൂട്ടിയത്. അതും 150 റണ്‍സ് സ്‌ട്രൈക്ക് റേറ്റില്‍. 27 വയസാണ് പ്രായം.

ഒരൊറ്റ ടൂര്‍ണമെന്റ് കൊണ്ട് സമയം തെളിഞ്ഞ താരമാണ് ദക്ഷിണാഫ്രിക്കയുടെ കൗമാരതാരം ഡെവല്ഡ് ബ്രേവിസ്. വിന്‍ഡീസില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ടോപ് സ്‌കോററായ ഈ ദക്ഷിണാഫ്രിക്കന്‍ താരത്തെ അവസാനനിമിഷമാണ് ലേലത്തിന് ഉള്‍ക്കൊള്ളിച്ചത്. ജൂണിയര്‍ എബിഡിയെന്ന് വിളിപ്പേരുള്ള ബ്രേവിസിന്റെ അടിസ്ഥാന വിലയാകട്ടെ വെറും 20 ലക്ഷം രൂപയും. താരലേലം കഴിഞ്ഞപ്പോള്‍ മൂന്നുകോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയും ചെയ്തു.

ഇത്തവണത്തെ താരലേലത്തില്‍ ഞെട്ടിച്ച താരങ്ങളിലൊരാളാണ് അനൂജ് റാവത്ത്. 3.4 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കിയത്. ഡെല്‍ഹിയുടെ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ബേസ് പ്രൈസ് വെറും 20 ലക്ഷം രൂപയായിരുന്നു. ഹാര്‍ഡ് ഹിറ്റിംഗ് താരമായ അനുജിനായി ഇത്രയും തുക മുടക്കിയത് ഏവരെയും അത്ഭുതപ്പെടു്ത്തി. ഹൈദരാബാദ്, ടൈറ്റന്‍സ് ടീമുകളും താരത്തിനായി ലേലത്തില്‍ സജീവമായിരുന്നു.

ഉത്തരഖണ്ഡില്‍ ജനിച്ച ഈ 22കാരന്‍ നിലവില്‍ ഡെല്‍ഹിക്കായിട്ടാണ് രഞ്ജി ട്രോഫിയില്‍ കളിക്കുന്നത്. വെറും 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 134 റണ്‍സും. 27 ട്വന്റി-20 മത്സരങ്ങളില്‍ 501 റണ്‍സും നേടിയിട്ടുണ്ട്. 121 ആണ് സ്‌ട്രൈക്ക് റേറ്റ്.

ഇത്തവണത്തെ താരലേലത്തില്‍ ടീമിലെടുക്കുമെന്ന് ക്യാപ്റ്റന്‍ ധോണി കൊടുത്ത വാക്കുപാലിച്ച് ചെന്നൈ സൂപ്പര്‍കിംഗ്‌സ്. മലയാളി പേസര്‍ കെ.എം. ആസിഫിനായിരുന്നു ധോണി ഇക്കാര്യം ഉറപ്പു കൊടുത്തിരുന്നത്. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് തന്നെ ചെന്നൈ ആസിഫിനെ വാങ്ങിയി. കഴിഞ്ഞ രണ്ടു സീസണുകളിലും ആസിഫ് കളിച്ചത് ധോണിക്കൊപ്പമായിരുന്നു. അന്നുമുതലുള്ള ആത്മബന്ധം ഇത്തവണയും മലയാളിതാരത്തെ ചെന്നൈയിലെത്തിച്ചു.

മറ്റൊരു മലയാളി താരം ബേസില്‍ തമ്പി ഇത്തവണ മുംബൈ ഇന്ത്യന്‍സിനായി കളിക്കും. താരലേലത്തില്‍ ബേസിലിനെ അദേഹത്തിന്റെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു തന്നെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളിലൊന്നും മികച്ച പ്രകടനം നടത്താന്‍ ഈ പേസര്‍ക്ക് സാധിച്ചിരുന്നില്ല. ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി ഈ പെരുമ്പാവൂര്‍ സ്വദേശി.

തമിഴ്‌നാടിന്റെ ലെഫ്റ്റ് ആം സ്പിന്നര്‍ ആര്‍. സായ്കിഷോറിനായി കോടികള്‍ മുടക്കി ഗുജറാത്ത് ലയണ്‍സ്. 20 ലക്ഷം രൂപ ബേസ് പ്രൈസ് ഉണ്ടായിരുന്ന താരത്തിനായി ഡെല്‍ഹിയും രാജസ്ഥാന്‍ റോയല്‍സും ശക്തമായി രംഗത്തുണ്ടായിരുന്നു. പഞ്ചാബ് കിംഗ്‌സ് 1.6 കോടി രൂപ വരെ വിളിക്കുകയും ചെയ്തു. എന്നാല്‍ അവസാനം ഗുജറാത്തിന് തന്നെ താരത്തെ ലഭിക്കുകയായിരുന്നു. മൂന്നുകോടി രൂപയ്ക്കാണ് സ്പിന്നറെ സ്വന്തമാക്കിയത്. തമിഴ്‌നാടിനായി ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്.

Related Articles

Leave a Reply

Back to top button