Football

അന്ന് മെസിക്കൊപ്പം അല്‍വരസ് ഫാന്‍ ബോയി; ഇന്ന് മെസിക്കായി ഗോളടിച്ചു കൂട്ടല്‍!!

പത്തുവര്‍ഷം മുമ്പ് ലയണല്‍ മെസിക്കൊപ്പം ഒരു ഫോട്ടോയെടുക്കാന്‍ കൊതിച്ചു നിന്ന പയ്യന്‍ ഇന്ന് അര്‍ജന്റീനയുടെ പുത്തന്‍ ഗോളടി പ്രതീക്ഷയായി വളര്‍ന്നിരിക്കുന്നു. ക്രൊയേഷ്യയ്‌ക്കെതിരേ സെമിഫൈനലില്‍ അര്‍ജന്റീനയുടെ മനോഹരമായ രണ്ടു ഗോളുകള്‍ നേടിയ ജൂലിയന്‍ അല്‍വരസിന്റെ കാര്യമാണ് പറയുന്നത്.

മനോഹരമായ ഗോളുകളോടെ വീണ്ടും ഈ ലോകകപ്പില്‍ ലക്ഷ്യംകണ്ട അല്‍വരസിന്റെ മെസിക്കൊപ്പമുള്ള പഴയ പയ്യന്‍ ചിത്രം ഇപ്പോള്‍ വൈറലായിട്ടുണ്ട്. മെസി ഫാനില്‍ നിന്നും മെസിക്കൊപ്പം വലകുലുക്കി അര്‍ജന്റീനയുടെ ഭാവി പ്രതീക്ഷയാകുകയാണ് ഈ 22 കാരന്‍.

ചെറുപ്പത്തില്‍ മെസിയെ പോലെ ആകുകയെന്ന ഏതൊരു അര്‍ജന്റൈന്‍ കൗമാരക്കാരനെ പോലെ തന്നെയായിരുന്നു അല്‍വരസും. കാല്‍ചിന്‍ ഗ്രാമത്തിലായിരുന്നു അല്‍വരസിന്റെ ജനനം.

കുഞ്ഞു എട്ടുകാലി എന്നര്‍ഥം വരുന്ന ‘എല്‍ അരാനിറ്റ’ എന്നായിരുന്നു ചെറുപ്പത്തില്‍ അല്‍വരസിന്റെ വിളിപ്പേര്. നാല് വയസിന് മുമ്പ് തന്നെ പിച്ചില്‍ പന്തിന് പിന്നാലെ പായുന്ന അല്‍വരസിനെ കൂട്ടുകാരാണ് ആ പേര് വിളിച്ചത്.

മെസിയായിരുന്നു അല്‍വരസിന്റെ റോള്‍ മോഡല്‍. ഒരിക്കല്‍ മെസിയുടെ കൂടെ ഫോട്ടോയെടുക്കാനുള്ള ഭാഗ്യവും അല്‍വാരസിന് ലഭിച്ചിരുന്നു. അന്ന് വെറും 12 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. അന്ന് ഒപ്പംനിന്ന് ഫോട്ടോയെടുത്ത മെസി പോലും വിചാരിച്ചു കാണില്ല തന്റെ ഫുട്‌ബോള്‍ കരിയറിലെ നിര്‍ണായക സമയത്ത് തനിക്കൊപ്പം ഈ പയ്യന്‍ ഗോളുകള്‍ അടിച്ചു കൂട്ടുമെന്ന്.

2021 ല്‍ അര്‍ജന്റീന സീനിയര്‍ ടീമിനായി അരങ്ങേറിയ അല്‍വരസ് 17 മത്സരങ്ങളില്‍ നിന്നായി 7 ഗോളുകള്‍ നേടിയിട്ടുണ്ട് ഇതുവരെ. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ പുതിയ ഇതിഹാസങ്ങള്‍ രചിക്കാന്‍ അല്‍വരസിന് സാധിക്കുമെന്ന് ആരാധകരെല്ലാം ഉറച്ചു വിശ്വസിക്കുന്നു. അതിന്റെ നാന്ദി കുറിക്കലായി ഖത്തര്‍ ലോകകപ്പ് മാറുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

Related Articles

Back to top button