Football

മെസി ഇനി ഇതിഹാസം രണ്ടാമനല്ല, ഒന്നാമന്‍!!

ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനലിന്റെ ആദ്യ പകുതിയില്‍ തന്നെ റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ലയണല്‍ മെസി. അര്‍ജന്റൈന്‍ ഗോള്‍വേട്ടക്കാരന്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ പിന്തള്ളി ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡ് മെസി സ്വന്തം പേരിലാക്കിയത്. പെനാല്‍റ്റി വലയിലെത്തിച്ചാണ് ഇതിഹാസ താരത്തെ മറ്റൊരു ഇതിഹാസം മറികടന്നത്.

അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ റിക്കാര്‍ഡില്‍ ബാറ്റി പത്തു തവണ അര്‍ജന്റീനയ്ക്കായി വലകുലുക്കിയിട്ടുണ്ട്. 12 മല്‍സരങ്ങളില്‍ നിന്നാണിത്. മെസി ഇത് 11 ആയി ഉയര്‍ത്തി. 1994 മുതല്‍ 2002 ലോകകപ്പ് വരെയുള്ള മല്‍സരങ്ങളില്‍ നിന്നാണ് ബാറ്റിയുടെ നേട്ടം. െ

നതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറിലെ പെനാല്‍റ്റിയില്‍ നിന്നാണ് മെസി ഇതിഹാസ താരത്തിന് ഒപ്പമെത്തിയത്. പുതിയ റിക്കാര്‍ഡ് മെസിയുടെ പേരില്‍ ദീര്‍ഘകാലം നിലനില്‍ക്കാനാണ് സാധ്യത. കാരണം, അടുത്തൊന്നും മറ്റൊരു സജീവ താരം ഇല്ലെന്നത് തന്നെ കാരണം.

ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്ന നേട്ടം കഴിഞ്ഞ ദിവസം ക്വാര്‍ട്ടറില്‍ മെസി പെലെയെ മറികടന്ന് സ്വന്തമാക്കിയിരുന്നു. പെലെ ബ്രസീലിനായി നാല് തവണ നോക്കൗട്ട് സ്റ്റേജുകളില്‍ അസിസ്റ്റുകളുമായി തിളങ്ങിയിട്ടുണ്ട്. ഈ നേട്ടമാണ് ഒരൊറ്റ രാത്രി കൊണ്ട് മെസി പഴങ്കഥയാക്കിയത്.

ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ മെസിക്ക് സ്വന്തമായി ഇപ്പോള്‍ അഞ്ച് അസിസ്റ്റുകളുണ്ട്. നിലവില്‍ സജീവ ഫുട്ബോളിലുള്ള മറ്റേതൊരു താരത്തേക്കാളും ലോകകപ്പ് അസിസ്റ്റുകളും മെസിക്ക് സ്വന്തമായുണ്ട്. ഏഴ് അസിസ്റ്റുകളാണ് അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ പേരിലുള്ളത്. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി നടത്തുന്നത്.

Related Articles

Back to top button