Football

മുളയിലേ വെട്ടിയിട്ട് അര്‍ജന്റൈന്‍ ഗെയിംപ്ലാന്‍!! തന്ത്രമൊരുക്കിയത് തലകൊണ്ട്!!

ക്രൊയേഷ്യയെ എക്‌സ്ട്ര ടൈം വരെ കളിക്കാന്‍ വിടരുത്. അങ്ങനെ സംഭവിച്ചാല്‍ അവര്‍ എങ്ങനെയും തിരിച്ചു വരും. സമീപകാല ലോകകപ്പുകളിലും യൂറോ കപ്പുകളിലും അത് പലകുറി കണ്ടിട്ടുള്ളതാണ് ഫുട്‌ബോള്‍ ലോകം. ഇത്തവണ അത്തരത്തിലൊരു ദുരന്തവും സംഭവിക്കാതിരിക്കാന്‍ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ലയണല്‍ സ്‌കലോണി സെമിക്ക് ഇറങ്ങിയതെന്ന് വ്യക്തം.

ഒരു ഗോള്‍ നേടിയാല്‍ കുറച്ച് ഡിഫന്‍സീവ് ആയി കളിക്കുന്ന അര്‍ജന്റീനയെയാണ് ഈ ലോകകപ്പില്‍ കണ്ടിരുന്നത്. എന്നാല്‍ അത്തരത്തില്‍ പതുങ്ങുമെന്ന് ക്രൊയേഷ്യയെ തോന്നിച്ച ശേഷമാണ് മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ജന്റീന രണ്ടാംഗോള്‍ നേടിയത്. ക്രൊയേഷ്യ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത സമയത്ത് തന്നെ രണ്ടാം പ്രഹരം നല്‍കി അവരെ മാനസികമായി തളര്‍ത്താന്‍ മെസിക്കും സംഘത്തിനുമായി.

ബ്രസീലിന് സംഭവിച്ചത് മെസിക്കും സ്‌കലോണിക്കും മുന്നില്‍ കൃത്യമായ പാഠമായിരുന്നു. ഒരു ഗോള്‍ ലീഡ് നേടിയ ശേഷം ബ്രസീല്‍ ചെറുതായെങ്കിലും ക്രൊയേഷ്യന്‍ പോരാട്ടവീര്യത്തെ അവഗണിച്ചു. അതിന്റെ തിരിച്ചടി ടിറ്റെയ്ക്കും സംഘത്തിനും ക്വാര്‍ട്ടര്‍ ഫൈനലില്‍ കിട്ടുകയും ചെയ്തു.

പോരാട്ടവീര്യത്തില്‍ മോഡ്രിച്ചും സംഘവും ഈ ലോകകപ്പിലെ മുമ്പന്മാരാണെന്ന് സ്‌കലോണിക്ക് കൃത്യമായി അറിയാമായിരുന്നു. അതു തന്നെയാണ് ഒരു ഗോള്‍ ലീഡ് നേടിയ ശേഷവും ആക്രമണത്തിന് വേഗത കുറയ്ക്കാതെ ലീഡ് ഉയര്‍ത്താന്‍ അവര്‍ ശ്രമിച്ചതും വിജയിച്ചതും.

എത്രത്തോളം ലീഡ് നേടുന്നുവോ അത്രത്തോളം സേഫ് സോണിലാകാമെന്ന സിംപിള്‍ ലോജിക് തന്നെയാണ് അര്‍ജന്റീനയെ നയിച്ചത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

ലോകകപ്പിന്റെ സെമി പോലൊരു പോരാട്ടത്തില്‍ കേവലം ഒരു ഗോളിന്റെ ലീഡുമായി മുഴുവന്‍ സമയവും ചെറുത്തു നില്‍ക്കുക അത്ര എളുപ്പമല്ലെന്ന് മെസിക്കും സംഘത്തിനും കൃത്യമായി അറിയാമായിരുന്നു. കൂടുതല്‍ സമ്മര്‍ദലം ചെലുത്തി കളിക്കാനായാല്‍ ക്രൊയേഷ്യയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താമെന്ന ചിന്തയും തെറ്റിയില്ല.

ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയില്‍ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം കൃത്യമായി തലച്ചോര്‍ പ്രവര്‍ത്തിച്ച കോച്ചിംഗ് സംഘത്തിനും എല്ലാം കളത്തില്‍ കൃത്യമായി പകര്‍ന്നാടിയ അര്‍ജന്റൈന്‍ ടീമിനും ഇനി കിരീടത്തിലേക്ക് ഒരു മല്‍സരത്തിന്റെ ദൂരം മാത്രം.

Related Articles

Back to top button