Football

ഫിഫയ്ക്ക് ചാകര; ഖത്തറില്‍ ഫിഫ ഖജനവിലേക്ക് എത്തുന്നത് കോടികള്‍!

ഖത്തര്‍ ലോകകപ്പിന് പാശ്ചാത്യ രാജ്യങ്ങള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഫിഫ ഖത്തറിനൊപ്പം ഉറച്ചു നിന്നതിന് കാരണം അവര്‍ക്കിത് പണം കായ്ക്കുന്ന ലോകകപ്പാകും എന്ന് ഉറപ്പുള്ളതു കൊണ്ടാണ്.

സമീപകാല ലോകകപ്പുകളില്‍ ഫിഫയ്ക്ക് ഏറ്റവും കൂടുതല്‍ കൊയ്ത്താകുന്നത് ഇത്തവണത്തെ ലോകകപ്പാകും. പ്രതീക്ഷിച്ചതില്‍ നിന്നും 20 ശതമാനം വരുമാനം എങ്കിലും ഇത്തവണ ഫിഫയ്ക്ക് കൂടുതല്‍ ലഭിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

നാലു വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ നിന്ന് ഫിഫയ്ക്ക് ലാഭമായി മാത്രം ലഭിച്ചത് ഏകദേശം മുപ്പതിനായിരം കോടി രൂപയാണ്. ആതിഥേയ രാഷ്ട്രത്തിനുള്ള പണം, പ്രൈസ് മണി, യാത്ര താമസ സൗകര്യങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫിനും ഫിഫ സ്റ്റാഫിനുമുള്ള സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയ ചെലവുകള്‍ കഴിഞ്ഞാണ് ഇത്രയും വരുമാന ലഭിച്ചത്.

ഫിഫയ്ക്ക് ഏറ്റവുമധികം വരുമാനം ലഭിക്കുന്നത് ലോകകപ്പ് ടിവി സംപ്രേക്ഷണ അവകാശം വില്‍ക്കുന്നതിലൂടെയാണ്. മൊത്തം വരുമാനത്തിന്റെ 75 ശതമാനത്തില്‍ കൂടുതല്‍ വരും ഇത്തരത്തില്‍ ടിവി റൈറ്റ്‌സ് വിറ്റു കിട്ടുന്നത്. അടുത്ത വരുമാന മാര്‍ഗ സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭിക്കുന്ന തുകയാണ്.

ലോകമെങ്ങും മാര്‍ക്കറ്റുള്ള കമ്പനികള്‍ ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലാന്‍ പറ്റുന്ന ഏറ്റവും വലിയ അവസരമായിട്ടാണ് ലോകകപ്പ് ഫുട്‌ബോളിനെ കാണുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മുക്കിലും മൂലയിലും ഫുട്‌ബോള്‍ ലോകകപ്പ് ചര്‍ച്ചയാകുന്നത് ബ്രാന്‍ഡുകളെ സംബന്ധിച്ച് വലിയ ചാകരയാണ്. ഇന്ത്യയില്‍ നിന്ന് ഇത്തവണ ബൈജൂസ് ലോകകപ്പ് സ്‌പോണ്‍സറായതും കോടികള്‍ ചെലവഴിച്ചാണ്.

ടിക്കറ്റ് വില്‍പനയില്‍ നിന്നും ഫിഫയ്ക്ക് വലിയ വരുമാനം ലഭിക്കും. ലോകകപ്പ് മല്‍സരങ്ങളില്‍ ചെറിയ ടീമുകളുടെ കളികളുടെ ടിക്കറ്റിന് പോലും വലിയ ഡിമാന്റാണ്. ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പക്ഷേ ആതിഥേയ രാജ്യത്തിനും അവകാശപ്പെട്ടതാണ്. കഴിഞ്ഞവര്‍ഷം നടത്തിയ അറബ് കപ്പിലെ ടിക്കറ്റ് വരുമാനം മാത്രം 97 കോടി രൂപയില്‍ അധികം വരും.

ഇത്തവണ ഖത്തറില്‍ നിന്നുള്ള ടിക്കറ്റ് വരുമാനം സര്‍വകാല റിക്കാര്‍ഡില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫിഫയെ സംബന്ധിച്ച് ലോട്ടറിയാകും ഗേറ്റ് കളക്ഷന്‍ വരുമാനവും. ഇതു കൂടാതെ ലോക്കല്‍ സ്‌പോണ്‍സര്‍മാര്‍, ഫിഫ ഗെയിംസ്, വിവിധ ലോകകപ്പ് ഉല്‍പനങ്ങള്‍ എന്നിവയുടെ വില്‍പനയിലൂടെയെല്ലാം ഫിഫയിലേക്ക് കോടികള്‍ ഒഴുകിയെത്തും. ഈ പണമെല്ലാം അംഗരാജ്യങ്ങളില്‍ ഫുട്‌ബോള്‍ വളര്‍ത്താനാണ് ഫിഫ ചെലവഴിക്കുന്നത്.

Related Articles

Back to top button