Football

ലോകകപ്പ് ടീമിലെത്തിയത് പെഡ്രൊ ആഘോഷിച്ചത് പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തി!

ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിക്കുന്നത് ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു മിക്ക താരങ്ങളും എന്നാണ് സോഷ്യല്‍ മീഡിയയില്‍ കളിക്കാര്‍ ഇടുന്ന പോസ്റ്റുകളില്‍നിന്ന് മനസിലാകുന്നത്. കുടുംബത്തിനൊപ്പം ഡാന്‍സ് കളിച്ചും ആര്‍ത്തുല്ലസിച്ചു തുള്ളിച്ചാടിയുമെല്ലാം ലോകകപ്പിനുള്ള ദേശീയ ടീമില്‍ എത്തിയത് ബ്രസീല്‍ യുവ താരങ്ങള്‍ ആഘോഷിച്ചു. യുവ സ്ട്രൈക്കര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ടിറ്റെ 2022 ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചത്.

ടിറ്റെയുടെ ലോകകപ്പ് ബ്രസീല്‍ ടീമില്‍ ഉള്‍പ്പെട്ട റോഡ്രിഗൊയും റിച്ചാര്‍ലിസണും എല്ലാം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സന്തോഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പെഡ്രൊ ഗ്വില്ലെര്‍മെയുടെ ആഘോഷം. 2022 ഫിഫ ഖത്തര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത് പെഡ്രൊ ഗ്വില്ലെര്‍മൊ ആഘോഷിച്ചത് കാമുകി ഫെര്‍ണാണ്ട നൊഗ്വെറിയയോട് വിവാഹാഭ്യര്‍ഥന നടത്തിയായിരുന്നു. പെഡ്രൊയുടെ അപ്രതീക്ഷിത വിവാഹാഭ്യര്‍ഥനയില്‍ ഫെര്‍ണാണ്ട നെഗ്വേറിയൊ പോലും അദ്ഭുതപ്പെട്ടു. തുടര്‍ന്ന് ഫെര്‍ണാണ്ടയെ മോതിരം അണിയുകയും ചുംബിക്കുകയും ചെയ്താണ് പെഡ്രൊ എന്ന 25 കാരന്‍ തന്റെ ലോകകപ്പ് ടീം പ്രവേശനം ആഘോഷിച്ചത്.

ഖത്തര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട മറ്റ് ബ്രസീല്‍ യുവ താരങ്ങളേപ്പോലെ പെഡ്രൊയും തന്റെ ആഹ്ലാദവും കാമുകിയെ പ്രൊപ്പോസ് ചെയ്തതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 2018 ല്‍ യൂറോപ്പ് ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായിരുന്നു പെഡ്രൊ. എന്നാല്‍, പരിക്കേറ്റതോടെ താരത്തിന്റെ പ്രയാണം തടസപ്പെട്ടു. എന്നാല്‍, ഖത്തര്‍ ലോകകപ്പ് ടീമില്‍ എത്തിയതോടെ പെഡ്രൊ വീണ്ടും ലോക ഫുട്ബോളിന്റെ ഫോക്കസിലേക്ക് എത്തുകയാണ്.

ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ റോബര്‍ട്ടോ ഫിര്‍മിനൊയുടെ പകരക്കാരനായാണ് പെഡ്രൊ ബ്രസീല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത്. ഗബ്രിയേല്‍ ജെസ്യൂസ്, റിച്ചാര്‍ലിസണ്‍ എന്നിവര്‍ക്ക് സപ്ലിമെന്റായി കളത്തില്‍ എത്താനുള്ള കളിക്കാരനായാണ് പെഡ്രൊ വിശേഷിപ്പിക്കപ്പെടുന്നത്. 25 കാരനായ പെഡ്രൊ ബ്രസീല്‍ ക്ലബ്ബായ ഫ്ളെമിംഗൊയുടെ കളിക്കാരനാണ്.

കോപ്പ ലിബര്‍ട്ടഡോറസ് കപ്പില്‍ ഫ്ളെമിംഗൊയെ എത്തിക്കുന്നതില്‍ പെഡ്രൊ നിര്‍ണായക പങ്കുവഹിച്ചു. 29 ഗോളാണ് ക്ലബ്ബിനായി പെഡ്രൊ സ്വന്തമാക്കിയത്. ഈ സ്‌കോറിംഗ് പാടവമാണ് ടിറ്റെയെ ആകര്‍ഷിച്ചതും പെഡ്രൊയ്ക്ക് ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നല്‍കിയതും. 2018 ഓഗസ്റ്റില്‍ ബ്രസീല്‍ ടീമില്‍ എത്തിയതാണ് പെഡ്രൊ. എന്നാല്‍, പരിക്കിനെത്തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു. 2020 നവംബറിര്‍ വെനസ്വേലയ്ക്ക് എതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

2020 ടോക്കിയൊ ഒളിമ്പിക്സിനുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഫ്ളെമിംഗൊ ക്ലബ് അദ്ദേഹത്തെ റിലീസ് ചെയ്യാത്തതിനാല്‍ കളിക്കാനായില്ല. 2022 സെപ്റ്റംബറില്‍ ടുണീഷ്യക്ക് എതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിനായി പെഡ്രൊ തന്റെ കന്നി ഗോള്‍ നേടി. ആറാം ലോക കിരീടം പ്രതീക്ഷിച്ച് ഖത്തറിലേക്ക് പറക്കുന്ന ബ്രസീല്‍, സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകള്‍ക്ക് ഒപ്പം ഗ്രൂപ്പ് ജിയിലാണ. നവംബര്‍ 24 ഇന്ത്യന്‍ സമയം രാത്രി 12.30ന് സെര്‍ബിയയ്ക്ക് എതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 1994നുശേഷം ഫിഫ ലോകകപ്പ് വീണ്ടും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിറ്റെയുടെ സംഘം ഖത്തറിലേക്ക് പറന്നിറങ്ങുന്നത്.

Related Articles

Back to top button