Football

അത് പെനാല്‍റ്റി അല്ല; ഇംഗ്ലീഷ് താരങ്ങള്‍തന്നെ രംഗത്ത്, ഇംഗ്ലണ്ടിന്റെ യൂറോ ജയത്തില്‍ വിവാദം…

യുവേഫ യൂറോ കപ്പ് ഫുട്ബോള്‍ സെമിയില്‍ ഇംഗ്ലണ്ട് 2-1ന് നെതര്‍ലന്‍ഡ്സിനെ കീഴടക്കി ഫൈനലില്‍. ഏഴാം മിനിറ്റില്‍ ചാവി സിമ്മണ്‍സിന്റെ ഗോളില്‍ ലീഡ് നേടിയ നെതര്‍ലന്‍ഡ്സിനെ 18-ാം മിനിറ്റില്‍ ഹാരി കെയ്നിന്റെ വിവാദ പെനാല്‍റ്റി ഗോളിലൂടെ ഇംഗ്ലണ്ട് സമനിലയില്‍ പിടിച്ചു.

തുടര്‍ന്ന് 90-ാം മിനിറ്റില്‍ ഒല്ലി വാറ്റ്കിന്‍സിന്റെ ഗോളില്‍ ജയവും സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ജയത്തില്‍ പ്രധാനമായത് ഹാരി കെയ്ന്റെ പെനാല്‍റ്റി ആയിരുന്നു. പെനാല്‍റ്റി വിധിക്കേണ്ട കുറ്റം നടന്നില്ലെന്നും റഫറി പെനാല്‍റ്റി ഇംഗ്ലണ്ടിനു സമ്മാനിക്കുകയായിരുന്നെന്നും നെതര്‍ലന്‍ഡ് താരങ്ങള്‍ ആരോപിച്ചു. ഏറ്റവും രസകരം ആ പെനാല്‍റ്റി ലഭിച്ചത് ഇംഗ്ലണ്ടിന്റെ ഭാഗമായി കരുതണം എന്നാണ് ഇംഗ്ലീഷ് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടത് എന്നതാണ്…

നെതര്‍ലന്‍ഡ്സ് ബോക്സിനുള്ളില്‍വച്ച് ഷോട്ട് എടുക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ശ്രമിച്ചു. അതേസമയം ആ പന്തിനായി നെതര്‍ലന്‍ഡ്സിന്റെ ഡംഫ്രിസും കാല് നീട്ടി. ഹാരി കെയ്ന്റെ ഷോട്ടും ഡംഫ്രിന്റെ നീട്ടിയ കാലും ഒന്നിച്ചെത്തി. അതോടെ ഡംഫ്രിസിന്റെ ഉള്ളംകാലില്‍ ഹാരി കെയിന്റെ കാല്‍പ്പത്തിയില്‍ കൊണ്ടു. വേദനയാല്‍ പുളഞ്ഞ് ഹാരി കെയ്ന്‍ വീണു.

പെനാല്‍റ്റിക്കായുള്ള വാദം ഉയര്‍ന്നു. റഫറി വിഎആര്‍ പരിശോധിച്ചു പെനാല്‍റ്റി വിധിച്ചു. അപകടകരമായ ബ്ലോക്ക് എന്നതായിരുന്നു റഫറിയുടെ കണ്ടെത്തല്‍. ഏതാനം നിമിഷങ്ങള്‍ക്കുശേഷമാണ് റഫറി വിഎആര്‍ പരിശോധിച്ചതും പെനാല്‍റ്റി വിധിച്ചതുമെന്നതും ശ്രദ്ധേയം.

എന്നാല്‍, അത് കരുതിക്കൂട്ടിയുള്ള ബ്ലോക്ക് അല്ലായിരുന്നെന്നും പെനാല്‍റ്റി വിധിച്ച റഫറി ഫെലിക്സ് സ്വയറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും മുന്‍ നെതര്‍ലന്‍ഡ്സ് താരം പിയറി വാന്‍ ഹൂജിഡോങ്ക് ആവശ്യപ്പെട്ടു.

അത്രയും കടുത്ത പ്രതികരണമല്ലെങ്കിലും ഇംഗ്ലീഷ് മുന്‍ താരങ്ങളായ ഗാരി നെവില്ലും ജാമി കാരഗറും റഫറിയുടെ തീരുമാനം കടുത്തതായിരുന്നു എന്ന നിലപാടാണ് സ്വീകരിച്ചത്. പെനാല്‍റ്റി വിധിക്കേണ്ട കുറ്റമല്ലായിരുന്നെന്നും ഇംഗ്ലണ്ടിനു പെനാല്‍റ്റി ലഭിച്ചത് ഭാഗ്യമാണെന്നും നെവില്ലും കാരഗറും അഭിപ്രായപ്പെട്ടു.

കളിക്കളത്തിലെ വിദ്വേഷം കളത്തിനു പുറത്തും അരങ്ങേറി എന്നതും ശ്രദ്ധേയം. ഡോര്‍ട്ട്മുണ്ടില്‍ അരങ്ങേറിയ മത്സരത്തിനായി 80,000 ഓറഞ്ച് ആരാധകരായിരുന്നു എത്തിയത്. ഇവര്‍ ഇംഗ്ലീഷ് ആരാധകരെ കൈയ്യേറ്റം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ആരാധകര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇംഗ്ലീഷ് ഫുട്ബോള്‍ പ്രേമികളെ കടന്നാക്രമിക്കുകയും ഷോപ്പുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്യുന്ന ഡച്ച് ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

2024 യൂറോ കപ്പ് ട്രോഫിക്കായി ഇംഗ്ലണ്ടും സ്പെയിനും തമ്മിലാണ് പോരാട്ടം. ഇന്ത്യന്‍ സമയം ഞായര്‍ അര്‍ധരാത്രി 12.30നാണ് സ്പെയിന്‍-ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനല്‍.

സെമിയില്‍ ഫ്രാന്‍സിനെ (2-1) കീഴടക്കിയാണ് സ്പെയിന്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. സ്പെയിനിന്റെ അഞ്ചാം യൂറോ ഫൈനലാണ്. മൂന്നു തവണ സ്പെയിന്‍ യൂറോ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിന്റെ രണ്ടാം ഫൈനലാണ്. 2020 യൂറോയിലായിരുന്നു ആദ്യമായി ഇംഗ്ലണ്ട് ഫൈനല്‍ കളിച്ചത്. ഇതുവരെ യൂറോ കപ്പ് സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടില്ല.

Related Articles

Back to top button