FootballTop Stories

കെപിഎല്‍: ടീമുകളുടെ നഷ്ടം ആരു നികത്തും?

കേരള പ്രീമിയര്‍ ലീഗ് വീണ്ടും നിര്‍ത്തിവച്ചിരിക്കുകയാണ്. കെപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീസണാണ് ഇത്തവണത്തേത്. ഇരുപതിലേറെ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായി കളിക്കുമ്പോള്‍ അവസരം കിട്ടുന്നത് അഞ്ഞൂറിലേറെ താരങ്ങള്‍ക്കാണ്. 15 ലക്ഷം മുതല്‍ ഒന്നരക്കോടി രൂപ വരെ ഇത്തവണത്തെ സീസണിനായി ഓരോ ടീമുകളും മുടക്കിയിട്ടുണ്ട്. കൂടുതല്‍ കോര്‍പ്പറേറ്റ് കമ്പനികളും കെപിഎല്ലിനെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. എല്ലാ മത്സരങ്ങളും യുട്യൂബ്, ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരിലേക്കെത്തിച്ച കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രമത്തെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. എന്നിരുന്നാലും ചില വലിയ ആശങ്കകള്‍ പങ്കുവയ്ക്കാതെയിരിക്കാനാകില്ല.

ഇത്ര വലിയൊരു സീസണ്‍ പാതിവഴിയ്ക്കു മുമ്പേ നിറുത്തിവയ്‌ക്കേണ്ടി വന്നത് ടീമുകള്‍ക്കുണ്ടാക്കുന്ന സാമ്പത്തികബാധ്യത ചില്ലറയല്ല. പല ക്ലബുകളും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് രൂപപ്പെട്ടതാണ്. വന്‍കിട ക്ലബുകളുടേതുപോലെ സാമ്പത്തികഭദ്രതയോ കോര്‍പ്പറേറ്റുകളുടെ പിന്തുണയോ പലര്‍ക്കുമില്ല. എന്നിട്ടും അവരെയെല്ലാം പുല്‍മൈതാനത്തേക്ക് നയിക്കുന്നത് കാറ്റുനിറച്ച പന്തിനോടുള്ള പ്രണയം കൊണ്ടുമാത്രമാണ്. എപ്പോള്‍ പുനരാരംഭിക്കുമെന്ന നിശ്ചയമില്ലാതെ ലീഗിന് പാതിവഴിയില്‍ വിസില്‍ മുഴങ്ങുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ആ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ കൂടിയാണ്.

ഒരു ശരാശരി കെപിഎല്‍ ടീമിന് ഒരുദിവസത്തെ ചെലവ് പതിനായിരം രൂപയ്ക്കു മുകളിലാണ്. മത്സരദിനങ്ങളില്‍ ഇതിന്റെ മൂന്നിരട്ടി വരും. ഇപ്പോള്‍ ലീഗ് നീട്ടിവച്ചതോടെ കടംവാങ്ങിയും അഭ്യുദേകാംക്ഷികളുടെ സഹായത്താലും മുന്നോട്ടു പോകുന്ന ക്ലബുകളെ അതു ഗുരുതരമായി ബാധിക്കും. ഫെബ്രുവരി പകുതിയാകാതെ എന്നു പുനരാരംഭിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് ടീമുകള്‍. എന്നാല്‍ ഈ സമയത്തൊന്നും ടീമിന്റെ പരിശീലനം മുടക്കാനും പറ്റില്ല.

ഇത്തരമൊരു അവസ്ഥയില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തികസഹായം ക്ലബുകള്‍ക്ക് നല്‌കേണ്ടതാണ്. പല ക്ലബുകളും സെപ്റ്റംബര്‍ പകുതിയോടെ ലീഗിനായി ഒരുക്കങ്ങള്‍ തുടങ്ങിയവരാണ്. ആദ്യം സന്തോഷ് ട്രോഫിയുടെ പേരുപറഞ്ഞ് ലീഗ് നീട്ടിവച്ചു. പിന്നീടിപ്പോള്‍ കോവിഡും വില്ലനായെത്തി. ഒരു ഫുട്‌ബോള്‍ ക്ലബ് നടത്തിക്കൊണ്ട് പോകുകയെന്നത് കേരളത്തില്‍ വലിയ വെല്ലുവിളി തന്നെയാണ്. ആവശ്യത്തിന് സ്‌പോണ്‍സര്‍മാര്‍ കിട്ടാത്തത് തന്നെ കാരണം. ഇത്തരമൊരവസ്ഥയില്‍ കെഎഫ്എ എന്തെങ്കിലുമൊക്കെ സാമ്പത്തികസഹായം ടീമുകള്‍ക്ക് നല്‌കേണ്ടതാണ്. പുതിയ കമ്പനിയുമായുള്ള സഹകരണത്തോടെ കെഎഫ്എ കൂടുതല്‍ സാമ്പത്തിക സുസ്ഥിരത നേടിയെന്നാണ് അവകാശവാദം. ഇതില്‍നിന്ന് കിട്ടുന്ന ഒരു തുക ടീമുകളെ സഹായിക്കാന്‍ മുടക്കുന്നത് നല്ല തീരുമാനമായിരിക്കും. കേരളത്തിലെ ഫുട്‌ബോള്‍ നിലച്ചുവെന്ന് കരുതിയിടത്തുനിന്നാണ് ഇപ്പോഴത്തെ ഉയിര്‍ത്തെണീല്‍പ്പും വളര്‍ച്ചയുമെല്ലാം. ഇനിയെങ്കിലും കെടാതെ കാത്തു പരിപാലിക്കാന്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്.

കളിക്കാരുടെ കാര്യം കൂടി. കെപിഎല്ലില്‍ കളിക്കാനിറങ്ങുന്ന ഓരോ താരവും നല്ലൊരു ദിനം വരുമെന്ന പ്രതീക്ഷയില്‍ ബൂട്ടുകെട്ടുന്നവരാണ്. കെപിഎല്ലില്‍ കളികാണാന്‍ വിവിധ ഐലീഗ്, ഐഎസ്എല്‍ ക്ലബുകളുടെ പ്രതിനിധികള്‍ എത്തിയിരുന്നു. മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് നല്ല പ്രതിഫലം നല്കി ടീമിലെത്തിക്കാനും ഐലീഗ്, ഐഎസ്എല്‍ ക്ലബുകള്‍ ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ലീഗ് പാതിവഴിയില്‍ നിലച്ചപ്പോള്‍ പൊലിയുന്നത് ഈ താരങ്ങളുടെ കൂടെ സ്വപ്‌നമാണ്. ഭാവിയിലെ വിജയനും പാപ്പച്ചനും മുതല്‍ സഹലുമാര്‍ വരെ ഇക്കൂട്ടത്തില്‍ പന്തുതട്ടുന്നുണ്ട്. ഈ താരങ്ങളെക്കൂടി പരിഗണിച്ച് നല്ലൊരു തീരുമാനം കെഎഫ്എ എടുക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button