FootballTop Stories

കെപിഎല്ലിനെ ഞെട്ടിക്കുന്ന കോവളം എഫ്‌സി!

ഇത്തവണത്തെ കേരള പ്രീമിയര്‍ ലീഗിലെ ഏറ്റവും ശ്രദ്ധേയ ടീമേതാണെന്ന ചോദ്യത്തിന് ഉത്തരമേതാണ്. ഒരു സംശയവും കൂടാതെ പറയാം അതു കോവളം എഫ്‌സിയെന്ന ക്ലബാണെന്ന്. ഇരുപത്തിരണ്ടോളം ക്ലബുകള്‍ മാറ്റുരയ്ക്കുന്ന ലീഗില്‍ മലയാളി താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഇറങ്ങുന്ന അപൂര്‍വം ടീമുകളിലൊന്നാണ് കോവളം എഫ്‌സി. 25 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി രൂപ വരെയാണ് ഇത്തവണ ഓരോ ടീമിന്റെയും ബജറ്റ്. ബ്രസീല്‍, അര്‍ജന്റീന, ഘാന തുടങ്ങി എല്ലാ വന്‍കരകളില്‍ നിന്നുമുള്ള വിദേശതാരങ്ങളും ലീഗിലുണ്ട്. ഇങ്ങനെ പണംമുടങ്ങി ഫലമുണ്ടാക്കാന്‍ നോക്കുന്നവര്‍ക്കിടയിലാണ് കോവളവും എബിന്‍ റോസെന്ന പരിശീലനകനും വേറിട്ടു നില്ക്കുന്നത്.

കോവളം എഫ്‌സിയുടെ ശരാശരി പ്രായം 20-23 വയസാണ്. കെപിഎല്ലില്‍ തന്നെ ഏറ്റവും ചെറുപ്പംനിറഞ്ഞ ടീമായിരിക്കും കോവളത്തിന്റേത്. ആദ്യ രണ്ടുകളിയിലും എതിരാളികളെക്കൊണ്ട് പോലും കൈയ്യടിപ്പിച്ചാണ് കോവളം കീഴടങ്ങിയത്. മഹരാജാസ് ഗ്രൗണ്ടില്‍ അവര്‍ എതിരിട്ടത് ചില്ലറക്കാരെയായിരുന്നില്ല. ആദ്യമത്സരം കളിച്ച മുത്തൂറ്റ് എഫ്‌സിയുടെ വാര്‍ഷിക ബജറ്റ് കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കോവളം ചെലവഴിച്ച മൊത്തം തുകയേക്കാള്‍ കൂടുതലാണ്. ഇവിടെയാണ് കോവളം എഫ്‌സിയെന്ന ക്ലബും അതിന്റെ സാരഥികളും അഭിനന്ദനം അര്‍ഹിക്കുന്നത്.

മലയാളി കുട്ടികളെ ചെറുപ്പത്തിലെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ പരിശീലനം നല്കി വളര്‍ത്തിയെടുത്ത് റിസല്‍ട്ടുണ്ടാക്കുകയാണ് കോവളത്തിന്റെ രീതി. കഴിഞ്ഞ സീസണുമായി തട്ടിച്ചുനോക്കുമ്പോള്‍ ടീമിന്റെ പ്രകടനം അത്ഭുതകരമായി മെച്ചപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാം. നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും ടീമിന് ഗോള്‍ നേടാനാകാതെ പോകുന്നത്. ഇത്തവണത്തെ കെപിഎല്ലിലെ കറുത്തകുതിരകള്‍ തീര്‍ച്ചയായും കോവളത്തെ കുട്ടികളാകുമെന്ന് ഉറപ്പാണ്.

തിരുവനന്തപുരത്തിന്റെ തീരഗ്രാമമായ കോവളത്തുനിന്നും 2009ല്‍ ആരംഭിച്ച ഒരു ചെറിയ ചുവടുവയ്പാണ് ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തിനില്ക്കുന്നത്. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഐലീഗെന്ന സ്വപ്നം കൈപ്പിടിയിലൊതുക്കാമെന്ന വിശ്വാസത്തിലാണ് എബിനും കൂട്ടരും. നിലവില്‍ കെപിഎല്ലില്‍ കളിക്കുന്ന ടീമിലെ 80 ശതമാനം കളിക്കാരും കോവളത്തിന്റെ തന്നെ യൂത്ത് സിസ്റ്റത്തിലൂടെ വന്നവരാണ്. പ്രതിഭകളെ മറ്റു ടീമുകളില്‍നിന്ന് റാഞ്ചുന്ന നവ പ്രെഫഷണല്‍ ശൈലിയില്‍നിന്ന് വഴിമാറിയാണ് കോവളം സഞ്ചരിക്കുന്നത്. കുരുന്നുകളെ കണ്ടെത്തി പ്രതിഭകളാക്കി മാറ്റുകയെന്ന യൂറോപ്യന്‍ ശൈലിയാണ് കോവളവും എബിന്‍ റോസും പിന്തുടരുന്നത്.

കിരീടം എന്ന സ്വപ്നത്തേക്കാള്‍ തങ്ങളുടെ കളിക്കാര്‍ക്ക് വലിയൊരു പ്ലാറ്റ്ഫോമില്‍ പന്തുതട്ടാനുള്ള അവസരമായിട്ടാണ് മാനേജ്മെന്റ് ഈ അവസരത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സെമിഫൈനല്‍ വരെ എത്തിയാലും ടീം ഹാപ്പി. വെറുമൊരു ക്ലബ്ബെന്നതിലുപരി സ്വന്തം ഹോസ്റ്റലും കളിക്കാര്‍ക്കുള്ള മറ്റു സൗകര്യങ്ങളും കോവളം ഒരുക്കുന്നു. നിരവധി പ്രഗത്ഭരായ വിദേശ പരിശീലകര്‍ കോവളത്തിലെ കുട്ടികള്‍ക്ക് കളി പറഞ്ഞു കൊടുക്കാന്‍ എത്തുന്നുണ്ട്. സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും ക്ലബ്ബിന്റെയും കുട്ടികളുടെയും കാര്യങ്ങള്‍ ഇതുവരെയും കാര്യമായ ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ടെന്ന് എബിന്‍ ആത്മവിശ്വാസത്തോടെ വ്യക്തമാക്കുന്നു.

ആഴ്സണലിന്റെ കേരളത്തിലെ പങ്കാളി

കോവളം എഫ്സി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു എന്നതിന് ഉദാഹരണമാണ് ലോകോത്തര ക്ലബ്ബുകളുമായുള്ള സഹകരണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണല്‍, അമേരിക്കന്‍ ക്ലബ്ബായ എഫ്സി ഡല്ലാസ് എന്നിവരുമായി കോവളത്തിന് സഹകരണമുണ്ട്. ഈ രണ്ടു ക്ലബ്ബുകളുടെയും അക്കാഡമിയുടെ ചുമതലയുള്ള കോച്ചുമാര്‍ കോവളത്തെത്തി ഇവിടുത്തെ താരങ്ങള്‍ക്ക് പരിശീലനം നല്കാറുണ്ട്.

ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ആഴ്സണലിന്റെ സാങ്കേതിക സഹായം ലഭിക്കുന്ന ഏക ക്ലബ് കൂടിയാണ് കോവളം എഫ്സി. ആഴ്സണല്‍ യൂത്ത് കോച്ച് ക്രിസ് ആബേല്‍ അടുത്തിടെ അക്കാഡമിയിലെത്തി കുട്ടികള്‍ക്ക് പരിശീലനം നല്കിയിരുന്നു. കോവളത്തിന്റെ താരങ്ങള്‍ക്ക് ഈ ക്ലബ്ബുകളുടെ അക്കാഡമികളിലെത്തി പരിശീലനം നടത്താനുള്ള സൗകര്യവും ലഭിക്കുന്നു. മറ്റ് ക്ലബുകള്‍ക്കും കോവളത്തിന്റെ ഹോംഗ്രൗണ്ടും ഹോസ്റ്റലും ഉപയോഗിക്കാനുള്ള അവസരവും ക്ലബ് നല്കുന്നുണ്ട്. ചെറിയൊരു ഫീസ് മാത്രമാണ് ഇതിനായി ഈടാക്കുന്നത്.

Related Articles

Leave a Reply

Back to top button