Football

തെറ്റിയത് ‘വാറില്‍’ അല്ല, ക്യാമറ ആംഗിളില്‍; ജപ്പാന്റെ വിവാദ ഗോളല്ല ഒറിജിനല്‍ തന്നെ!

സ്‌പെയിനിനെതിരേ ജപ്പാന്‍ നേടിയ വിജയഗോളില്‍ വിവാദം കനക്കുകയാണ്. വാറിന്റെ അകമ്പടിയോടെ ഗോളെന്ന് വിധിച്ചത് തെറ്റായ തീരുമാനമാണെന്ന് ആദ്യം വിലയിരുത്തപ്പെട്ടെങ്കിലും വാറിലെ നിയമം നോക്കിയുള്ള ഇഴകീറിയുള്ള വിശകലനത്തില്‍ ആ പന്ത് പൂര്‍ണമായും ലൈന്‍ കടന്നില്ലെന്ന വിലയിരുത്തലിനാണ് കൂടുതല്‍ സാധുത ലഭിക്കുന്നത്.

വാര്‍ നോക്കുമ്പോള്‍ മുകളില്‍ നിന്നുള്ള ക്യാമറ ആംഗിളുകളാണ് പരിഗണിക്കുന്നത്. സൈഡില്‍ നിന്നുള്ളതല്ല. ജപ്പാന്‍ ഗോള്‍ നേടിയ ആ പന്തിന്റെ മുകളില്‍ നിന്നുള്ള ക്യാമറ ആംഗിളില്‍ പന്തിന്റെ കാഴ്ച്ചയില്‍ അതു പുറത്തു പോയില്ലെന്ന് കാണാവുന്നതാണ്. എന്നാല്‍ ഇതേ ദൃശ്യം സൈഡ് കാഴ്ച്ചയില്‍ നിന്നാകുമ്പോള്‍ പന്ത് പുറത്തു പോയെന്ന് തന്നെ തോന്നിപ്പിക്കുന്നു.

പന്തിന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച മാത്രമാണ് വാറില്‍ പരിഗണിക്കുക. തല്‍സമയം റിപ്ലേ കാണിക്കുമ്പോള്‍ വാറില്‍ കാണിക്കുന്ന ഈ മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രേക്ഷകരെ കാണിക്കണമെന്നില്ല. വിവാദത്തിന് കാരണമായതും ഇതു തന്നെയാകും. വാറിന് തെറ്റുപറ്റിയില്ലെന്ന് വാദിക്കാമെങ്കിലും ഈ തീരുമാനം പൂര്‍ണമായും ശരിയാണെന്ന വിലയിരുത്തല്‍ പല വിദഗ്ധരും നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ജപ്പാനെ സംബന്ധിച്ചിടത്തോളം വിവാദത്തിലായ ഗോള്‍ അവരുടെ ലോകകപ്പ് പ്രതീക്ഷകളെ തന്നെയാണ് നിലനിര്‍ത്തിയത്. ഈ ഗോള്‍ വന്നിരുന്നില്ലെങ്കില്‍ മല്‍സരം സമനിലയില്‍ ആകുകയും ജപ്പാന്‍ പുറത്തേക്ക് പോകുകയും ചെയ്‌തേനെ. സ്‌പെയ്‌നിന് ഒപ്പം ജര്‍മനി അടുത്ത റൗണ്ടിലേക്ക് യോഗ്യതയും നേടിയേനെ. എന്തായാലും ജപ്പാന് മറക്കാനാകാത്തൊരു ലോകകപ്പാണ് കടന്നു പോകുന്നത്.

ഫിഫയെ സംബന്ധിച്ച് വാറില്‍ കൂടുതല്‍ തിരുത്തലുകള്‍ വരുത്തേണ്ട വിവാദങ്ങള്‍ വാറില്‍ സംഭവിച്ചു കഴിഞ്ഞു. പോളണ്ട്-അര്‍ജന്റീന മല്‍സരത്തിലെ പെനാല്‍റ്റി തന്നെ ഏറ്റവും വലിയ ഉദാഹരണം. ആ തീരുമാനം വലിയ തോതില്‍ വാറിനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ലോകകപ്പ് കഴിയുന്നതോടെ ഇക്കാര്യത്തില്‍ ഫിഫ കൂടുതല്‍ പഠനം നടത്തിയേക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

Related Articles

Back to top button