Football

ലിവര്‍പൂളിനെ പൈസ കൊടുത്ത് വാങ്ങാന്‍ നീക്കവുമായി അംബാനി!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തു വിട്ടത്. 2010 ഒക്ടോബറിലാണ് ടോം ഹിക്‌സ്-ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ സ്വന്തമാക്കിയത്. 300 മില്യണ്‍ പൗണ്ടിനാണ് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ അന്ന് സ്വന്തമാക്കിയത്.

12 വര്‍ഷമായി ക്ലബ്ബിന്റെ ഉടമകളായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് (എഫ്എസ് ജി) ക്ലബ്ബിനെ വില്‍പനയ്ക്ക് വെച്ചതിന് പിന്നാലെയാണ് താല്‍പര്യം അറിയിച്ച് ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ ധനികനായ അംബാനി താല്‍പര്യം പ്രകടിപ്പിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്.

ക്ലബ്ബിന്റെ ഉടമസ്ഥതയില്‍ തുടരുമെന്നും പുതിയ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും എഫ്എസ്ജി സഹസ്ഥാപകന്‍ ജോണ്‍ ഡബ്ല്യു ഹെന്റി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്ലബ്ബിന്റെ വില്‍പന നടപടികള്‍ സുഗമമാക്കുന്നതിനായി പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ ഗോള്‍ഡ്മാന്‍ സാക്‌സിനെയും മോര്‍ഗാന്‍ സ്റ്റാന്‍ലിയെയും ക്ലബ് ഉടമകള്‍ ചുമതലപപ്പെടുത്തിയിതായി അമേരിക്കന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് അംബാനിയും ക്ലബ്ബില്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അംബാനിയുടെ മോഹങ്ങള്‍ അത്ര പെട്ടെന്ന് സാക്ഷാല്‍ക്കരിക്കാന്‍ ഇടയില്ല. കാരണം, ഗള്‍ഫില്‍ നിന്നും അമേരിക്കയില്‍ നിന്നും ക്ലബിനെ വാങ്ങാന്‍ നിരവധി കോടീശ്വര്‍ നോട്ടമിട്ടിട്ടുണ്ട്. ഇവരെയെല്ലാം പിന്നിലാക്കി വേണം അംബാനിക്ക് ലിവര്‍പൂളിനെ സ്വന്തമാക്കാന്‍.

ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടെ പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 12 കരീടങ്ങള്‍ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട്. 2019-20ലാണ് ലിവര്‍പൂള്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ പരിശീലനത്തിന് കീഴില്‍ ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കിയത്.

അംബാനി ലിവര്‍പൂളിനെ സ്വന്തമാക്കിയാല്‍ അത് ഇന്ത്യന്‍ ഫുട്‌ബോളിനും വലിയ നേട്ടമാകും സമ്മാനിക്കുക. ഭാവിയില്‍ ഫുട്‌ബോളില്‍ നിക്ഷേപം ഇറക്കാന്‍ കൂടുതല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികളെ ഇത് പ്രേരിപ്പിക്കും.

Related Articles

Back to top button