Football

മെസിയോട് പിറുപിറുത്തത് എന്താണെന്ന് വെളിപ്പെടുത്തി ലെവന്‍ഡോസ്‌കി!

അര്‍ജന്റീനയ്‌ക്കെതിരായ അവസാന ലോകകപ്പ് ഗ്രൂപ്പ് മല്‍സരത്തിനു ശേഷം താന്‍ എന്താണെന്ന് ലയണല്‍ മെസിയോട് സ്വകാര്യമായി പറഞ്ഞതെന്ന കാര്യം വെളിപ്പെടുത്തി പോളണ്ട് നായകന്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി. മല്‍സരത്തില്‍ അര്‍ജന്റീന 2-0ത്തിന് പോളണ്ടിനെ തോല്‍പ്പിച്ചിരുന്നു. ഈ മല്‍സരത്തിന് ശേഷം ഇരുവരും സ്വകാര്യമായി ശബ്ദം താഴ്ത്തി ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു.

മല്‍സര ശേഷമുള്ള പത്രസമ്മേളനത്തില്‍ ഇതു സംബന്ധിച്ച് മെസിയോട് പത്രലേഖകര്‍ ചോദ്യം ചോദിച്ചിരുന്നെങ്കിലും മൗനം പാലിക്കുകയാണ് താരം ചെയ്തത്. തങ്ങള്‍ തമ്മില്‍ എന്താണ് സംസാരിച്ചതെന്ന കാര്യത്തില്‍ ഒരു സൂചന പോലും അദേഹം നല്‍കിയതുമില്ല.

ഇപ്പോള്‍ ലെവന്‍ഡോസ്‌കി പറയുന്നത് ഇങ്ങനെയാണ്- ഞങ്ങള്‍ തമ്മില്‍ സീരിയസ് സംസാരമല്ല നടന്നത്. അതൊരു രസകരമായ സംഭാഷണമായിരുന്നു. ഞാന്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വളരെ പ്രതിരോധാത്മകമായിട്ടാണ് കളിച്ചതെന്ന് മെസിയോട് പറഞ്ഞു. ചില സമയങ്ങളില്‍ അങ്ങനെ കളിക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു.

ഇരുവരും തമ്മില്‍ അത്ര സുഖകരമായ സംസാരമല്ല നടന്നതെന്ന് ചില വാദഗതികള്‍ ഉയര്‍ന്നിരുന്നു. അതല്ല മെസി വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചു പോകണമെന്ന് ലെവന്‍ഡോസ്‌കി ആവശ്യപ്പെട്ടെന്നും മെസിയെ ഈ സംസാരം പ്രകോപിപ്പിച്ചെന്നുമൊക്കെ വിശകലനങ്ങള്‍ പുറത്തു വന്നിരുന്നു.

പോളണ്ടിനെതിരായ ജയമാണ് മെസിയെയും അര്‍ജന്റീനയെയും അടുത്ത റൗണ്ടിലേക്ക് എത്തിച്ചത്. ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയോട് 2-1 ന് തോറ്റ ശേഷമാണ് അര്‍ജന്റീനയുടെ തിരിച്ചുവരവ്.

Related Articles

Back to top button