FootballISL

ജിങ്കനെ പഞ്ഞിക്കിട്ട് സംഘാടകരും; ഒടുവില്‍ മാനംമാറി തടിതപ്പി!!

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും നേര്‍ക്കുനേര്‍ വന്നാല്‍ വിവാദങ്ങളും ആരാധകര്‍ തമ്മിലുള്ള പോര്‍വിളികളും ഉറപ്പാണ്. തകര്‍ത്തു പെയ്ത മഴയില്‍ കുതിര്‍ന്ന കൊച്ചിയിലെ സതേണ്‍ ഡെര്‍ബിയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ഇത്തവണ എരിവു പകരാന്‍ സംഘാടകര്‍ കൂടി ഗോദയിലെത്തിയതാണ് പുതിയ വിശേഷം.

മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 3-2ന് ജയിച്ചതിന് തൊട്ടുപിന്നാലെ ഐഎസ്എല്ലിന്റെ ഒഫീഷ്യല്‍ പേജില്‍ വന്ന ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഒരു ബോക്‌സിംഗ് റിംഗിന്റെ പശ്ചാത്തലത്തിലുള്ള കാരിക്കേച്ചര്‍ ചിത്രത്തില്‍ ബെംഗളൂരുവിന്റെ സന്ദേശ് ജിങ്കനെ ഇടിച്ചു കൂട്ടുന്ന ദിമിത്രിയോസിന്റെ ചിത്രമാണ് വിവാദത്തിന് വഴിയൊരുക്കിയത്.

ട്വിറ്റര്‍ പേജില്‍ പെട്ടെന്ന് തന്നെ കത്തിക്കയറിയ ചിത്രത്തിനെതിരേ ബെംഗളൂരു പിന്തുണക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചില ബ്ലാസ്റ്റേഴ്‌സ് ആരാധകരും സംഘാടകരും ജിങ്കന്‍ വധത്തെ നിശിതമായി വിമര്‍ശിച്ചതോടെ കളിമാറി. പ്രതിഷേധം കൂടി വന്നതോടെ സംഘാടകര്‍ പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ അവര്‍ ചിത്രം ഡിലീറ്റ് ചെയ്ത് തടിതപ്പി.

അതേസമയം, ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ബെംഗളൂരുവിനെ ട്രോളി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതും വൈറലായി. ഒരു സിനിമയില്‍ നിന്നുള്ള സെക്കന്‍ഡുകള്‍ നീളുന്ന രംഗമാണ് ഇട്ടത്. ബിരിയാണി തിന്നുന്ന ഈ വീഡിയോ പഴയ സംഭവത്തെ പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു.

ബെംഗളൂരുവിന്റെ കളിക്ക് ഗ്യാലറി നിറയ്ക്കാന്‍ ബിരിയാണി ഓഫര്‍ ചെയ്‌തൊരു സംഭവത്തിന് ജയത്തിനിടയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വക ട്രോള്‍. എന്തായാലും സതേണ്‍ ഡെര്‍ബി അടിപൊളിയായെന്ന പക്ഷക്കാരാണ് ആരാധകര്‍. 19ന് ചെന്നൈയ്ന്‍ എഫ്‌സിക്കെതിരേ ചെന്നൈയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

Related Articles

Back to top button