Football

ക്രൂസ് മിസൈല്‍ നിര്‍ജീവമാകുന്നു; ഓ… ടോണി എന്തിന് ഇത്ര നേരത്തേ…

ടോണി; മലയാളികള്‍ക്കിടയില്‍ സുപരിചിതമായ പേരുകളില്‍ ഒന്ന്… അതുകൊണ്ടാണോ ജര്‍മന്‍ ഫുട്ബോളര്‍ ടോണി ക്രൂസിനെ നമ്മള്‍ ഇഷ്ടപ്പെട്ടത്…? ടോണിയും ക്രൂസ് മിസൈലുമെല്ലാം മലയാളികള്‍ക്ക് സുപരിചിതം. ടോണി ക്രൂസിന്റെ മിസൈല്‍ പോലുള്ള ലോംഗ് പാസുകള്‍ കണ്ടു കഴിഞ്ഞാല്‍ എന്റെ മോനേ… എന്ന് ആശ്ചര്യത്തോടെ പറയാത്ത ഫുട്ബോള്‍ പ്രേമികള്‍ ഉണ്ടാകില്ല.

സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന ടോണി ക്രൂസ് 2023-24 സീസണില്‍ നടത്തിയ ഒരു ക്രോസിന്റെ ക്ലിപ്പ് ഇപ്പോഴും കാല്‍പ്പന്ത് ആരാധകരെ ആവേശത്തിലാക്കുന്നു. ടോണി ക്രൂസ് ഇടത് വിംഗിള്‍ മധ്യവരയ്ക്ക് അല്‍പം മുന്നില്‍നിന്ന് എതിര്‍ ഗോള്‍ മുഖം ലക്ഷ്യമായി പന്ത് മുന്നോട്ട് നിലംപറ്റെ അടിക്കുന്നു. വിനീഷ്യസ് ജൂണിയര്‍ അതിനു മുന്‍പ് തന്നെ ഗോള്‍ മുഖം ലക്ഷ്യമാക്കി ഓടിത്തുടങ്ങിയിരുന്നു.

ഓടിയെത്തിയ വിനീഷ്യസിന്റെ കൃത്യം മുന്നില്‍ പന്ത്; ഷോട്ട് എടുത്തു ഗോളായി… ടോണി ക്രൂസിന്റെ ആ പാസും വിനീഷ്യസിന്റെ ഓട്ടവും കണ്ട് മൈതാനത്ത് അപ്പോഴുണ്ടായിരുന്ന ജൂഡ് ബെല്ലിങ്ഗം കൈ അടിച്ചു… അതെ, അത്രയ്ക്ക് ഭാവനാ സമ്പന്നനും കിറുകൃത്യമായ ലോംഗ് പാസിന്റെ ഉടമയുമാണ് ടോണി ക്രൂസ്… ക്ലബ് ഫുട്ബോള്‍ ലോകത്തുനിന്ന് ടോണി ക്രൂസ് വിരമിച്ചു.

റയല്‍ മാഡ്രിഡിനായി റയല്‍ ബെറ്റിസിന് എതിരേ മേയ് 26നായിരുന്നു ടോണിയുടെ അവസാന മത്സരം. നിറഞ്ഞ ഗാലറി ടോണിക്ക് വികാരനിര്‍ഭഗമായ യാത്രയയപ്പാണ് നല്‍കിയത്. ഒന്ന് മൂളിയാല്‍ റയല്‍ മാഡ്രിഡ് ടോണി ക്രൂസിന്റെ കരാര്‍ ദീര്‍ഘിപ്പിക്കും എന്നിടത്തുനിന്നാണ് വിരമിക്കുന്നത് എന്നതും ശ്രദ്ധേയം.

യൂറോ കപ്പ് മാത്രം

ജര്‍മനി ആതിഥേയത്വം വഹിക്കുന്ന 2024 യുവേഫ യൂറോ കപ്പ് ഫുട്ബോളാണ് ടോണി ക്രൂസിന്റെ അവസാന ടൂര്‍ണമെന്റ്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ജര്‍മനിക്കുവേണ്ടി പന്ത് തട്ടിയശേഷം ബൂട്ട് അഴിക്കാനാണ് ടോണി ക്രൂസ് കാത്തിരിക്കുന്നത്. 2024 യൂറോ കപ്പില്‍ ജര്‍മനിക്ക് കപ്പ് സമ്മാനിക്കാന്‍ സാധിച്ചാല്‍ ടോണി ക്രൂസിന്റെ ഫുട്ബോള്‍ കരിയറിന് ശുഭപര്യവസാനമാകും.

യൂറോ കപ്പില്‍ ജര്‍മനിയുടെ പ്രയാണം ദൈര്‍ഘ്യം കുറഞ്ഞാലും കൂടിയാലും ടോണി ക്രൂസിന്റെ വിരമിക്കലിന്റെ നിറംമങ്ങില്ല. കാരണം, എന്താണ് ടോണി ക്രൂസ് എന്ന് ഫുട്ബോള്‍ ലോകത്തിന് അറിയാം. യൂറോ കപ്പില്‍ സ്‌കോട്ലന്‍ഡ്, ഹംഗറി, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ജര്‍മനി. നോക്കൗട്ടില്‍ ജര്‍മനി കടക്കും എന്ന് പ്രതീക്ഷിക്കാം. സ്‌കോട്ലന്‍ഡിന് എതിരേ ജൂണ്‍ 15ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് യൂറോ കപ്പില്‍ ജര്‍മനിയുടെ ആദ്യ മത്സരം.

എന്തിന് ഇത്ര നേരത്തേ…

അടിച്ച ഗോളിന്റെ എണ്ണവും നടത്തിയ അസിസ്റ്റിന്റെ കണക്കും അല്ല ടോണി ക്രൂസ് എന്ന കളിക്കാരന്റെ ക്വാളിറ്റി. കളത്തില്‍ നടത്തുന്ന ഭാവനാ സമ്പന്ന നീക്കവും കണക്കുകൂട്ടലുകളുമാണ് ടോണി ക്രൂസ്. 10 വര്‍ഷം റയല്‍ മാഡ്രിഡിനുവേണ്ടി കളിച്ചു എന്നതും ടോണി ക്രൂസിന്റെ ക്വാളിറ്റിയാണ്.

36കാരനായ കരിം ബെന്‍സെമ, 38 കാരനായ ലൂക്ക മോഡ്രിച്ച്, 38കാരനായ സെര്‍ജിയൊ റാമോസ്, 36 കാരനായ ലയണല്‍ മെസി, 39കാരനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിങ്ങനെ സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും കളിക്കളത്തില്‍ തുടരുമ്പോഴാണ് 34കാരനായ ടോണി ക്രൂസ് വിരമിക്കുന്നത്. അതുകൊണ്ടുതന്നെ ഓ ടോണീ, എന്തിനിത്ര നേരത്തേ വിരമിക്കുന്നു എന്നതാണ് ആരാധകരുടെ ചോദ്യം…

ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിലൂടെ പ്രഫഷണല്‍ ഫുട്ബോളിലെത്തിയ ടോണി ക്രൂസ് ക്ലബ് കരിയറില്‍ 752 മത്സരങ്ങളില്‍നിന്ന് 73 ഗോളും 165 അസിസ്റ്റും നടത്തി. റയലിനായി മാത്രം 464 മത്സരങ്ങളില്‍നിന്ന് 28 ഗോളും 98 അസിസ്റ്റുമുണ്ട്. 2010 മുതല്‍ രാജ്യാന്തര ഫുട്ബോളില്‍ ജര്‍മനിയുടെ സാന്നിധ്യമാണ്.

ജര്‍മനിക്കുവേണ്ടി 108 മത്സരങ്ങളില്‍ 17 ഗോളും 21 അസിസ്റ്റുമുണ്ട്. 2014 ഫിഫ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു. യൂറോ കപ്പ് ഇതുവരെ സ്വന്തമാക്കാന്‍ ടോണി ക്രൂസിനു സാധിച്ചിട്ടില്ല. ആ പോരായ്മ ഇത്തവണ നികത്തിയശേഷം ടോണി ക്രൂസ് വിരമിക്കുന്നതു കാണാനാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്നത്…

Related Articles

Back to top button