Football

വലിയ സൂചന നല്‍കി നെയ്മര്‍; ആശ്വസിപ്പിച്ച് പെരിസിച്ചിന്റെ മകന്‍

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരിക്കുന്നതിന്റെ സൂചന നല്‍കി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ഖത്തര്‍ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് ടൂര്‍ണമെന്റിനു മുമ്പുതന്നെ നെയ്മര്‍ സൂചിപ്പിച്ചിരുന്നു.

ക്രൊയേഷ്യക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയിരിക്കാം തന്റെ ബ്രസീല്‍ ജഴ്സിയില്‍ ഉള്ള അവസാന മത്സരം എന്ന സൂചനയാണ് നെയ്മര്‍ നല്‍കിയിരിക്കുന്നത്.

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ബ്രസീല്‍ ജഴ്സി അഴിക്കുന്നതായുള്ള നെയ്മറിന്റെ സൂചന.

ദേശീയ ടീമിലേക്കുള്ള ഒരു വാതിലും ഞാന്‍ അടയ്ക്കുന്നില്ല. എന്നാല്‍, 100 ശതമാനവും ഞാന്‍ ബ്രസീല്‍ ജഴ്സിയില്‍ തുടരും എന്നതില്‍ ഒരു ഉറപ്പും നല്‍കാന്‍ സാധിക്കില്ല – നെയ്മര്‍ പറഞ്ഞു. മുന്നോട്ടുള്ള നാളുകളില്‍ ബ്രസീല്‍ ടീമില്‍ എന്ത് സംഭവിക്കും എന്ന് എനിക്ക് പ്രവചിക്കാന്‍ സാധിക്കില്ല എന്നും നെയ്മര്‍ വ്യക്തമാക്കി.

കാരണം, ബ്രസീലിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ പുറത്താകലിനു പിന്നാലെ പരിശീലകന്‍ ടിറ്റെ രാജിവച്ചിരുന്നു. ക്രൊയഷ്യക്ക് എതിരായ മത്സരത്തിന്റെ 105+1-ാം മിനിറ്റില്‍ മനോഹരമായ ഒരു സോളോ ഗോളിലൂടെ നെയ്മര്‍ ബ്രസീലിനു ലീഡ് നല്‍കിയിരുന്നു. ബ്രസീലിനായി നെയ്മറിന്റെ 77-ാം രാജ്യാന്തര ഗോള്‍ ആയിരുന്നു അത്. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ ആയ ഇതിഹാസ താരം പെലെയ്ക്ക് (77 ഗോള്‍) ഒപ്പവും അതോടെ നെയ്മര്‍ എത്തി.

ക്രൊയേഷ്യക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വി നെയ്മര്‍ അടക്കമുള്ള ബ്രസീല്‍ താരങ്ങളെ കണ്ണീരിലാഴ്ത്തി. അതീവ ദുഃഖിതനായി കണ്ണീര്‍വാര്‍ക്കുന്ന നെയ്മറിനെ ആശ്വസിപ്പിക്കാന്‍ ക്രൊയേഷ്യന്‍ താരമായ ഇവാന്‍ പെരിസിച്ചിന്റെ മകന്‍ ലിയൊ പെരിസിച്ച് മൈതാനത്ത് എത്തിയത് ഹൃദ്യമായി.

ഇവാനെ ആദ്യം നെയ്മറിന്റെ അടുക്കലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ കടത്തിവിട്ടില്ല. എന്നാല്‍, നെയ്മര്‍ ലിയൊയെ ആശ്ലേഷിച്ചു. ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ തുടര്‍ന്ന് പ്രീക്വാര്‍ട്ടര്‍ മുതലാണ് കളത്തില്‍ എത്തിയത്.

2014 ലോകകപ്പിലും നെയ്മര്‍ പരിക്കേറ്റ് പുറത്തായിരുന്നു. പരിക്കിന്റെ ഭീഷണി കടന്നായിരുന്നു നെയ്മര്‍ 2018 ലോകകപ്പില്‍ എത്തിയത്. മൂന്ന് ലോകകപ്പില്‍നിന്നായി നെയ്മറിന് എട്ട് ഗോളുകള്‍ ഉണ്ട്.

ഫിഫ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍, ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ ഫേവറിറ്റുകള്‍ ആയിരുന്നു. ടീമിലെ 26 പേരെയും കളിപ്പിച്ചും പ്രീക്വാര്‍ട്ടറിന്റെ ആദ്യ പകുതിയില്‍ ദക്ഷിണകൊറിയയ്ക്ക് എതിരേ നാല് ഗോള്‍ അടിച്ചുകൂട്ടിയും ബ്രസീല്‍ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറി. എന്നാല്‍, ക്വാര്‍ട്ടറില്‍ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ ബ്രസീലിന്റെ പേരുകേട്ട ആക്രമണനിരയെ പിടിച്ചുനിര്‍ത്തുകയും, പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിക്കുകയും ചെയ്തു.

നെതര്‍ലന്‍ഡ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ 4-2നു കീഴടക്കിയ അര്‍ജന്റീനയാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളി. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് ക്രൊയേഷ്യ-അര്‍ജന്റീന സെമി ഫൈനല്‍.

Related Articles

Back to top button