FootballISL

തൃണമൂലിന്റെ ‘ജാഥ’ ഐഎസ്എല്‍ ഡെര്‍ബി സമയം മാറ്റിച്ചു; ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ!!

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറ്റവും ഗ്ലാമര്‍ നിറഞ്ഞ പോരാട്ടങ്ങളിലൊന്നാണ് കൊല്‍ക്കത്ത ഡെര്‍ബി. ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും പോരാടുമ്പോള്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയം നിറഞ്ഞു കവിയുന്നത് സ്ഥിരം സംഭവമാണ്.

ഫുട്‌ബോളിനോട് കൊല്‍ക്കത്തക്കാര്‍ക്കുള്ള സ്‌നേഹം തിരിച്ചറിയാന്‍ ഏറ്റവും എളുപ്പം ഡെര്‍ബിയിലെ ജനസഞ്ചയം തന്നെയാണ്. ഇൗ സീസണിലെ രണ്ടാമത്തെ കൊല്‍ക്കത്ത ഡെര്‍ബി നടക്കുന്നത് ഞായറാഴ്ച്ചയാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഡെര്‍ബി ഞായറാഴ്ച്ച നടത്താന്‍ സംഘാടകര്‍ക്ക് സാധിച്ചത്.

പതിവു സമയമായ രാത്രി 7.30ന് പകരം ഒരു മണിക്കൂര്‍ വൈകി രാത്രി 8.30നാകും ഇത്തവണത്തെ ഡെര്‍ബി നടക്കുക. മല്‍സരം ഒരു മണിക്കൂറോളം വൈകാന്‍ കാരണം ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആണ്.

ഡെര്‍ബി നടക്കുന്ന ഞായറാഴ്ച്ച വൈകുന്നേരം തൃണമൂലിന്റെ വലിയൊരു റാലിയും പൊതുയോഗവും നടക്കുന്നുണ്ട്. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകളുടെ ആരാധകരില്‍ ഭൂരിഭാഗവും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടിയാണ്.

കളിയുണ്ടെങ്കിലും ഇല്ലെങ്കിലും പാര്‍ട്ടി യോഗത്തിന് എത്തിയില്ലെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. അതാണ് ബംഗാളിലെ രീതി. അതുകൊണ്ട് തന്നെ ഡെര്‍ബിക്ക് ആളുകള്‍ കുറയുമെന്ന ഭയത്താലാണ് ഡെര്‍ബി മാറ്റിയത്.

എന്നാല്‍ ഡെര്‍ബി മാറ്റിവയ്ക്കണമെന്ന് മമതാ ബാനര്‍ജിയുടെ പാര്‍ട്ടി ഐഎസ്എല്‍ സംഘാടകരോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പ്രതികാര നടപടികള്‍ ഉണ്ടാകുമെന്ന് ഭയന്ന് മല്‍സരസമയം മാറ്റാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നുവത്രേ.

മല്‍സരം രാത്രി 9.30ന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ രാത്രി 11ന് മാത്രമേ മല്‍സരം അവസാനിക്കുകയുള്ളുവെന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് 8.30ലേക്ക് മല്‍സരം മാറ്റുകയായിരുന്നു.

ഐഎസ്എല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കവേ ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. 17 കളിയില്‍ നിന്നും 18 പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. മറുവശത്ത് മോഹന്‍ ബഗാന്‍ ഇപ്പോഴും ഷീല്‍ഡ് പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്.

16 കളിയില്‍ നിന്ന് 33 പോയിന്റോടെ ബഗാന്‍ മൂന്നാം സ്ഥാനത്തുണ്ട്. അടുത്ത കളിയില്‍ ജയിക്കാനായാല്‍ അവര്‍ക്ക് ഒഡീഷ എഫ്‌സിയെയും മുംബൈ സിറ്റിയെയും മറികടന്ന് പോയിന്റ് പട്ടികയില്‍ തലപ്പത്ത് എത്താന്‍ സാധിക്കും.

ഫെബ്രുവരി മൂന്നിന് നടന്ന ആദ്യ പാദ ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും 2-2ന് സമത്തില്‍ പിരിഞ്ഞിരുന്നു. രണ്ടുതവണ ലീഡെടുത്തെങ്കിലും ഈസ്റ്റ് ബംഗാളിന് ജയത്തിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.

Related Articles

Back to top button