Football

യൂറോയില്‍ വമ്പന്‍ അട്ടിമറി; കൈ തട്ടി കലം ഉടച്ചു

ഫിഫ വേള്‍ഡ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണെങ്കില്‍ യൂറോ കപ്പ് ബല്‍ജിയത്തിന് രാശിയല്ലെന്നാണ് പറഞ്ഞുവരുന്നത് എത്രയോ ശരിയാണ്. ലോകോത്തര തരനിരയുണ്ടെങ്കിലും യുറോയില്‍ വലിയ നേട്ടങ്ങളൊന്നും പറയാന്‍ ബെല്‍ജിയത്തിനില്ല. 1972 ല്‍ സ്വന്തം നാട്ടില്‍ നടന്ന യൂറോ കപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയെന്നതൊഴിച്ചാല്‍ വലിയ നേട്ടങ്ങളൊന്നും എടുത്തുപറയാനില്ലാത്ത ടീം.

എന്നാല്‍ ഇത്തവണ ചാമ്പ്യന്‍മാരാകാന്‍ സാധ്യത കല്പിച്ച ടീമാണ് ബെല്‍ജിയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവും കെവിന്‍ ഡി ബ്രൂയിനും ലിയാന്‍ഡ്രോ ട്രോസാര്‍ഡും ജെറമി ഡോക്കുവുമടങ്ങുന്ന വമ്പന്‍ മുന്നേറ്റ നിരയുള്ളപ്പോള്‍ ബെല്‍ജിയം കപ്പടിക്കുമെന്ന് പറയുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. പക്ഷെ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അരീന സ്റ്റേഡിയത്തില്‍ കഥ മറിച്ചാകുകയായിരുന്നു. ഫിഫ റാങ്കിംഗില്‍ 48 -ാം സ്ഥാനത്തുള്ള സ്ലോവാക്കിയയോട് ഏകപക്ഷീയമായ അപ്രതീക്ഷിത ഗോളിനാണ് ബല്‍ജിയം തോറ്റ് കളം വിട്ടത്.

വമ്പന്‍ അട്ടിമറിയെന്ന് പറയാമെങ്കിലും ബല്‍ജിയം ഗോള്‍കീപ്പര്‍ കോയിന്‍ കാസ്റ്റീല്‍സിന്റെ കൈ തട്ടി റിഫ്‌ളക്ട് ചെയ്ത പന്താണ് സ്ലോവാക്കിയയുടെ സൂപ്പര്‍ താരം ഇവാന്‍ ഷ്രാന്‍സ് ഗോളാക്കിയത്. അതും മത്സരം ആരംഭിച്ച് വെറും ഏഴ് മിനിറ്റ് മാത്രമായപ്പോള്‍. പിന്നീടങ്ങോട്ട് ഒരു ഗോളിനായി ബല്‍ജിയം ശ്രമങ്ങള്‍ വിജയകരമായി പ്രതിരോധിക്കുന്ന സ്ലോവാക്കിയന്‍ താരങ്ങളെയാണ് കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങുന്നതിന് വെറും മൂന്ന് മിനിറ്റ് മുന്‍പ് ലൂക്കാക്കുവിന്റെ മാജിക്കല്‍ കാലില്‍ നിന്ന് സ്ലോവാക്കിയന്‍ പ്രതിരോധ നിരയെ നിലംപരിശാക്കി നേടിയ ഗോള്‍ പക്ഷെ സഹതാരം ഇക്കോമ ലോയിസ് ഓപ്പന്‍ഡിന്റെ കൈതട്ടി ഹാന്‍ഡ്‌ബോള്‍ ആയതോടെ ബല്‍ജിയത്തിന്റെ അവസാന പ്രതീക്ഷയും കെട്ടടങ്ങുകയായിരുന്നു.

നിറം മങ്ങിയ ജെറമി ഡോക്കുവിന് പകരക്കാരനായി വന്ന ഓപ്പന്‍ഡയായിരുന്നു ബല്‍ജിയത്തിന് പ്രതീക്ഷ നല്‍കിയ ഗോളിന്റെ തുടക്കക്കാരനും വില്ലനും. ഇടത് വിങ്ങില്‍ ജോഹാന്‍ ബകയോക്കോയില്‍ നിന്ന് കൈമാറിക്കിട്ട പന്ത് സ്ലോവാക്യന്‍ താരങ്ങളെ ട്രിബിള്‍ ചെയ്ത് പെനാല്‍റ്റി ബോക്‌സിന്റെ പുറത്ത് നിന്ന് നല്‍കിയ അതിമനോഹരമായ ക്രോസ് ലുക്കാക്കു ഫസ്റ്റ് ടച്ചിലൂടെ തന്നെ ഗോള്‍ വലയിലെത്തിക്കുന്നു.

ഒരു ഗോളിനായി മത്സരത്തിലുടനീളം ദാഹിച്ച ബല്‍ജിയം താരങ്ങള്‍ക്കും ആരാധകര്‍ക്കും അത് ജീവന്‍ കിട്ടിയ പ്രതീതയായിരുന്നു. ബല്‍ജിയം താരങ്ങളുടെ ഗോള്‍ ആഘോഷത്തോടൊപ്പം ഫ്രാങ്ക്ഫര്‍ട്ട് അരീനയിലെ ആരാധകര്‍ ആര്‍ത്തിരമ്പി. എന്നാല്‍ ഗോള്‍ അനുവദിക്കാതെ അപ്പുറത്ത് മാറി സംശയത്തോടെ നില്‍ക്കുകയായിരുന്നു റഫറി. ഹാന്‍ഡ് ബോള്‍ ആണോയെന്ന് സംശയം. റിവ്യൂ പരിശോധിച്ചപ്പോള്‍ ബകയോക്കോയില്‍ പന്ത് സ്വീകരിക്കുന്നതിനിടെ ഓപ്പന്‍ഡിന്റെ കൈയ്യില്‍ ഉരസി. റഫറി ഗോള്‍ റദ്ദാക്കുന്നു. പ്രതീക്ഷ നടപ്പെട്ടവരെപ്പോലെ ബല്‍ജിയം താരങ്ങളും ദൗര്‍ഭാഗ്യത്തെ പഴിച്ച് ആരാധകരും. 90 മിനിറ്റിന് ശേഷം ലഭിച്ച 7 മിനിറ്റ് അധിക സമയത്തും ബല്‍ജിയം നടത്തിയ ഗോള്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

ബല്‍ജിയം താരങ്ങളുടെ പ്രകടനം നിറം മങ്ങിയതായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ റൈറ്റ് വിങ്ങില്‍ മിന്നും പ്രകടം നടത്തിയ ഡോക്കുവിനെ പരീക്ഷണാര്‍ത്ഥം ഇടത് വിങ്ങിലാണ് ഡൊമെനിക്കോ ടെഡെസ്‌കോ പ്ലേസ് ചെയ്തത്. അതുതന്നെ പാളിപ്പോയി. ആഴ്‌സണലിന്റെ സൂപ്പര്‍താരം ലിയാന്‍ഡ്രോ ട്രോസാര്‍ഡിനും കാര്യമായി ഒന്നും ചെയ്യാനായില്ല. കെവിന്‍ ഡി ബ്രൂയിന്‍ നിരാശപ്പെടുത്തി. പാസുകള്‍ കൃത്യമായി നല്‍കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പിഴവുകളായിരുന്നു. മുന്നേറ്റ നിരയില്‍ നിന്ന് പന്ത് കിട്ടാതെ വന്നതോടെ ലുക്കാക്കുവും നിറം മങ്ങി. ബല്‍ജിയം നിരയില്‍ ഒര് താരത്തിനു പോലും പ്ലേയര്‍ റേറ്റിംഗ് ഏഴില്‍ എത്തിക്കാനായില്ല.

അതേസമയം സ്ലോവാക്യന്‍ സൈഡില്‍ മികച്ച നിലിയിലാണ് താരങ്ങള്‍ കളിച്ചത്. ഇവാന്‍ ഷ്രാന്‍സ് മിന്നും പ്രകടനമായിരുന്നു. കാര്യമായ ഷോട്ടുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും പാസുകള്‍ കൃത്യമായി നല്‍കി മത്സരം തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ താരത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. 7.27 ആണ് താരത്തിന്റെ പ്ലേ റേറ്റിംഗ്. ലൂക്കാസ് ഹരാസ്ലിനും ഒന്‍ഡ്രെജ് ദുദയും മിലന്‍ സ്‌ക്രിനിയറും ഡേവിഡ് ഹാങ്കോയുമൊക്കെ മികച്ച കളിയാണ് പുറത്തെടുത്തത്.

Related Articles

Back to top button