FootballTop Stories

ഇവാന്റെ വജ്രായുധങ്ങളെല്ലാം ലക്ഷ്യംകണ്ടു; മൂര്‍ച്ചകൂട്ടി ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ പോര്‍മുഖം

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ പ്രീസീസണ്‍ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. ദേശീയ ഗെയിംസില്‍ കളിക്കാന്‍ ഒരുങ്ങുന്ന കേരളത്തിന്റെ ടീമിനെയാണ് ഇവാന്‍ വുക്കുമനോവിച്ചിന്റെ കുട്ടികള്‍ തോല്‍പ്പിച്ചത്. എതിരില്ലാത്ത 3 ഗോളുകള്‍ക്കായിരുന്നു വിജയം. ഗോളടിച്ചതെല്ലാം ഇന്ത്യന്‍ താരങ്ങളാണെന്നത് മല്‍സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

സൗരവ്, സഹല്‍ അബ്ദുള്‍ സമദ്, പൂട്ടിയ എന്നിവരാണ് ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയിലാണ് സൗരവിന്റെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നത്. രണ്ടാംപകുതിയിലാണ് സഹലും പൂട്ടിയയും വലകുലുക്കിയത്. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറാന്‍ ഒരുങ്ങുന്ന സൗരവ് താനൊരു ഗംഭീര താരമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന പ്രകടനമായിരുന്നു കേരള ടീമിനെതിരേ നടത്തിയത്.

സന്തോഷ് ട്രോഫി നേടിയ കേരള ടീമില്‍ കളിച്ച താരങ്ങള്‍ കൂടി അടങ്ങിയതായിരുന്നു കേരള ടീം. മികച്ച ചില മുന്നേറ്റങ്ങള്‍ അവരുടെ ഭാഗത്തു നിന്നും ഉണ്ടായി. എന്നാല്‍ അവരെക്കാള്‍ ഏറെ മുന്നിലായിരുന്നു ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീം. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വരേണ്ടതായിരുന്നു. പക്ഷേ നിര്‍ഭാഗ്യത്താല്‍ വന്നില്ല.

അടുത്ത സീസണില്‍ ഇന്ത്യന്‍ യുവതാരങ്ങളില്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ വുക്കുമനോവിച്ചിനെ പ്രേരിപ്പിക്കുന്നതാണ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം. നല്ല രീതിയില്‍ കളിക്കാന്‍ യുവതാരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഈ ആഴ്ച്ചയും അടുത്തയാഴ്ച്ചയുമായി മൂന്നോളം മല്‍സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ഇനിയും കളിക്കും.

Related Articles

Back to top button