FootballISL

മൂന്ന് പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ‘ചാക്കിലാക്കാന്‍’ ബെംഗളൂരുവും ഈസ്റ്റ് ബംഗാളും; ലൂണയും സംശയത്തില്‍!

രാഹുലിനും വിബിനും വലിയ ഓഫറുമായി മുന്‍നിര ക്ലബുകള്‍

ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ അവസാനിച്ചിട്ടില്ലെങ്കിലും ടീമുകളെല്ലാം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിക്കാനാണ് ടീമുകളെല്ലാം തുടക്കത്തില്‍ ശ്രമിക്കുന്നത്. തങ്ങളുടെ മികച്ച യുവതാരങ്ങളെ ടീമില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനൊപ്പം എതിര്‍ടീമുകളില്‍ നിന്ന് മികവുള്ളവരെ സ്വന്തമാക്കാന്‍ തകൃതിയാണ് നീക്കങ്ങള്‍.

കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയതിന്റെ ഞെട്ടലിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇവാന്‍ ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടായതുകൊണ്ട് മാത്രം ടീംവിട്ടു പോകാതിരുന്ന താരങ്ങള്‍ ഇനി എന്തുചെയ്യുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാന സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയാണ്.

ഇവാന്‍ വുക്കുമനോവിച്ചുമായി സഹോദരതുല്യമായ സൗഹൃദം പുലര്‍ത്തുന്ന താരമാണ് ലൂണ. കുടുംബത്തില്‍ നിന്നും സമ്മര്‍ദം ഉണ്ടായിട്ടും ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ചതിന്റെ കാരണവും ഇവാന്‍ കോച്ചായിട്ടുള്ളത് തന്നെയായിരുന്നു. ഇപ്പോള്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ലൂണയ്ക്കായി എഫ്‌സി ഗോവ രംഗത്തുണ്ടെന്നതാണ്.

ലൂണയ്ക്ക് വലിയ ഓഫര്‍ എഫ്‌സി ഗോവ സമ്മാനിച്ചെന്നാണ് വിവരം. അടുത്ത സീസണിലേക്കും ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ടെങ്കിലും ലൂണയുടെ ബ്ലാസ്‌റ്റേഴ്‌സിലെ നിലനില്‍പ്പ് സുരക്ഷിതമല്ല. ഇവാന്‍ പോയ സ്ഥിതിക്ക് ലൂണയുടെ മനസുമാറാന്‍ സാധ്യതയുണ്ടെന്നാണ് പലരും കരുതുന്നത്.

ബ്ലാസ്റ്റേഴ്‌സ് യുവതാരം വിബിന്‍ മോഹനനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളും ശ്രമംതുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകന്‍ മലയാളിയായ ബിനോ ജോര്‍ജാണ്. ഇതും വിബിന്റെ കൊല്‍ക്കത്ത പ്രവേശനത്തിന് സാധ്യത കൂട്ടുന്നു.

ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് മറ്റ് ഐഎസ്എല്‍ ക്ലബുകളിലേക്ക് പോകുന്ന കളിക്കാര്‍ക്ക് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആരാധകരുടെ വലിയ സമ്മര്‍ദമില്ലാത്തതാണ് ഇതിനു കാരണം. പുതുതായി വരുന്ന മലയാളി താരങ്ങള്‍ക്ക് കിട്ടുന്ന ഉപദേശവും കേരളത്തില്‍ വെളിയിലുള്ള ടീമുകളില്‍ കളിക്കുകയെന്നതാണ്.

ഈ സീസണോടെ കെ.പി രാഹുല്‍ ടീം വിടുമെന്ന് 100 ശതമാനവും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ തന്നെ ടീംവിടാന്‍ താല്‍പര്യത്തിലായിരുന്നു രാഹുല്‍. എന്നാല്‍ ഒരു സീസണ്‍ കൂടെ ബ്ലാസ്റ്റേഴ്‌സില്‍ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്നോളം ക്ലബുകള്‍ രാഹുലിന് പിന്നാലെയുണ്ട്.

പഞ്ചാബ് എഫ്‌സി, മൊഹമ്മദന്‍സ് എസ്‌സി, ചെന്നൈയ്ന്‍ എഫ്‌സി ടീമുകളാണ് രാഹുലില്‍ നോട്ടമിട്ട് രംഗത്തുള്ളത്. ഇതില്‍ പഞ്ചാബിലേക്ക് പോകാനുള്ള സാധ്യതകളാണ് വളരെ കൂടുതലായി നിലനില്‍ക്കുന്നത്. മാര്‍ക്കോ ലെസ്‌കോവിച്ച് ഉള്‍പ്പെടെ മറ്റു ചില താരങ്ങളും ടീം വിടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ്, ഫുട്‌ബോള്‍ വാര്‍ത്തകള്‍ വാട്‌സാപ്പില്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യൂ

Related Articles

Back to top button