Cricket

സഞ്ജുവിന്റെ വഴിയെയോ പൃഥ്വി ഷായും? ഐസ്‌ക്രീം ഒഴിവാക്കിയിട്ടും കാണേണ്ടവര്‍ കാണുന്നില്ല!!

ആഭ്യന്തര ക്രിക്കറ്റില്‍ ട്വന്റി-20യില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ താരം ആരാണ്? ഒരു സംശയവും കൂടാതെ പറയാന്‍ സാധിക്കും അതു പൃഥ്വി ഷായെന്ന യുവതാരമാണെന്ന്. റണ്‍സുകള്‍ വാരിക്കൂട്ടുമ്പോഴും ഈ യുവതാരത്തോട് സെലക്ടര്‍മാര്‍ അവഗണന തുടരുകയാണ്. ഷാ തന്നെ ഇതില്‍ നിരാശ പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുകയാണ്.

ട്വന്റി-20യില്‍ പൃഥ്വിയുടെ റിക്കാര്‍ഡ് വിലമതിക്കാനാകാത്തതാണ്. 84 മല്‍സരങ്ങളില്‍ നിന്ന് 2153 റണ്‍സാണ് താരം അടിച്ചു കൂട്ടിയിരിക്കുന്നത്. അതും 148.89 എന്ന സ്‌ട്രൈക്ക് റേറ്റില്‍. ഓപ്പണിംഗ് അത്രമേല്‍ വിശ്വസിക്കാവുന്ന താരമാണ് ഷാ. നിലവിലെ ഓപ്പണര്‍ കെഎല്‍ രാഹുലുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറെ മികച്ചതെന്ന് പറയാം.

ഇടയ്ക്ക് യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഷായെ ടീമിലേക്ക് വീണ്ടും പരിഗണിക്കുന്നതില്‍ നിന്ന് തടയുന്നതെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാല്‍ ഇതിനുശേഷം തനിക്കേറെ ഇഷ്ടമുള്ള ഐസ്‌ക്രീമുകളും കൊഴുപ്പുള്ള ഭക്ഷണങ്ങളും താന്‍ ഒഴിവാക്കിയതായി ഷാ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിലേക്ക് തന്നെ വിളിക്കാത്തതെന്ന് അറിയില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ഷാ ആയിരുന്നു ക്യാപ്റ്റന്‍. അന്ന് ടീമിനെ പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡ് ഇന്ന് സീനിയര്‍ ടീമിന്റെ കോച്ചുമായി. അന്ന് ദ്രാവിഡിന്റെ പ്രിയ താരമായിരുന്നു ഷാ. പക്ഷേ സീനിയര്‍ കോച്ചായപ്പോള്‍ അത്രയും പ്രിയ താരത്തെ ടീമിലെടുക്കാന്‍ പോലും ദ്രാവിഡ് തയാറാകുന്നില്ല. സഞ്ജു സാംസണിന് നേരിട്ട അവഗണന പോലെ ഷായും അവഗണിക്കപ്പെടുന്നു.

Related Articles

Back to top button