Cricket

ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും 14 വര്‍ഷം പഴക്കമുള്ള റെക്കോഡ് തിരുത്തി വിന്‍ഡീസ്!! തകര്‍ന്നത് ഓസ്‌ട്രേലിയയുടെ റെക്കോഡ്

ട്വന്റി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് മൂന്നു വിക്കറ്റിന് പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

മൂന്നു വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. എന്നാല്‍ മഴമൂലം വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സായി പുനര്‍നിര്‍ണയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 16.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ തന്നെ ഷായ് ഹോപ്പിനെ അവര്‍ക്കു നഷ്ടമായി. മാര്‍ക്കോ യാന്‍സന്റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് താരം.

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ നിക്കോളാസ് പൂറനെക്കൂടി നഷ്ടമായതോടെ അവര്‍ അഞ്ചിന് രണ്ട് എന്ന നിലയില്‍ പരുങ്ങലിലായി.

പിന്നീട് ഒത്തുചേര്‍ന്ന കൈല്‍ മയേഴ്സ്-റോസ്റ്റണ്‍ ചേസ് സഖ്യം അവരെ മുന്നോട്ടു നയിച്ചെങ്കിലും ടീം സ്‌കോര്‍ 86ല്‍ വച്ച് മയേഴ്സ് വീണതോടെ വെസ്റ്റ് ഇന്‍ഡീസ് തകരുകയായിരുന്നു. 34 പന്തില്‍ 35 റണ്‍സായിരുന്നു മയേഴ്സിന്റെ നേട്ടം.

റോവ്മന്‍ പവല്‍(1),ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്(0) തുടങ്ങിയവര്‍ക്കൊന്നും ചെയ്യാനായില്ല. 52 റണ്‍സ് എടുത്ത റോസ്റ്റണ്‍ ചേസ് കൂടി പുറത്തായതോടെ 97ന് ആറ് എന്ന നിലയിലേക്ക് വിന്‍ഡീസ് ബാറ്റിംഗ് കൂപ്പുകുത്തി.

42 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ചേസിന്റെ ഇന്നിംഗ്സ്. ഒമ്പതു പന്തില്‍ 15 റണ്‍സ് നേടിയ ആന്ദ്രേ റസല്‍ പതിനെട്ടാം ഓവറിന്റെ ആദ്യ പന്തില്‍ റണ്ണൗട്ടായതും കളിയില്‍ നിര്‍ണായകമായി. അല്‍സാരി ജോസഫ് 11 റണ്‍സുമായി പുറത്താകാതെ നിന്നു.

നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ടബ്രേസ് ഷംസിയാണ് വിന്‍ഡീസ് ബാറ്റിംഗിന്റെ അന്തകനായത്. മാര്‍ക്കോ യാന്‍സന്‍, എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, കഗീസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

136 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആന്ദ്ര റസല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്(12) റീസാ ഹെന്‍ട്രിക്സ്(0) എന്നിവര്‍ പുറത്ത്.

രണ്ടോവറില്‍ 15ന് രണ്ട് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സായി പുനര്‍ നിര്‍ണയിച്ചു.

കളിപുനരാരംഭിച്ചതോടെ ആക്രമിച്ചു കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ക്രമമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ചെറിയ വിജയലക്ഷ്യം അവര്‍ അവസാന ഓവറില്‍ എത്തിപ്പിടിക്കുകയായിരുന്നു.

എയ്ഡന്‍ മാര്‍ക്രം(18), ട്രിസ്റ്റ്യന്‍ സ്റ്റബ്സ്(29), ഹെന്‍ റിച്ച് ക്ലാസന്‍(10 പന്തില്‍ 22), മാര്‍ക്കോ യാന്‍സന്‍(21) ന്നെിവര്‍ നിര്‍ണായ സംഭാവനകള്‍ നല്‍കി. ഒബെഡ് മക്കോയിയെ സിക്സറിനു പായിച്ച് മാര്‍ക്കോ യാന്‍സനാണ് പ്രോട്ടിയാസിനെ വിജയത്തിലെത്തിച്ചത്.

അതേസമയം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും പത്തു വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് ഭേദിച്ച ശേഷമാണ് വിന്‍ഡീസിന്റെ പടിയിറക്കം.

മത്സരത്തില്‍ ഏഴ് സിക്സുകളാണ് വിന്‍ഡീസ് താരങ്ങള്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം അവര്‍ സ്വന്തം പേരിലെഴുതുകയായിരുന്നു.

ഒരു ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടുന്ന ടീം എന്ന നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ 61 സിക്സുകളാണ് വിന്‍ഡീസ് നേടിയത്.

2010 ലോകകപ്പില്‍ ഓസ്ട്രേലിയ നേടിയ 57 സിക്സുകള്‍ എന്ന റെക്കോഡ് മറികടന്നു കൊണ്ടായിരുന്നു വിന്‍ഡീസിന്റെ മുന്നേറ്റം.


മൂന്നും നാലു സ്ഥാനത്തും വിന്‍ഡീസ് തന്നെയാണുള്ളത് 2012(49 സിക്‌സുകള്‍),2016(43 സിക്‌സുകള്‍) എന്നിങ്ങനെയാണ് കണക്കുകള്‍. ഈ ലോകകപ്പില്‍ തന്നെ 42 സിക്‌സുകള്‍ നേടിയ അമേരിക്കയാണ് അഞ്ചാമത്.

Related Articles

Back to top button