Cricket

മോനേ കിംഗേ ഷോ കാണിച്ചിട്ട് വെറുതെയങ്ങ് പോകാമെന്നു വിചാരിച്ചോ !! കോഹ്‌ലിയ്ക്ക് എട്ടിന്റെ പണിയുമായി ബിസിസിഐ

കളിക്കളത്തില്‍ ചൂടനായ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ് ലി ഇത്തവണത്തെ ഐപിഎല്ലില്‍ വളരെ ശാന്തനായാണ് കാണപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കോഹ് ലി ഈ ശാന്തത വെടിയുന്ന കാഴ്ചയാണ് ഏവരും കണ്ടത്.

ഹര്‍ഷിത് റാണയുടെ ഉയര്‍ന്ന ഫുള്‍ ടോസില്‍ ബാറ്റ് വെച്ച് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചപ്പോള്‍ അത് നോബോള്‍ ആണെന്നു കരുതി കോഹ് ലി ഡിആര്‍എസ് എടുക്കുകയായിരുന്നു.

പന്ത് അരയ്ക്ക് മുകളിലാണെന്ന് കരുതിയാണ് കോഹ്ലി ഡിആര്‍എസ് എടുത്തത്. എന്നാല്‍ തേര്‍ഡ് അമ്പയറുടെ തീരുമാനവും കോഹ് ലിയ്ക്ക് എതിരായിരുന്നു.

ഇതേത്തുടര്‍ന്ന് നിരാശനായ കോഹ്‌ലി ഡഗ് ഔട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നിരുന്നാലും, അമ്പയര്‍മാരോട് തര്‍ക്കിച്ച താരം അവരില്‍ ഒരാളെ അധിക്ഷേപിക്കുന്നത് പോലും കണ്ടു. കോഹ് ലിയുടെ പെരുമാറ്റം അമ്പയര്‍മാരെ അലോസരപ്പെടുത്തുകയും ചെയ്തു.

ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്ന വഴിയില്‍ താരം ചവറ്റുകുട്ട ചവിട്ടിത്തെറിപ്പിക്കുന്ന കാഴ്ചയും കണ്ടു.

സംഭവത്തില്‍ ബിസിസിഐ കോഹ് ലിയ്‌ക്കെതിരേ നടപടിയെടുത്തു. താരത്തിന്റെ മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയായി ചുമത്തിയത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം ലെവല്‍ 1 കുറ്റമാണ് കോഹ്ലി ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ കുറ്റം സമ്മതിച്ചതായും പെനാല്‍റ്റി സ്വീകരിച്ചതായും അവര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ കോഹ്‌ലിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗും വസീം ജാഫറും,

ഈ തീരുമാനത്തില്‍ തൃപ്തരല്ലെന്നും കോഹ്‌ലി നിര്‍ഭാഗ്യവാനാണെന്നുമാണ് അവര്‍ പറഞ്ഞത്.

”പന്ത് അരക്കെട്ടിന് മുകളിലായിരുന്നു, കോഹ്‌ലിയെ പുറത്താക്കാന്‍ പാടില്ലായിരുന്നു. തീരുമാനത്തില്‍ ഞാന്‍ തൃപ്തനല്ല. അവന്‍ നിര്‍ഭാഗ്യവാനാണ്, ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

”പന്ത് അരക്കെട്ടിന് മുകളില്‍ വ്യക്തമായതിനാല്‍ അമ്പയര്‍മാരുടെ തെറ്റായ തീരുമാനമായിരുന്നു അത്. പന്ത് താഴുകയായിരുന്നു, പക്ഷേ അത് അപ്പോഴും നോ ബോള്‍ ആയിരുന്നു,” വസീം ജാഫര്‍ പറഞ്ഞു.

എന്തൊക്കെയായാലും അവസാനം ഒരു റണ്‍സിന്റെ വേദനാജനകമായ തോല്‍വി ഏറ്റു വാങ്ങാനായിരുന്നു ബംഗളൂരുവിന്റെ വിധി. കോഹ് ലി പെട്ടെന്ന് പുറത്തായില്ലായിരുന്നുവെങ്കില്‍ വിജയലക്ഷ്യം എത്തിപ്പിടിക്കാനാവുമായിരുന്നുവെന്നാണ് ബംഗളൂരു ആരാധകരുടെ വാദം.

Related Articles

Back to top button