Cricket

പത്രക്കാരെ പിടിച്ചു പുറത്താക്കി; പുലിവാലു പിടിച്ച ലിട്ടണ്‍ദാസ് മാപ്പുപറഞ്ഞ് തടിയൂരി!!

കളത്തിലെ മോശം പ്രകടനത്തിനൊപ്പം കളത്തിനു പുറത്തെ പെരുമാറ്റം കൊണ്ട് കൂടി ബംഗ്ലാദേശ് താരങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ലോകകപ്പിലെ മൂന്നില്‍ രണ്ടെണ്ണത്തിലും ദയനീയമായി തോറ്റ ബംഗ്ലാദേശ് വളരെ മോശമായിട്ടാണ് കളിക്കുന്നത്.

അവരുടെ പ്രധാന താരങ്ങള്‍ക്കൊന്നും തിളങ്ങാന്‍ സാധിക്കാത്തതാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. ടീം തുടര്‍ച്ചയായി തോല്‍ക്കുന്നതും പോരാഞ്ഞിട്ട് ഇപ്പോള്‍ മറ്റൊരു തലവേദന കൂടി പിടിച്ചിരിക്കുകയാണ് ടീം മാനേജ്‌മെന്റ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ദാസാണ് ഇത്തവണ വില്ലന്‍.

പൂനയിലാണ് നിലവില്‍ ബംഗ്ലാദേശ് ടീം. 19ന് ഇന്ത്യയ്‌ക്കെതിരായ മല്‍സരത്തിനാണ് ടീം പൂനയിലെത്തിയത്. ബംഗ്ലാദേശ് ടീമിനെ അനുഗമിച്ച് നിരവധി മാധ്യമപ്രവര്‍ത്തകരും പൂനയിലെത്തിയിട്ടുണ്ട്. ഇവര്‍ കളിക്കാരുടെ അഭിമുഖമൊക്കെ പ്രതീക്ഷിച്ച് ടീം ഹോട്ടലില്‍ കയറിയിറങ്ങുകയും ചെയ്തിരുന്നു.

ന്യൂസിലന്‍ഡിനെതിരേ ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ ഡക്കില്‍ പോയതിന്റെ നിരാശയില്‍ നിന്ന ലിട്ടണ്‍ ഇവരെ കണ്ട് നിയന്ത്രണംവിട്ട് ഹോട്ടല്‍ സെക്യൂരിറ്റിയെ വിവരം അറിയിച്ചു. ലിട്ടണിന്റെ നിര്‍ദേശപ്രകാരം പത്രക്കാരെയെല്ലാം ഹോട്ടലില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതിനെതിരേ മാധ്യമ ലോകത്തു നിന്നും വലിയ പ്രതിഷേധം ഉയരുകയും ചെയ്തു. ഇതോടെ ബംഗ്ലാദേശ് ടീം മാനേജ്‌മെന്റും സമ്മര്‍ദത്തിലായി. മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതിനെതിരേ ആരാധകരും രംഗത്തു വന്നു.

ബംഗ്ലാദേശ് ടീമിന്റെ പ്രകടനത്തില്‍ മനംമടുത്തിട്ടാണ് പലരും മാധ്യമങ്ങളെ ഈ വിഷയത്തില്‍ പിന്തുണച്ചത്. ഇതോടെ ലിട്ടണ്‍ ദാസിനെ കൊണ്ട് മാപ്പുപറയിച്ചു ടീം മാനേജ്‌മെന്റ്. തന്റെ ഭാഗത്തു നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്ന് സോഷ്യല്‍മീഡിയ വഴിയുള്ള മാപ്പുപറച്ചിലില്‍ ലിട്ടണ്‍ വ്യക്തമാക്കി.

ലോകകപ്പില്‍ ഇതുവരെ മൂന്ന് മല്‍സരങ്ങളില്‍ നിന്നും 89 റണ്‍സ് മാത്രമാണ് ലിട്ടണിന് നേടാനായത്. ഇതില്‍ 76 റണ്‍സും ഇംഗ്ലണ്ടിനെതിരേ ധര്‍മശാലയില്‍ നടന്ന മല്‍സരത്തിലാണ് വന്നത്. കിവികള്‍ക്കെതിരേ ഡക്കില്‍ പുറത്താകുകയും ചെയ്തു.

ബംഗ്ലാദേശ് ടീമില്‍ കളിക്കാര്‍ തമ്മിലുള്ള പടലപിണക്കങ്ങളും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ഓപ്പണര്‍ തമീം ഇക്ബാലിനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ഹസന്‍ അവസാനം വരെ വാദിച്ചിരുന്നു. ഇതോടെയാണ് തമീമിന് ലോകകപ്പില്‍ നിന്ന് പുറത്തു പോകേണ്ടി വന്നത്.

മധ്യനിര ബാറ്റര്‍ മൊഹമ്മദുള്ള റിയാസിനെ അവസാന നിമിഷം ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകരുടെ സമ്മര്‍ദം മൂലമാണ്. മൊഹമ്മദുള്ളയെ ടീമിലെ ചിലര്‍ ഒതുക്കാന്‍ നോക്കുന്നുവെന്ന ആരോപണം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.

Related Articles

Back to top button