Cricket

കങ്കാരുക്കള്‍ക്ക് പേടിസ്വപ്‌നം 3 വന്‍ ഭീഷണികള്‍; റണ്‍റേറ്റിലും പ്രതിസന്ധി!! സെമി സ്വപ്‌നം അകലെ!!

ഐസിസി ലോകകപ്പില്‍ ചരിത്രത്തില്‍ ആദ്യമായി പോയിന്റ് പട്ടികയില്‍ പിന്നില്‍ പോകേണ്ടി വന്നതിന് ഓസ്‌ട്രേലിയ അനുഭവിച്ച നാണക്കേട് സമാനതകളില്ലാത്തത് ആയിരുന്നു. ആദ്യത്തെ രണ്ട് മല്‍സരങ്ങളും തോറ്റ അവര്‍ക്ക് പിടിവള്ളിയായി മാറിയിരിക്കുകയാണ് ശ്രീലങ്കയ്ക്ക് എതിരായ ജയം.

ലങ്കയെ മുക്കിയെങ്കിലും കാര്യങ്ങളൊന്നും പൂര്‍ണമായി കങ്കാരുക്കളുടെ വശത്തേക്ക് വന്നിട്ടില്ലെന്നതാണ് സത്യം. നെറ്റ് റണ്‍റേറ്റിലെ കുറവ് മാത്രമല്ല അവര്‍ക്ക് വിനയാകുന്നത്. ഇനിയുള്ള 6 കളികളില്‍ 3 എണ്ണവും അതിശക്തരോടാണെന്നത് തന്നെയാണ് ഓസീസിനെ വിഷമിപ്പിക്കുന്നത്.

ബാറ്റിംഗ്, സ്പിന്‍ പറുദീസയായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അതില്‍ ആദ്യത്തെ പരീക്ഷണം. വെള്ളിയാഴ്ച്ച നടക്കുന്ന ഈ മല്‍സരത്തില്‍ പാക്കിസ്ഥാനെ മറികടക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. ഏകദേശം ഒരേ ദിശയിലാണ് ഈ ലോകകപ്പില്‍ ഇരുടീമുകളും കളിക്കുന്നത്.

പാക്കിസ്ഥാന് കൊള്ളാവുന്ന സ്പിന്നര്‍മാര്‍ ഇല്ലാത്തത് ഓസീസിന് ഗുണം ചെയ്യും. മാത്രമല്ല, ഓസീസ് താരങ്ങള്‍ക്ക് ബെംഗളൂരു എന്നത് മെല്‍ബണോ സിഡ്‌നിയോ പോലെയാണ്. ഐപിഎല്ലില്‍ ഈ വേദികളില്‍ കളിച്ച് തഴമ്പിച്ചതിന്റെ ആനുകൂല്യം അവര്‍ക്കുണ്ട്.

മറുവശത്ത് പാക്കിസ്ഥാനാകട്ടെ അവരുടെ താരങ്ങളില്‍ പലരും ബെംഗളൂരുവില്‍ കളിച്ചിട്ടു പോലുമില്ല. ഈ മല്‍സരം ജയിച്ചാലും പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും വിധി നിര്‍ണയിക്കുക ധര്‍മശാല, അഹമ്മദാബാദ് വേദികളാകും.

യഥാക്രമം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ ഓസീസ് കളിക്കേണ്ടത് ഈ പിച്ചുകളിലാണ്. ഈ രണ്ടു മല്‍സരങ്ങളില്‍ തോറ്റാല്‍ അവസാന നാലിലേക്ക് എത്താമെന്ന ഓസീസ് പ്രതീക്ഷകള്‍ മറ്റു ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിക്കേണ്ടി വരും.

അഫ്ഗാനിസ്ഥാനോട് പോലും തോറ്റ ഇംഗ്ലണ്ടിന്റെ അവസ്ഥയില്‍ നിലവില്‍ ഓസീസിനോട് സാമ്യമുള്ള രീതിയിലാണ്. അതുകൊണ്ട് തന്നെ അഹമ്മദാബാദില്‍ ഇംഗ്ലീഷ് ടീമില്‍ നിന്ന് വലിയ വെല്ലുവിളി കമ്മിന്‍സ് സംഘം നേരിടേണ്ടി വരും.

നിലവില്‍ 3 കളിയില്‍ നിന്നും 2 തോല്‍വിയും ഒരു ജയവുമായി എട്ടാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. നെറ്റ് റണ്‍റേറ്റ് ഇതുവരെ പോസിറ്റീവില്‍ എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. -0734 ആണ് അവരുടെ നിലവിലെ റണ്‍റേറ്റ്. ഇത് മുന്നിലേക്ക് കൊണ്ടു വരേണ്ടതുണ്ട്.

ഇനിയുള്ള മല്‍സരങ്ങളില്‍ വലിയ ജയം നേടി നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക് എത്താനാകും അവര്‍ ശ്രമിക്കുക. ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരേ വലിയ ജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ ഒരുപരിധി വരെ നല്ലൊരു നിലയിലേക്ക് എത്താന്‍ അവര്‍ക്ക് സാധിക്കും.

പഴയ ഉഗ്ര ഫോമിലേക്ക് തിരിച്ചെത്താന്‍ ഓസീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ലങ്കയെ തോല്പിച്ചപ്പോള്‍ പോലും ആ അധീശത്വം പൂര്‍ണമായും കണ്ടില്ല. ലങ്കന്‍ ബാറ്റിംഗിന്റെ ആദ്യ 25 ഓവറില്‍ കങ്കാരു ബൗളര്‍മാര്‍ ചിത്രത്തിലേ ഇല്ലായിരുന്നു. ആരാധകരെ ആശങ്കപ്പെടുത്തുന്നത് ഈ ഘടകം തന്നെയാണ്.

Related Articles

Back to top button