Football

ബെല്‍ജിയം-സ്വീഡന്‍ മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ചു!! കളിക്കാന്‍ വിസമ്മതിച്ച് സ്വീഡിഷ് താരങ്ങള്‍!!

യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ചു. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സ്വീഡിഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതോടെയാണ് സ്വീഡന്‍ കളിക്കാന്‍ വിസമ്മതിച്ചത്.

സ്വീഡിഷ് ജേഴ്‌സിയണിഞ്ഞ രണ്ട് പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ബെല്‍ജിയത്തില്‍ അതീവ തീവ്രവാദ ആക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കളിക്കാരുടെ സുരക്ഷയെ കരുതി മല്‍സരം ഉപേക്ഷിക്കാന്‍ യുവേഫയും സമ്മതം മൂളുകയായിരുന്നു.

ഗ്രൂപ്പ് എഫില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് നില്ക്കുമ്പോഴാണ് തീവ്രവാദ ആക്രമണം നടക്കുന്നത്. ബെല്‍ജിയത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് സമാനമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കളിക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഗ്രൂപ്പ് എഫില്‍ 6 കളിയില്‍ നിന്നും 16 പോയിന്റുമായി ബെല്‍ജിയമാണ് മുന്നില്‍. വെറും 6 പോയിന്റ് മാത്രമുള്ള സ്വീഡന്‍ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പില്‍ ഓസ്ട്രിയയാണ് രണ്ടാം സ്ഥാനത്ത്. ഒരൊറ്റ കളി പോലും തോല്‍ക്കാതെയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്.

ബെല്‍ജിയത്തിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ അടക്കം സുരക്ഷ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. യൂറോപ്പിലെങ്ങും ചിലപ്പോള്‍ ഈ ആക്രമണത്തിന്റെ പ്രതിഫലനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗ്രൂപ്പ് എയില്‍ 6 കളിയില്‍ നിന്നും 15 പോയിന്റുമായി സ്‌പെയ്ന്‍ ആണ് ഒന്നാം സ്ഥാനത്ത്. സ്‌കോട്‌ലന്‍ഡ് 15 പോയിന്റുമായി തന്നെ ഗോള്‍ശരാശരിയില്‍ പിന്നിലായി രണ്ടാമതുണ്ട്. 10 പോയിന്റുമായി നേര്‍വേ മൂന്നാമതാണ് ഈ ഗ്രൂപ്പില്‍.

ഗ്രൂപ്പ് ബിയില്‍ 6 കളിയില്‍ 18 പോയിന്റുമായി ഫ്രാന്‍സാണ് തലപ്പത്ത്. ബഹുദൂരം പിന്നിലുള്ള രണ്ടാംസ്ഥാനക്കാരായ നെതര്‍ലന്‍ഡ്‌സിന് 12 പോയിന്റാണുള്ളത്. ഗ്രീസും (12), അയര്‍ലന്‍ഡുമാണ് (6) തൊട്ടുപിന്നില്‍.

13 പോയിന്റുമായി ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുന്ന ഗ്രൂപ്പ് സിയില്‍ ഇറ്റലിയും, ഉക്രെയ്‌നും 10 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ട്. ഈ ഗ്രൂപ്പില്‍ കളിക്കുന്ന മാള്‍ട്ടയ്ക്ക് ഇതുവരെ പോയിന്റൊന്നും നേടാന്‍ സാധിച്ചില്ല.

തുര്‍ക്കിയുടെ സമഗ്രാധിപത്യമാണ് ഗ്രൂപ്പ് ഡിയില്‍. 7 കളിയില്‍ നിന്ന് 5 ജയവുമായി 16 പോയിന്റാണ് അവരുടെ സമ്പാദ്യം. തൊട്ടുപിന്നില്‍ വെയ്ല്‍സാണ്. 10 പോയിന്റാണ് അവരുടെ സമ്പാദ്യം. 10 പോയിന്റ് തന്നെയുള്ള ക്രൊയേഷ്യയും പിന്നാലെയുണ്ട്.

Related Articles

Back to top button