Cricket

ദക്ഷിണാഫ്രിക്കന്‍ കളരിയില്‍ പഠിച്ചവര്‍; നമീബിയ ചെറിയ മീനല്ല!

ഐസിസി ട്വന്റി-20 ലോകകപ്പില്‍ ശ്രീലങ്കയെ വിറപ്പിച്ച് വീഴ്ത്തിയ നമീബിയ അത്ര ചെറിയ മീനല്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ക്രിക്കറ്റില്‍ കൃത്യമായ മേല്‍വിലാസം ഉണ്ടാക്കാന്‍ നമീബിയയ്ക്ക് സാധിച്ചിട്ടുണ്ട്. നല്ല ദീര്‍ഘവീക്ഷണമുള്ള ക്രിക്കറ്റ് ബോര്‍ഡും ആത്മാര്‍ത്ഥയുള്ള താരങ്ങളുമാണ് ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ കൈമുതല്‍.

ക്യാപ്റ്റന്‍ ജെറാള്‍ഡ് എറാസ്മസ് എന്ന 27കാരന്‍ കഴിഞ്ഞ ലോകകപ്പില്‍ കളിക്കാനിറങ്ങിയത് പൊട്ടലേറ്റ കൈയുമായിട്ടായിരുന്നു. ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടു പോലും വേദന അവഗണിച്ചാണ് താരം ലോകകപ്പില്‍ ടീമിനെ നയിച്ചത്. സൂപ്പര്‍ സിക്‌സിലെത്തി അന്നേ നമീബിയ ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നമീബിയയില്‍ ക്രിക്കറ്റിനെ വളര്‍ത്തുന്നതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ പങ്കുണ്ട്. അവരുടെ പ്രധാന താരങ്ങളെല്ലാം അടുത്ത കാലം വരെ ദക്ഷിണാഫ്രിക്കന്‍ ലീഗുകളില്‍ കളിച്ചിരുന്നു. 28 പന്തില്‍ 44 റണ്‍സെടുത്ത് ലങ്കയെ വിറപ്പിച്ച ജാന്‍ ഫ്രൈലിങ്ക് ദക്ഷിണാഫ്രിക്കന്‍ വംശജനാണ്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വൈസ് ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ശേഷമാണ് നമീബിയയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോഴും നമീബിയയില്‍ ക്രിക്കറ്റ് അത്ര പോപ്പുലറായ കായിക വിനോദമല്ല. വെള്ളക്കാരാണ് ഇപ്പോഴും കൂടുതലായി ക്രിക്കറ്റ് കളിക്കുന്നത്. എന്നാല്‍ പുതുതലമുറ കൂടുതലായി ക്രിക്കറ്റിലേക്ക് വരുന്നുണ്ട്. അടുത്ത 5-8 വര്‍ഷത്തിനുള്ളില്‍ നല്ലൊരു ക്രിക്കറ്റ് ടീമാകാനുള്ള എല്ല വിഭവങ്ങളും അവര്‍ക്കുണ്ട്.

നമീബിയന്‍ ടീമിന്റെ പ്രധാന പ്രത്യേകത, അവരുടെ താരങ്ങളെല്ലാം 30 വയസില്‍ താഴെയുള്ളവരാണ്. സീനിയര്‍ താരങ്ങള്‍ നന്നേ കുറവാണ്. യുവതാരങ്ങളുടെ ടീമിന്റെ പരിശീലക സംഘത്തിലും പ്രഗത്ഭരുണ്ട്. ആല്‍ബി മോര്‍ക്കലായിരുന്നു അടുത്ത കാലം വരെ അവരുടെ ബാറ്റിംഗ് കോച്ച്. എന്തായാലും ആരാധകരെ ത്രസിപ്പിക്കാന്‍ നമീബിയയ്ക്ക് സാധിച്ചെന്നത് വലിയ കാര്യമാണ്.

Related Articles

Back to top button