CricketIPL

തലതിരിഞ്ഞ ഐപിഎല്‍ നിയമം ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം! ഇംപാക്ട് ‘ഇന്ത്യന്‍’ പ്ലയര്‍!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ നടപ്പിലാക്കുന്ന ഇംപാക്ട് പ്ലയര്‍ നിയമത്തില്‍ പരിഷ്‌കരണത്തിന് ഒരുങ്ങി ബിസിസിഐ. ഈ നിയമപ്രകാരം ഇന്ത്യന്‍ താരങ്ങളെ മാത്രമേ ഇത്തരത്തില്‍ ഇടയ്ക്ക് പിന്‍വലിച്ച് പുതിയ കളിക്കാരെ കയറ്റാന്‍ സാധിക്കുകയുള്ളുവെന്നാണ് പുതിയ പരിഷ്‌കാരം.

14 ഓവറിനുള്ളില്‍ ഒരു താരത്തെ പിന്‍വലിച്ച് മറ്റൊരു താരത്തെ കളിക്കാന്‍ ഇറക്കുന്നതാണ് ഇംപാക്ട് പ്ലയര്‍ നിയമം. ഇക്കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഈ നിയമം പരീക്ഷിക്കപ്പെട്ടിരുന്നു.

ഒരു വിദേശ താരത്തെ ഈ നിയമപ്രകാരം പിന്‍വലിക്കാനോ മറ്റൊരു വിദേശതാരത്തെ ഇറക്കാനോ സാധിക്കില്ല. ഇക്കാര്യം ബോര്‍ഡ് ഐപിഎല്‍ ഫ്രാഞ്ചൈസികളെ അറിയിച്ചതായിട്ടാണ് വിവരം. എന്തുകൊണ്ടാണ് വിദേശ താരങ്ങള്‍ക്ക് വിലക്കെന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയില്ല.

ഫുട്‌ബോള്‍, റഗ്ബി, ബാസ്‌ക്കറ്റ് ബോള്‍, ബേസ്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പകരം കളിക്കാരനെ അനുവദിക്കുന്ന രീതിയുണ്ട്. ഇത് പിന്തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ തീരുമാനം.

ടീമിലുള്‍പ്പെട്ട മറ്റേതൊരു കളിക്കാരെയും പോലെ ഗെയിമിന്റെ എല്ലാ തലത്തിലും പങ്കെടുക്കാന്‍ പകരം കളിക്കാരനും കഴിയും എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രത്യേകത. പുതിയ തീരുമാനത്തെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ആവേശത്തോടെയാണ് നോക്കിക്കാണുന്നതെങ്കിലും ഇതിന് ചില നിബന്ധനകളുമുണ്ട്.

ഇംപാക്റ്റ് പ്ലെയറെ കളിപ്പിക്കണോ വേണ്ടയോ എന്നത് പൂര്‍ണ്ണമായും ടീമിന്റെ തീരുമാനമാണ്. എന്നാല്‍, ഒരു മത്സരത്തിലെ ഓരോ ഇന്നിങ്‌സിലെയും 14-ാമത്തെ ഓവറിന് മുന്‍പായി പകരം കളിപ്പിക്കാവുന്ന ഒരു പ്ലെയറെങ്കിലും ഉണ്ടാകണം എന്നാണ് വ്യവസ്ഥ. സമ്മിശ്ര പ്രതികരണമാണ് ആരാധകര്‍ പുതിയ നിയമത്തോട് പുലര്‍ത്തുന്നത്.

Related Articles

Back to top button