Cricket

റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തി ജയിച്ചു കയറി ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് !! അതിവേഗ സെഞ്ചുറിയുമായി ബെന്‍ ഡങ്ക്

ഇംഗ്ലണ്ടില്‍ നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024 ട്വന്റി20 ടൂര്‍ണമെന്റില്‍ റെക്കോഡ് സ്‌കോര്‍ പടുത്തുയര്‍ത്തിയ ഓസ്‌ട്രേലിയ ചാമ്പ്യന്‍സിന് വിജയം. മത്സരത്തില്‍ 55 റണ്‍സിനാണ് അവര്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 219ല്‍ അവസാനിച്ചു.

നോര്‍ത്താംപ്ടണ്‍ കൗണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഓസ്‌ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ ബെന്‍ ഡങ്കിന്റെയും ഡാനിയേല്‍ ക്രിസ്റ്റിയന്റെയും ഇന്നിംഗ്‌സുകളുടെ ബലത്തില്‍ ലെജന്‍ഡ്‌സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഓസീസ് ചാമ്പ്യന്‍സ് പടുത്തുയര്‍ത്തിയത്.

വെറും 35 പന്തില്‍ 12 ബൗണ്ടറിയും ഏഴു സിക്‌സറും സഹിതം 100 റണ്‍സാണ് ബെന്‍ ഡങ്ക് നേടിയത്. 34 പന്തിലായിരുന്നു ഡങ്ക് സെഞ്ചുറി തികച്ചത്. 35 പന്തില്‍ 11 ബൗണ്ടറിയും എട്ടു സിക്‌സും സഹിതം 99 റണ്‍സ് നേടിയ ക്രിസ്റ്റ്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ റണ്ണൗട്ടായി. ഷോണ്‍ മാര്‍ഷും ബെന്‍ കട്ടിംഗും 22 റണ്‍സ് വീതം നേടി. വിന്‍ഡീസിനായി റയാദ് എംറിറ്റ് മൂന്നു വിക്കറ്റ് വീഴ്ത്തി.

275 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസ് പൊരുതിയെങ്കിലും 55 റണ്‍സ് അകലെ വീഴാനായിരുന്നു അവരുടെ വിധി. 40 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 64 റണ്‍സ് നേടിയ ഡ്വെയ്ന്‍ സ്മിത്ത്, 36 പന്തില്‍ രണ്ടു ഫോറും ഏഴു സിക്‌സും അടക്കം 70 റണ്‍സ് നേടിയ ആഷ്‌ലി നഴ്‌സ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ 12 പന്തില്‍ 27 റണ്‍സെടുത്ത ജോനാഥന്‍ കാര്‍ട്ടറും 18 പന്തില്‍ 33 റണ്‍സെടുത്ത ഡാരന്‍ സമിയും മികച്ച പ്രകടനം പുറത്തെടുത്തു.

ഓസ്‌ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ ബ്രെറ്റ്‌ലി രണ്ടു വിക്കറ്റും പീറ്റര്‍ സിഡില്‍, നഥാന്‍ കോള്‍ട്ടര്‍നൈല്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍.സേവ്യര്‍ ദോഹര്‍ത്തി. എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ദോഹര്‍ത്തി നാലോവറില്‍ 74 റണ്‍സാണ് വഴങ്ങിയത്.

ബെന്‍ ഡങ്കാണ് കളിയിലെ താരം. ജൂലൈ 12ന് ഇന്ത്യ ചാമ്പ്യന്‍സിനെതിരേയാണ് ഓസ്‌ട്രേലിയയുടെ സെമി മത്സരം. പാക്കിസ്ഥാന്‍ ചാമ്പ്യന്‍സും വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സും മറ്റൊരു സെമിയില്‍ ഏറ്റുമുട്ടും.

Related Articles

Back to top button