Cricket

ഒടുവില്‍ ബിസിസിഐ വെളിപ്പെടുത്തി; ബുംറ ലോകകപ്പ് കളിക്കില്ല!

ഓസ്‌ട്രേലിയയില്‍ ഈ മാസം നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിക്കേറ്റിരുന്നെങ്കിലും ബുംറ കളിക്കാനുള്ള സാധ്യതകള്‍ പ്രസിഡന്റ് സൗരവ് ഗാംഗുലി സൂചിപ്പിച്ചിരുന്നു. ഇതോടെ ഇനി പകരക്കാരനെ കണ്ടെത്തണം.

ഉമ്രാന്‍ മാലിക്ക്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിലാരെങ്കിലും ടീമിലെത്തും. സിറാജും മാലിക്കും ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുന്നുണ്ട്. അവിടെയെത്തി രണ്ടോ നാലോ ദിവസം കഴിഞ്ഞായിരിക്കും പകരക്കാരനെ ഉള്‍പ്പെടുത്തുക. സ്വതവേ ദുര്‍ബലമായി ബൗളിംഗ് നിരയ്ക്ക് ബുംറയുടെ അസാന്നിധ്യം തിരിച്ചടിയാകും.

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറ ഓസ്ട്രേലിയയുമായി കഴിഞ്ഞ മാസം നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഫിറ്റ്നസ് വീണ്ടെടുത്ത് മടങ്ങിയെത്തുകയായിരുന്നു. പക്ഷെ പരമ്പരയിലെ ആദ്യ മല്‍സരം അദ്ദേഹം കളിച്ചില്ല. അടുത്ത രണ്ടു മല്‍സരങ്ങളിലും ബുംറ പ്ലെയിങ് ഇലവനിലെത്തുകയും ചെയ്തു.

പക്ഷെ ദക്ഷിണാഫ്രിക്കയുമായി തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20യില്‍ പേസര്‍ കളിച്ചില്ല. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ ബുംറയുടെ പുറംഭാഗത്തിനു ഗുരുതരമായ പരിക്കുണ്ടെന്നും ലോകകപ്പിലുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു. ഇതിനു ശേഷം ഗാംഗുലി താരത്തിന്റെ ലോകകപ്പ് സാധ്യതകള്‍ തള്ളാതെ രംഗത്തെത്തിയതോടെ പ്രതീക്ഷയിലായിരുന്നു ആരാധകര്‍.

Related Articles

Back to top button