ISLTop Stories

ഫെറാണ്ടോയുടെ കീഴില്‍ എടികെ അസ്വസ്ഥര്‍; ഉടമകള്‍ക്ക് അതൃപ്തി

ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് എടികെ മോഹന്‍ ബഗാന്‍. പണം കൊണ്ടും പ്രതിഭ കൊണ്ടും ആരാധക പിന്തുണ കൊണ്ടും ടീമിന്റെ സ്ഥാനം മുന്‍നിരയില്‍ തന്നെയാണ്. എന്നാല്‍ ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ തൊട്ടതെല്ലാം പിഴയ്ക്കുന്ന എടികെ നിരയെയാണ് ഇതുവരെ കാണാന്‍ സാധിച്ചത്.

ഡ്യൂറന്റ് കപ്പിലും എഎഫ്‌സി ഇന്റര്‍ സോണല്‍ സെമിയിലും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ജുവാന്‍ ഫെറാണ്ടോയുടെ ടീമിന് സാധിച്ചില്ല. മികച്ച ഇന്ത്യന്‍, വിദേശ താരങ്ങളുടെ ഒരു നിര തന്നെ എടികെയ്ക്കുണ്ട്. എന്നാല്‍ റിസല്‍ട്ടിലേക്ക് വരുമ്പോള്‍ ഈ പെരുമ ഗുണം ചെയ്യുന്നില്ലെന്ന പൊതു വിലയിരുത്തല്‍ മാനേജ്‌മെന്റിനുണ്ട്.

പണം കണക്കില്ലാതെ മുടക്കുന്നതിനാല്‍ റിസല്‍ട്ടില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഉടമയായ സഞ്ജീവ് ഗോയങ്കെ ഒരുക്കമല്ല. പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ സീസണ്‍ തികയ്ക്കും മുമ്പ് കരാര്‍ അവസാനിപ്പിക്കാന്‍ മടിക്കില്ലെന്ന് ഫെറാണ്ടോയ്ക്ക് മുന്നറിയിപ്പ് ലഭിച്ചതായി കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എടികെയ്ക്കായി ഗോളടിച്ചു കൂട്ടിയിരുന്നത് റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ആയിരുന്നു. ഇത്തവണ ഇവരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ഡ്യൂറന്റ് കപ്പിലും എഎഫ്‌സി കപ്പിലും പ്രതിഫലിക്കുകയും ചെയ്തു. മുന്നേറ്റത്തിന്റെ പ്രഹരശേഷി കാര്യമായി ശോഷിച്ചു. ആഷിക് കുരുണിയനും ലിസ്റ്റണ്‍ കൊളാസോയും ഉണ്ടെങ്കിലും ഇംപാക്ട് കുറവാണ്.

ഡിഫന്‍സിലും പ്രശ്‌നങ്ങളേറെയാണ്. വലിയ കോലാഹലങ്ങളോടെ ടീമിലെത്തിച്ച ഫ്‌ളോറന്റൈന്‍ പോഗ്ബയ്ക്ക് കാര്യമായി തിളങ്ങാന്‍ ഇതുവരെ കഴിഞ്ഞില്ല. ഐഎസ്എല്ലില്‍ ബ്രെണ്ടന്‍ ഹമില്‍-പോഗ്ബ ജോഡിക്ക് തിളങ്ങാനായില്ലെങ്കില്‍ എടികെയ്ക്ക് ഇത്തവണ കാര്യങ്ങള്‍ ദുഷ്‌കരമാകും.

Related Articles

Back to top button