ISLTop Stories

2024 ല്‍ ഐഎസ്എല്ലില്‍ വിപ്ലവ മാറ്റമുണ്ടാകും! ഉറപ്പുമായി പ്രസിഡന്റ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നിലവിലെ ഫോര്‍മാറ്റ് അത്ര മികച്ചതല്ലെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ. നിലവിലെ ഫോര്‍മാറ്റ് മാറ്റുന്ന കാര്യത്തില്‍ ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി ചര്‍ച്ച നടത്തുമെന്നും ചൗബെ വ്യക്തമാക്കി. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 2024 വരെയാണ് ഐഎസ്എല്ലിന്റെ നിലവിലെ ഉടമസ്ഥാവകാശം എഫ്എസ്ഡിഎല്ലിന് ഉള്ളത്.

2024 ന് മുമ്പ് ലീഗിന്റെ ഫോര്‍മാറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍ എഐഎഫ്എഫ് ചര്‍ച്ച നടത്തുമെന്നാണ് കല്യാണ്‍ ചൗബെ പറയുന്നത്. ഇതില്‍ വിജയിച്ചില്ലെങ്കില്‍ 2024ന് ശേഷം ഉറപ്പായും മാറ്റമുണ്ടാകുമെന്നും അദേഹം പറയുന്നു. എന്നാല്‍ ഏതു തരത്തിലുള്ള മാറ്റമാണ് ഉദേശിക്കുന്നതെന്ന് വ്യക്തമാക്കാന്‍ അദേഹം തയാറായതുമില്ല.

കൂടുതല്‍ ടീമുകള്‍ക്ക് പ്രധാന ലീഗായ ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ നല്‍കുന്നതിനായിരിക്കും അദേഹം സമ്മര്‍ദം ചെലുത്തുകയെന്ന് അറിയാന്‍ സാധിക്കുന്നു. യൂറോപ്യന്‍ ലീഗുകളുടെ മാതൃകയില്‍ ഒരു ടീമിന് 36 മല്‍സരങ്ങള്‍ ലീഗില്‍ ലഭിക്കുന്ന രീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇങ്ങനെ മാറ്റണമെങ്കില്‍ ലീഗിലെ ടീമുകളുടെ എണ്ണം കൂട്ടണം. നിലവിലെ സാഹചര്യത്തില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ സംഘാടകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടായേക്കും.

ഐഎസ്എല്ലില്‍ ഇത്തവണ മുന്‍ സീസണുകളിലേതു പോലെ ലീഗ് റൗണ്ടില്‍ ആദ്യ നാല് സ്ഥാനക്കാര്‍ നേരിട്ട് സെമി ഫൈനലിലേക്ക് എത്തുന്ന രീതി മാറിയിട്ടുണ്ട്. പകരം ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമാണ് നേരിട്ട് പ്ലേ ഓഫ് സെമി ഫൈനലിലേക്ക് പ്രവേശനം ലഭിക്കും.

ശേഷിക്കുന്ന രണ്ട് സെമി ഫൈനല്‍ സ്ഥാനങ്ങള്‍ക്കു വേണ്ടി ലീഗ് റൗണ്ടില്‍ മൂന്ന് മുതല്‍ ആറ് സ്ഥാനങ്ങള്‍ വരെ എത്തിയ ടീമുകള്‍ തമ്മില്‍ പോരാടും. എലിമിനേറ്റര്‍ 1, എലിമിനേറ്റര്‍ 2 എന്നിങ്ങനെയാണ് ഈ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് പേരിട്ടിരിക്കുന്നത്. ലീഗിനെ കൂടുതല്‍ ആകര്‍ഷകവും ആവേശകരവുമാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button