Football

പണത്തിനു മീതേ സ്പാനിഷ് ദേശീയ ടീം പരിശീലകര്‍ പറക്കില്ലേ? എന്‍ റിക്വെയും ആ വഴി!

ലാ റോഹാസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സ്പാനിഷ് ഫുട്ബോള്‍ ടീമിനെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഏറെ. കേരളക്കരയിലും ലാ റോഹാസിന് നിരവധി ആരാധകരുണ്ട്. ടിക്കി ടാക്ക സ്‌റ്റൈലില്‍ കുറിയ പാസിലൂടെ ആക്രമണം നെയ്തു കയറുന്ന സ്പാനിഷ് സംഘത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. 2010 ഫിഫ ലോകകപ്പ്, 2012 യുവേഫ യൂറോ കപ്പ് കിരീടങ്ങള്‍ സ്പെയിന്‍ സ്വന്തമാക്കിയത് ആ്രേന്ദ ഇനിയെസ്റ്റയും ഡേവിഡ് സില്‍വയും ചാവിയും സാബി അലോണ്‍സോയും സെസ് ഫാബ്രിഗസും ഫെറാന്‍ ടോറസും എല്ലാം ചേര്‍ന്ന് നെയ്തെടുത്ത ആക്രമണങ്ങളിലൂടെ ആയിരുന്നു.

എന്നാല്‍, 2018 റഷ്യന്‍ ഫിഫ ലോകകപ്പ് മുതല്‍ സ്പാനിഷ് ടീമിന്റെ മുഖ്യ പരിശീലകര്‍ പണത്തിനു മുകളില്‍ പറക്കില്ലേ എന്നൊരു ചിന്ത ഫുട്ബോള്‍ നിരീക്ഷകര്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുണ്ട്. പണം ഉണ്ടാക്കുന്നതില്‍ തെറ്റു പറയുന്നില്ല. പക്ഷേ, ലോകകപ്പ് പോരാട്ട സമയത്ത് അതില്‍നിന്ന് മാറി നിന്നുകൂടേ എന്നാണ് ആരാധകരുടെ ചോദ്യം.

ലോകകപ്പ് സമയത്ത് സ്പാനിഷ് പരിശീലകരെ റാഞ്ചിയെടുക്കാനുള്ള വമ്പന്‍ ക്ലബ്ബുകളുടെ പണക്കരുത്ത് വീണ്ടും രംഗപ്രവേശം ചെയ്യുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. അതായത് സ്പെയിന്റെ മുഖ്യ പരിശീലകനായ ലൂയിസ് എന്‍ റിക്വെയെ പണം എറിഞ്ഞ് കൊത്തിക്കൊണ്ടു പോകാന്‍ ഒരു വമ്പന്‍ യൂറോപ്യന്‍ ടീം രംഗ പ്രവേശം ചെയ്തു എന്ന് റിപ്പോര്‍ട്ടുണ്ട്.

2018 റഷ്യന്‍ ഫിഫ ലോകകപ്പിലും സമാന രീതിയില്‍ ഒരു വമ്പന്‍ റാഞ്ചല്‍ നടന്നിരുന്നു. ലോകകപ്പിനായി റഷ്യയില്‍ എത്തിയ സ്പാനിഷ് ടീമിന്റെ മുഖ്യ പരിശീലകന്‍ യൂലിയന്‍ ലോപ്ടെഗിയെ ലാ ലിഗ വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് കരാറിലെടുത്തു. റഷ്യന്‍ ലോകകപ്പില്‍ സ്പെയ്ന്‍ തങ്ങളുടെ ആദ്യ മത്സരം കളിക്കാനുള്ള തയാറെടുപ്പ് നടത്തുന്നതിന്റെ ഇടയിലാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.

റയല്‍ മാഡ്രിഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നതും ശ്രദ്ധേയം. ലോകകപ്പിനു ശേഷം സ്പാനിഷ് ദേശീയ ടീം പരിശീലകനായ ലോപ്ടെഗി റയല്‍ മാഡ്രിഡിന്റെ മാനേജര്‍ ആകും എന്നായിരുന്നു ക്ലബ്ബിന്റെ വെളിപ്പെടുത്തല്‍. 2018 ജൂണ്‍ 12 ഇക്കാര്യം പുറത്തുവന്നതിനു പിന്നാലെ ലോപ്ടെഗിയെ സ്പാനിഷ് പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി. 2018 ജൂണ്‍ 15ന് ആയിരുന്നു റഷ്യന്‍ ലോകകപ്പില്‍ സ്പെയ്നിന്റെ ആദ്യ മത്സരം.

2022 ഫിഫ ഖത്തര്‍ ലോകകപ്പിനായി അവസാനവട്ട ഒരുക്കത്തിലേക്ക് കടക്കാനിരിക്കുന്ന സ്പാനിഷ് ടീമിനെയും ആരാധകരെയും ആശങ്കയിലാക്കുന്ന ഒരു വാര്‍ത്ത പുറത്തു വരുന്നുണ്ട്. മുഖ്യ പരിശീലകന്‍ ലൂയിസ് എന്‍ റിക്വെയെ യൂറോപ്പിലെ ഒരു വമ്പന്‍ ടീം വന്‍ തുകയ്ക്ക് സ്വന്തമാക്കാന്‍ ഒരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസ് ആണ് എറി ക്വെയെ സ്വന്തമാക്കാന്‍ തയാറെടുക്കുന്നത്.

ഖത്തര്‍ ലോകകപ്പിനു ശേഷം എന്‍ റിക്വെയെ ക്ലബ്ബില്‍ എത്തിക്കാനാണ് യുവന്റസിന്റെ ശ്രമം. മൂന്ന് വര്‍ഷ കരാറില്‍ എന്‍ റിക്വെയെ മുഖ്യ പരിശീലകനാക്കാനാണ് യുവന്റസിന്റെ നീക്കം. വാര്‍ഷിക പ്രതിഫലമായി 82 കോടി രൂപയാണ് യുവന്റസ് എന്‍ റിക്വെയ്ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇറ്റാലിയന്‍ സെരി എയില്‍ 25 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുവന്റസ്.

ഒന്നാം സ്ഥാനത്തുള്ള നാപ്പോളിയേക്കാള്‍ 10 പോയിന്റ് പിന്നില്‍. മാസെമിലിയാനൊ അല്ലെഗ്രി ആണ് യുവന്റസിന്റെ നിലവിലെ മുഖ്യ പരിശീലകന്‍. ഖത്തര്‍ ലോകകപ്പില്‍ കോസ്റ്റാറിക്ക, ജര്‍മനി, ജപ്പാന്‍ എന്നീ ടീമുകള്‍ക്ക് ഒപ്പം ഗ്രൂപ്പ് ഇയില്‍ ആണ് സ്പെയിന്‍. നവംബര്‍ 23ന് കോസ്റ്റാറിക്കയ്ക്ക് എതിരേയാണ് സ്പെയ്നിന്റെ ആദ്യ മത്സരം. സ്പെയ്ന്‍ ഃ ജര്‍മനി വമ്പന്‍ പോരാട്ടം ഇന്ത്യന്‍ സമയം നവംബര്‍ 27 രാത്രി 12.30ന് അരങ്ങേറും.

Related Articles

Back to top button