ISLTop Stories

വൈകിയാലും ആവശ്യത്തിന് സമയമെടുത്തോളൂ !! ലൂണയെ ചേര്‍ത്ത് പിടിച്ച് കോച്ചും ടീം മാനേജ്‌മെന്റും

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെത്തി. വരുമെന്ന് അറിയിച്ച ദിവസത്തിനും രണ്ടു ദിവസത്തിനു ശേഷമാണ് ലൂണ എത്തിയത്. ചില വ്യക്തിപരമായ കാരണങ്ങളാലാണ് അദേഹത്തിന്റെ വരവ് വൈകിയത്. നിലവില്‍ യുഎഇയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപ് ചെയ്തിരിക്കുന്നത്.

കളിക്കളത്തില്‍ മികച്ച വര്‍ഷം ആയിരുന്നെങ്കിലും വ്യക്തിജീവിതത്തില്‍ വലിയ നഷ്ടങ്ങളും നിരാശയും നിറഞ്ഞ വര്‍ഷമാണ് ലൂണയ്ക്ക് 2022. ലൂണയുടെ മകള്‍ അപൂര്‍വ രോഗം ബാധിച്ച് മരിച്ചത് ഈ വര്‍ഷമായിരുന്നു. അതിനൊപ്പം വ്യക്തിജീവിതത്തിലെ മറ്റു ചില പ്രശ്‌നങ്ങളും താരത്തെ തേടിയെത്തി. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് സ്വസ്ഥമായി ടീമിനൊപ്പം ചേരാനാണ് ലൂണ വരവ് വൈകിപ്പിച്ചത്. കോച്ച് ഇവാന്‍ വുക്കുമനോവിച്ചും സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസും ലൂണയ്ക്ക് മികച്ച പിന്തുണ നല്‍കി.

നേരത്തെ ടീമിനൊപ്പം ചേരാമെന്ന് കോച്ചിനെയും ടീം മാനേജ്‌മെന്റിനെയും ലൂണ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം സ്വസ്ഥമായി എത്തിയാല്‍ മതിയെന്ന് ടീം മാനേജ്‌മെന്റ് സ്‌നേഹപൂര്‍വം ലൂണയെ ഉപദേശിക്കുകയായിരുന്നു. മനസ് സ്വസ്ഥമായ ശേഷം ടീമിലെത്തിയാല്‍ മതിയെന്നും പ്രതിസന്ധികളില്‍ ടീമും താനും ഒപ്പമുണ്ടെന്നും ഇവാന്‍ ലൂണയോട് പറഞ്ഞിരുന്നു.

കഴിഞ്ഞ സീസണില്‍ ടീമിന്റെ നെടുംതൂണായ ലൂണ താമസിച്ച് ടീമിനൊപ്പം ചേര്‍ന്നത് ബ്ലാസ്റ്റേഴ്‌സിനെ ഒരിക്കലും ബാധിക്കില്ല. കാരണം, ടീമുമായി ഏറ്റവും പെട്ടെന്ന് ഇഴുകി ചേരുന്ന താരമാണ് ലൂണ. അതുകൊണ്ട് തന്നെ വൈകല്‍ ഒരിക്കലും പ്രശ്‌നമാകില്ലെന്ന് ഉറപ്പാണ്.

Related Articles

Back to top button