Cricket

ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിച്ചത് അര്‍ജന്റീനയില്‍ വലിയ ആഘോഷം!! കാരണം ഇന്ത്യ വിരുദ്ധതയുമല്ല!!

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്റെ ത്രില്ലിംഗ് ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. തോല്‍വി മുന്നില്‍ കണ്ട മല്‍സരത്തില്‍ മെഹദി ഹസന്റെ ഒറ്റയാള്‍ പോരാട്ടം ബംഗ്ലാദേശിന് അവിസ്മരണീയ വിജയം സമ്മാനിച്ചു. ഏഴു വര്‍ഷത്തിനു ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയെ ഏകദിനത്തില്‍ തോല്‍പ്പിക്കുന്നത്.

ഫുട്‌ബോള്‍ ലോകകപ്പിന് ഇടയ്ക്കു നടന്ന ഈ ക്രിക്കറ്റ് മല്‍സരം പക്ഷേ വാര്‍ത്തയാകുന്നത് മറ്റൊരു കാരണത്തിന്റെ പുറത്താണ്. അത് ക്രിക്കറ്റുമായി വലിയ ബന്ധമൊന്നുമില്ലാത്ത അര്‍ജന്റീനയില്‍ ബംഗ്ലാദേശിന്റെ വിജയം വലിയ ആഘോഷമായി മാറിയെന്നതിലാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരൊന്നുമല്ല ആഘോഷത്തിന് മുന്നിട്ടിറങ്ങിയത്.

അര്‍ജന്റീനയില്‍ ജീവിക്കുന്ന അവിടുത്തുകാര്‍ തന്നെയാണ് ബംഗ്ലാദേശിന്റെ വിജയം തെരുവുകളില്‍ ആഘോഷിച്ചത്. വിവിധ അര്‍ജന്റൈന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ടിവി ചാനലുകളിലും വലിയ തോതില്‍ ബംഗ്ലാദേശ് ജയം വാര്‍ത്തയാകുകയും ചെയ്തു. ഇനി ഈ ആഘോഷത്തിന്റെ കാരണം നോക്കാം.

ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ വലിയ ആരാധകരാണ് ബംഗ്ലാദേശുകാര്‍. ഒരുപക്ഷേ ഇന്ത്യയില്‍ നിന്ന് കിട്ടുന്നതിലധികം ആരാധന മെസിക്കും അര്‍ജന്റീനയ്ക്കും ബംഗ്ലാദേശില്‍ കിട്ടുന്നുണ്ട്. അര്‍ജന്റീനയുടെ വിജയങ്ങളെല്ലാം ബംഗ്ലാദേശുകാര്‍ ആഘോഷിക്കാറുമുണ്ട്. ഇതെല്ലാം അര്‍ജന്റീനയിലെ ആരാധകര്‍ അറിയുന്നുണ്ട്.

കാരണം സോഷ്യല്‍മീഡിയയില്‍ ഇരു രാജ്യത്തെയും ഫുട്‌ബോള്‍ ആരാധകര്‍ അംഗങ്ങളായുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സജീവമാണ്. ബംഗ്ലാദേശുകാര്‍ തങ്ങളെ പിന്തുണയ്ക്കുന്നതിന് നന്ദിയായി അര്‍ജന്റീനക്കാര്‍ ബംഗ്ലാദേശ് ക്രിക്കറ്റിനെ പിന്തുണയ്ക്കാന്‍ ക്രിക്കറ്റ് ഗ്രൂപ്പും തുടങ്ങി. അര്‍ജന്റീന ഫാന്‍സ് ഓഫ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം എന്ന ഈ ഗ്രൂപ്പില്‍ ഒരു ലത്തിലധികം പേരുണ്ട്. ഇതില്‍ വലിയ പങ്കും അര്‍ജന്റീനക്കാരാണ്.

തങ്ങള്‍ക്ക് ബംഗ്ലാദേശുകാര്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചാണ് അര്‍ജന്റീനക്കാര്‍ ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ വിജയം വലിയ തോതില്‍ ആഘോഷിച്ചത്. അര്‍ജന്റീന ആരാധകര്‍ ഫിഫ ലോകകപ്പ് വേദിയില്‍ ബംഗ്ലാദേശിന്റെ പതാക പോലും വീശി നന്ദി അറിയിക്കുകയുണ്ടായി. എന്തായാലും ബംഗ്ലാദേശുകാര്‍ വഴി അര്‍ജന്റീനയില്‍ ക്രിക്കറ്റ് പച്ചപിടിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Related Articles

Back to top button