CricketTop Stories

ആരും ഒന്നും പേടിക്കേണ്ട, ഇതെല്ലാം ചെറിയ പരീക്ഷണങ്ങള്‍ മാത്രം!! ധൈര്യം പകര്‍ന്ന് രോഹിത് ശര്‍മ

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ തുടര്‍ച്ചയായ രണ്ടാം പരാജയത്തോടെ ഫൈനല്‍ പ്രവേശനം ഏകദേശം അവസാനിച്ചെങ്കിലും ആരാധകരേ ശാന്തരാകുവിനെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താനും തന്റെ ടീമും ചില പരീക്ഷണങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പാണ് ലക്ഷ്യം. അതിനു മുമ്പ് നല്ലൊരു ടീം ഘടന രൂപപ്പെടുത്താനാണ് പരീക്ഷണമെന്ന് രോഹിത് വ്യക്തമാക്കുന്നു.

ഏഷ്യ കപ്പിലെ തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ ആശങ്ക നല്‍കുന്നില്ലെന്ന് രോഹിത് പറയുന്നു. കഴിഞ്ഞ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ പരാജയപ്പെടുന്നത്. അതും വളരെ ചെറിയ മാര്‍ജിനില്‍. താനും ടീമും ലോകകപ്പിന് മുന്നെ ചില ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ആറു വിക്കറ്റിനാണ് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്തു ബാക്കി നില്‍ക്കെ വിജയമുറപ്പിച്ചു. ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനോടും ഇന്ത്യ തോറ്റിരുന്നു.

പുറത്തു നിന്നും നോക്കുമ്പോള്‍ അത് തിരിച്ചടിയായി തോന്നിയേക്കാം. എന്നാല്‍, തങ്ങളെ സംബന്ധിച്ച് അത്തരം ആശങ്കകളൊന്നുമില്ല. ഡ്രസിങ് റൂം ശാന്തമാണ്. തോല്‍വിയുടെ അസ്വസ്ഥതയൊന്നും ആരെയും ബാധിച്ചിട്ടില്ല. ടി 20 ലോകകപ്പിന് ശേഷം തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ച ടീമാണിത്. അതുകൊണ്ടു തന്നെ ഒന്നോ രണ്ടോ മത്സരത്തിലെ തോല്‍വി ടീമിനെ ബാധിക്കില്ലെന്നും രോഹിത് വ്യക്തമാക്കി.

ഭുവനേശ്വര്‍ കുമാര്‍ രണ്ട് മത്സരത്തിലും കൂടുതല്‍ റണ്‍സ് വഴങ്ങിയതിനെക്കുറിച്ച് രോഹിത് പ്രതികരിച്ചു. ഭുവി ഏറെ പരിചയസമ്പത്തുള്ള ബൗളറാണെന്ന് രോഹിത് പറഞ്ഞു. മികച്ച ബാറ്റര്‍മാര്‍ കളിക്കുമ്പോള്‍ റണ്‍സ് വഴങ്ങുന്നത് സാധാരണമാണ്. എത്രയോ മത്സരങ്ങളില്‍ അവസാന ഓവറുകളില്‍ ഭുവി കളി ജയിപ്പിച്ചിട്ടുണ്ടെന്ന കാര്യവും രോഹിത് ചൂണ്ടിക്കാട്ടി.

അതേസമയം അവസാന ഓവറില്‍ തന്ത്രങ്ങള്‍ സംസാരിക്കാന്‍ ബൗളര്‍ അര്‍ഷ്ദീപ് സിങ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അര്‍ഷ്ദീപ്, രോഹിത് ശര്‍മയോട് എന്തോ പറഞ്ഞുകൊണ്ടു സമീപിക്കുന്നതും രോഹിത് അപ്പോള്‍ തിരിഞ്ഞുനടക്കുകയുമാണു ചെയ്യുന്നത്. സഹതാരത്തിന് ധൈര്യം നല്‍കേണ്ട നായകന്‍ അതിന് തയാറാകാത്തതിനെതിരേ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Related Articles

Back to top button