FootballTop Stories

ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ‘ഒറ്റമൂലി’ നിര്‍ദേശിച്ച് ചൗബെ

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായി കല്യാണ്‍ ചൗബെ വന്ന ശേഷം കൂടുതല്‍ ആക്ടീവായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്റെ അനുഭവസമ്പത്തും എഐഎഫ്എഫിന് ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ കൂടുതല്‍ വളരാന്‍ ചില ഒറ്റമൂലികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ചൗബെ.

നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് താഴ്ന്ന ലീഗുകളില്‍ വിദേശ കളിക്കാരെ ഒഴിവാക്കുകയെന്നതാണ്. ഏത് ലീഗ് മുതലാണ് വിദേശികളെ ഒഴിവാക്കേണ്ടതെന്ന് അദേഹം കൃത്യമായി പറഞ്ഞിട്ടില്ല. എങ്കിലും ഐലീഗിനെ അദേഹം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കരുതുന്നു. വിദേശികളില്ലാതെ കളിക്കുമ്പോള്‍ ചിലപ്പോള്‍ ഗോളടിക്കാന്‍ തുടക്കത്തില്‍ സാധിച്ചെന്ന് വരില്ല. നിലവാരം കുറഞ്ഞേക്കാമെന്നും ചൗബെ പറയുന്നു.

നാലഞ്ച് മല്‍സരങ്ങള്‍ക്കു ശേഷം എല്ലാം ട്രാക്കിലാകും. ആറാം മല്‍സരം മുതല്‍ നിങ്ങളുടെ താരങ്ങള്‍ക്ക് ഗോളടിക്കാന്‍ സാധിക്കും. ഇന്ത്യന്‍ താരങ്ങള്‍ വളരാന്‍ തുടങ്ങും. 2002 ല്‍ ഞാന്‍ ജര്‍മ്മനിയിലായിരുന്നു. ഈ സമയത്താണ് ഞാന്‍ അറിയുന്നത് ജര്‍മനിയിലെ താഴ്ന്ന ഡിവിഷനുകളില്‍ വിദേശികള്‍ക്ക് കളിക്കാനാകില്ലെന്ന്. 1998 ലെ ലോകകപ്പില്‍ ജര്‍മ്മനിയുടെ മോശം പ്രകടനത്തിന് ശേഷം അവര്‍ വിദേശ താരങ്ങളെ കളിപ്പിക്കുന്നത് നിര്‍ത്തി. ജര്‍മ്മന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ആയിരുന്നു ഇത്. ഈ നീക്കം ഗുണം ചെയ്യുകയും ചെയ്തു.

പുതിയൊരു യൂത്ത് ലീഗിന് തുടക്കമിടുന്നത് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കും. പലപ്പോഴും ഏജ് കാറ്റഗറി കളിച്ചു വരുന്ന കുട്ടികള്‍ക്ക് ഒരുഘട്ടം കഴിയുമ്പോള്‍ കളിക്കാന്‍ ടൂര്‍ണമെന്റുകള്‍ ഇല്ലാതെയാകുന്നു. അതവരുടെ വളര്‍ച്ചയെ ബാധിക്കുന്നു. ഇന്ത്യന്‍ ആരോസ് ടീമിനെ പിരിച്ചുവിട്ടതു വഴി ലഭിക്കുന്ന തുക പുതിയ ലീഗില്‍ നിക്ഷേപിക്കുമെന്നും ചൗബെ വ്യക്തമാക്കുന്നു.

Related Articles

Back to top button