Football

ലോകകപ്പ് കോടികള്‍ മുഴുവന്‍ ദാനം ചെയ്ത എംബാപ്പെ! കാരണവും കൈയടി നേടും!!

കെയ്‌ലിയന്‍ എംബാപ്പെയുടെ കാലുകളിലാണ് ഇത്തവണ ഫ്രാന്‍സിന്റെ ലോകകപ്പ് പ്രതീക്ഷകളത്രയും. പോളണ്ടിനെ 3-1ന് തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഫ്രഞ്ച് പട അടിവച്ചപ്പോള്‍ രണ്ടു ഗോളുമായി തിളങ്ങിയത് ഈ യുവതാരമായിരുന്നു. 2018 ലോകകപ്പിലെ പ്രകടനം ഇത്തവണയും തുടരുന്ന എംബാപ്പെ ചില പ്രത്യേക ജീവിത സവിശേഷതകള്‍ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.

അതിലേറ്റവും പ്രധാനപ്പെട്ടതാണ് കഴിഞ്ഞ ലോകകപ്പില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും പാവപ്പെട്ടവര്‍ക്കായി നല്‍കിയത്. മൂന്നു കോടിയോളം രൂപയാണ് കഴിഞ്ഞ തവണ കിരീടം ചൂടിയതിന് എംബാപ്പെയ്ക്ക് ബോണസായി കിട്ടിയത്. ഈ തുക മുഴുവന്‍ താരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. ഇതിനൊപ്പം ഓരോ കളിയില്‍ 18 ലക്ഷം രൂപയിലധികം മാച്ച് ഫീയായും ലഭിച്ചിരുന്നു.

മാച്ച് ഫീയായി ലഭിച്ച കോടികളും അദേഹം അശരണരുടെ ആവശ്യങ്ങള്‍ക്കായി നല്‍കി. ദേശീയ ടീമിനായി കളിക്കാനായി എംബാപ്പെ ഒരൊറ്റ രൂപ പോലും പ്രതിഫലമായി വാങ്ങുന്നില്ല. എല്ലാ പ്രതിഫലവും ചാരിറ്റിക്കായി നല്‍കുകയാണ് പതിവ്. എന്തുകൊണ്ടാണ് രാജ്യത്തിനായി കളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം മുഴുവന്‍ ചാരിറ്റിക്കായി നല്‍കുന്നതെന്ന ചോദ്യത്തിന് യുവതാരത്തിന് കൃത്യമായ മറുപടിയുണ്ട്.

എന്റെ രാജ്യത്തിനായി കളിക്കാന്‍ എനിക്ക് പ്രതിഫലം ആവശ്യമില്ല. ഞാനെന്റെ രാജ്യത്തിന്റെ പടയാളിയാണ്. ഞാന്‍ ആവശ്യത്തിലധികം പണം ക്ലബ് ഫുട്‌ബോളില്‍ നിന്നും സമ്പാദിക്കുന്നുണ്ട്. ഞാന്‍ അതുകൊണ്ട് തന്നെ കരുതുന്നു, എനിക്ക് കിട്ടുന്ന പണംകൊണ്ട് മറ്റുള്ളവരെ സഹായിക്കണമെന്ന്. നിരവധി ആളുകള്‍ രോഗങ്ങളാലും സാമ്പത്തിക പ്രശ്‌നങ്ങളാലും കഷ്ടപ്പെടുന്നു.

അവരെ സഹായിക്കുന്നത് പുണ്യമായി ഞാന്‍ കരുതുന്നു. കിട്ടുന്ന പണം എന്റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തില്ല. പക്ഷേ, ഞാന്‍ നല്‍കുന്ന പണം കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും.

അതേറെ സന്തോഷം പകരുന്ന കാര്യമാണ്. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ എനിക്കു കിട്ടുന്ന ആത്മസംതൃപ്തി വളരെ വലുതാണ്-എംബാപ്പെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

കളത്തിലും പുറത്തും പ്രായത്തിനേക്കാള്‍ പക്വതയുള്ള താരമായിട്ടാണ് എംബാപ്പെയെ അദേഹത്തിന്റെ പരിശീലകര്‍ വിശേഷിപ്പിക്കുന്നത്. ലോകകപ്പുകളിലെ പല റിക്കാര്‍ഡുകളും തകര്‍ക്കാന്‍ താരത്തിന് കഴിയുമെന്നാണ് പൊതു വിലയിരുത്തല്‍.

Related Articles

Back to top button