Football

ഖത്തര്‍ ലോകകപ്പിലെ മെസിയും റൊണാള്‍ഡോയും; ആരാണ് കേമന്‍…

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി ആണോ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണോ കേമന്‍…? ആരാധകരോട് ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ ശാന്തരാകണം…

ഇത് കണക്കുകള്‍ മാത്രംവച്ചുള്ള ഒരു കണക്കെടുപ്പാണ്. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇനിയൊരു ഫിഫ ലോകകപ്പിന് ഉണ്ടാകില്ലെന്നാണ് വിശ്വാസം. ഒരുപക്ഷേ, ഇവര്‍ 2026 ലോകകപ്പിലും കളിച്ചേക്കാം…

ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോഴുള്ള കണക്കുകള്‍ പ്രകാരം അര്‍ജന്റൈന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമാണ് ലയണല്‍ മെസി. അതേസമയം, പോര്‍ച്ചുഗല്‍ ടീമിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിധ്യംകൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടായിട്ടില്ല. അര്‍ജന്റീനയുടെ സ്‌ക്വാഡിനേക്കാള്‍ മികച്ചതാണ് പോര്‍ച്ചുഗലിന്റേത് എന്ന് വാദിക്കാം.

സൂപ്പര്‍ താരത്തെ അധികം പോര്‍ച്ചുഗല്‍ ആശ്രയിക്കുന്നില്ല എന്നത് ടീമിന്റെ മേന്മയാണെന്നും പറയാം. ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ അവസാനം നേടിയ അഞ്ച് ഗോളിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു സാന്നിധ്യവും ഇല്ല. നവംബര്‍ 24 ന് ഘാനയ്ക്ക് എതിരായ മത്സരത്തിലെ 65-ാം മിനിറ്റ് പെനല്‍റ്റി ഗോള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് ഈ ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ചെയ്തതായി അവകാശപ്പെടാനൂള്ളൂ.

അതേസമയം, അര്‍ജന്റീനയുടെ പ്ലേ മേക്കര്‍ എന്ന സ്ഥാനത്ത് ലയണല്‍ മെസിയുടെ സാന്നിധ്യം ഖത്തറില്‍ ശ്രദ്ധേയം. സൗദി അറേബ്യക്ക് എതിരേ പരാജയപ്പെട്ട മത്സരത്തില്‍ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടി. മത്സരത്തില്‍ തോറ്റെങ്കിലും മൂന്ന് വമ്പന്‍ ചാന്‍സുകള്‍ ക്രിയേറ്റ് ചെയ്തു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയ്ക്ക് എതിരേ 0-2ന് അര്‍ജന്റീന ജയിച്ചപ്പോള്‍ ആദ്യ ഗോള്‍ മെസിയുടെ വകയായിരുന്നു.

പോളണ്ടിന് എതിരായ ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ഗോള്‍ നേടിയില്ലെങ്കിലും പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് ലയണല്‍ മെസി. പന്തില്‍ 98 ടച്ചും 85ശതമാനം പാസ് കൃത്യതയും നാല് ഷോട്ട് ഓണ്‍ ടാര്‍ഗറ്റും പോളണ്ടിന് എതിരേ മെസിയുക വകയായി ഉണ്ടായി.

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ ഒരു മത്സരത്തില്‍പോലും പൂര്‍ണമായി കളത്തില്‍ ഉണ്ടായില്ല എന്നതും ശ്രദ്ധേയം. ദക്ഷിണ കൊറിയയ്ക്ക് എതിരായ മത്സരത്തില്‍ 65-ാം മിനിറ്റിലും ഉറുഗ്വെയ്ക്ക് എതിരേ 82-ാം മിനിറ്റിലും ഘനയ്ക്ക് എതിരേ 88-ാം മിനിറ്റിലും റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ മുഖ്യപരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പിന്‍വലിച്ചു.

ദക്ഷിണകൊറിയയ്ക്ക് എതിരേ പിന്‍വലിച്ചത് റൊണാള്‍ഡോയ്ക്ക് ഇഷ്ടപ്പെട്ടുമില്ല. അതേസമയം, അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു മത്സരത്തില്‍പോലും ലയണല്‍ മെസിയെ കോച്ച് ലിയോണല്‍ സ്‌കലോനി പിന്‍വലിച്ചില്ല.

ഇനി നോക്കൗട്ടില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പോരാട്ടത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി ഓസ്ട്രേലിയയും പോര്‍ച്ചുഗലിന്റെ എതിരാളി സ്വിറ്റ്സര്‍ലന്‍ഡും ആണ്.

Related Articles

Back to top button