ISLTop Stories

പുതിയ ഘടന ഐഎസ്എല്ലിന്റെ ആവേശം അവസാന മല്‍സരം വരെ നിലനിര്‍ത്തും!

പതിവു രീതികളില്‍ നിന്ന് ഒരുപാട് മാറ്റങ്ങളോടെയാണ് ഇത്തവണത്തെ ഐഎസ്എല്‍ സീസണിന് പന്തുരുളാന്‍ പോകുന്നത്. അതില്‍ ഏറ്റവും പ്രധാനം പ്ലേഓഫില്‍ എത്താന്‍ കൂടുതല്‍ ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ്. കഴിഞ്ഞ സീസണ്‍ വരെ നാലു ടീമുകള്‍ക്ക് മാത്രമായിരുന്നു ആദ്യ റൗണ്ട് കഴിഞ്ഞാല്‍ മുന്നോട്ട് പ്രവേശനം ഉണ്ടായിരുന്നത്. ഇത്തവണ ആ രീതി മാറ്റിയത് ലീഗിനെ കൂടുതല്‍ ആവേശകരമാക്കും.

ആവേശം കൂടുന്നത് എങ്ങനെ?

നാലു ടീമുകളില്‍ നിന്ന് പ്ലേഓഫിലെത്താന്‍ സാധ്യത ആറു ടീമുകളിലേക്ക് വരുമ്പോള്‍ പോയിന്റ് പട്ടികയില്‍ പിന്നിലുള്ളവര്‍ക്കും അവസാന മല്‍സരം വരെ പ്രതീക്ഷയുണ്ടാകും. ഉദാഹരണത്തിന് കഴിഞ്ഞ സീസണിലെ കാര്യമെടുക്കാം. കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അഞ്ചാമതുള്ള മുംബൈ സിറ്റിയും ഏഴാമതുള്ള ഒഡീഷ എഫ്‌സിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം എട്ടു മാത്രമാണ്.

പഴയ രീതിയിലായിരുന്നു ഇത്തവണയും കളിയെങ്കില്‍ ഇരുവര്‍ക്കും പ്ലേഓഫിലേക്ക് ഒരു ബെര്‍ത്തിന് സാധ്യത ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ ടീമുകളുടെ അവസാന മല്‍സരങ്ങള്‍ വിരസമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ആറു ടീമുകള്‍ക്ക് അവസരം ലഭിക്കുമെന്ന് വന്നതോടെ ഇത്തവണ അവസാന സ്ഥാനത്തു നില്‍ക്കുന്ന ടീമിനു പോലും അവസരം തുറന്നു കിടക്കുകയാണ്.

ഒന്നോ രണ്ടോ നല്ല പ്രകടനങ്ങള്‍ നടത്തിയാല്‍ അവസാന സ്ഥാനത്തുള്ള ടീമുകള്‍ക്കു പോലും മുന്നോട്ടു കയറി വരാന്‍ സാധിക്കും. പിന്നില്‍ നില്‍ക്കുന്ന ടീമുകളെ കൂടി മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമായി വേണമെങ്കില്‍ പുതിയ പരിഷ്‌കാരത്തെ വിശേഷിപ്പിക്കാം. അതുവഴി ആ ക്ലബുകള്‍ക്കും ആരാധകര്‍ക്കും കൂടുതല്‍ ആവേശം പകരാനും ഈ രീതി സഹായിക്കും. ഇത്തവണ പങ്കെടുക്കുന്ന 11 ടീമുകളില്‍ ആറു പേര്‍ക്ക് അടുത്ത റൗണ്ടിലേക്ക് വഴിയൊരുങ്ങാന്‍ സാധ്യതയുണ്ടെന്നത് നല്ല കാര്യം തന്നെയാണ്.

അടുത്ത സീസണ്‍ മുതല്‍ ഐലീഗ് ചാമ്പ്യന്മാര്‍ക്കു കൂടി പ്രമോഷന്‍ ലഭിക്കുന്നതോടെ ഐഎസ്എല്‍ കൂടുതല്‍ ആവേശകരമായി മാറുമെന്ന് ഉറപ്പാണ്. അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ തലപ്പത്തേക്ക് പുതിയ പ്രസിഡന്റ് വന്നതും ഇതിഹാസതാരം ഐഎം വിജയന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തലപ്പത്തെത്തിയതുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക് നല്ല വാര്‍ത്തയാണ്. എന്തായാലും കാണികള്‍ ഗ്യാലറികളിലേക്ക് മടങ്ങി വരുന്ന ഇത്തവണത്തെ സീസണ്‍ കൂടുതല്‍ ആവേശകരമാകുമെന്ന് ഉറപ്പാണ്.

Related Articles

Back to top button