FootballTop Stories

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ പൊരുതി തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് യുവനിര

ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊല്‍ക്കത്തന്‍ കരുത്തരായ മുഹമ്മദന്‍സിനോട് മൂന്ന് ഗോളിന് തോറ്റു. നൈജീരിയന്‍ മുന്നേറ്റക്കാരന്‍ ദൗദ ഇരട്ടഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് എസ്‌കെ ഫയാസിന്റെ വകയായിരുന്നു. ക്വാര്‍ട്ടറില്‍ വീണെങ്കിലും ടൂര്‍ണമെന്റിലാകെ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് കൗമാരനിരയുടേത്. രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമായി തലയുയര്‍ത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.

മുഹമ്മദന്‍സിനെതിരെയും മാറ്റമില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് എത്തിയത്. ഗോള്‍കീപ്പറായി ക്യാപ്റ്റന്‍ സച്ചിന്‍ സുരേഷ് അണിനിരന്നു. എച്ച് മര്‍വാന്‍, തേജസ് കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍, ഗൗരവ്, മുഹമ്മദ് അയ്മെന്‍, റോഷന്‍ ഗിഗി, മുഹമ്മദ് അജ്സല്‍ എന്നിവര്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ തുടര്‍ന്നു. മുഹമ്മദന്‍സിനായി മാവിയ, സഫിയുള്‍, എന്‍ഡിയായെ, അംബേകര്‍, നൂറുദ്ധീന്‍, ഷഹീന്‍, എസ് കെ ഫയാസ്, മാര്‍ക്സ് ജോസഫ്, ഥാപ്പ, ഗോപി, അസ്ഹര്‍ എന്നിവരും കളത്തിലെത്തി.

മുഹമ്മദന്‍സിന്റെ കരുത്തുറ്റ ആക്രമണത്തെ ചെറുത്താണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. മാര്‍ക്കസ് ജോസഫിന്റെയും കൂട്ടരുടെയും മുന്നേറ്റങ്ങളെ സമര്‍ത്ഥമായി തടഞ്ഞു. തേജസായിരുന്നു പ്രതിരോധത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ 17-ാംമിനിറ്റില്‍ മുഹമ്മദന്‍സ് മുന്നിലെത്തി. മാര്‍ക്കസിന്റെ ഇടതുപാര്‍ശ്വത്തില്‍നിന്നുള്ള ക്രോസ് ഫയാസ് ലക്ഷ്യത്തിലെത്തിച്ചു. ഗോള്‍ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തളര്‍ന്നില്ല.

പതിയെ ആക്രമണത്തിലേക്ക് നീങ്ങി. 28-ാം മിനിറ്റില്‍ ബാസിത് നല്‍കിയ പന്ത് അജ്സലിന് മുതലാക്കാനായില്ല. പിന്നാലെ ബാസിത് വീണ്ടും അവസരമൊരുക്കി. ഇത്തവണ ഗൗരവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ഇതിനിടയില്‍ 36-ാം മിനിറ്റില്‍ ഗോപിയുടെ ശ്രമം സച്ചിന്‍ തടഞ്ഞു. ഇടവേളയ്ക്ക് മുമ്പേ ഒപ്പമെത്താന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞുപരിശ്രമിച്ചു. റോഷന്റെയും അയ്മെനിന്റെയും മുന്നേറ്റം കോര്‍ണറില്‍ കലാശിച്ചു. അയ്മെനിന്റെ ഷോട്ട് മുഹമ്മദന്‍സ് ഗോളി മാവിയ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ദൗദ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. സച്ചിന്‍ രക്ഷകനായി അവതരിച്ചെങ്കിലും വൈകാതെ മുഹമ്മദന്‍സ് ലീഡുയര്‍ത്തി. 59-ാം മിനിറ്റില്‍ ഫയാസ് നല്‍കിയ പന്ത് ദൗദ വലയില്‍ എത്തിച്ചു. ഇതിനിടെ ബ്ലാസ്റ്റേഴ്സിനായി അയ്മെനും റോഷനും ഫ്രീ കിക്ക് വിജയിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ തേജസ് മികച്ച പ്രകടനം നടത്തി.

83-ാം മിനിറ്റില്‍ അംബേകറിന്റെ ഗോള്‍ശ്രമം തേജസ് ചെറുത്തു. എന്നാല്‍ തൊട്ടുപിന്നാലെ മുഹമ്മദന്‍സ് മൂന്നാംഗോള്‍ നേടി. ദൗദയായിരുന്നു ഇത്തവണയും ലക്ഷ്യം കണ്ടത്. പരിക്കുസമയം സച്ചിന്റെ മിന്നുംരക്ഷപ്പെടുത്തലുകള്‍ മുഹമ്മദന്‍സിനെ ലീഡുയര്‍ത്തുന്നതില്‍നിന്നും തടഞ്ഞു.

Related Articles

Back to top button