ISLTop Stories

വീണ്ടും ശുഭവാര്‍ത്ത, വുക്കുമനോവിച്ചിനും ആരാധകര്‍ക്കും ആശ്വാസം!

പ്രതിസന്ധികള്‍ നിറഞ്ഞ ഒരാഴ്ച്ചയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്ന് ഇപ്പോള്‍ വരുന്നത് നല്ല വാര്‍ത്തകള്‍. ഓരോദിവസവും കൂടുതല്‍ കൂടുതല്‍ താരങ്ങള്‍ കോവിഡ് നെഗറ്റീവായി കൊണ്ടിരിക്കുകയാണ്. അടുത്ത ചൊവ്വാഴ്ച്ചയോടെ ഭൂരിഭാഗം താരങ്ങളും പരിശീലനത്തിനായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ക്ക് ആറാംദിവസം പരിശോധനയുണ്ട്. ഈ പരിശോധനയില്‍ നെഗറ്റീവായാല്‍ താരങ്ങള്‍ക്ക് ടീമിനൊപ്പം ചേര്‍ന്ന് പരിശീലനത്തിനിറങ്ങാം. കഴിഞ്ഞ ദിവസങ്ങളില്‍ ടീമിലെ കുറച്ചുതാരങ്ങള്‍ പരിശീലനം നടത്തിയിരുന്നു. ബുധനാഴ്ച്ചയോടെ സമ്പൂര്‍ണ ടീമിനും പരിശീലനത്തിനിറങ്ങാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ജനുവരി 30ന് ബെംഗളൂരു എഫ്‌സിക്കെതിരേയാണ്. ഇത്രയും ഇടവേള ലഭിച്ചത് ഫലത്തിന്റെ ബ്ലാസ്റ്റേഴ്‌സിന് അനുഗ്രഹമാകുകയാണ്. സമ്പൂര്‍ണ ടീമിനെ തന്നെ അണിനിരത്തി ബെംഗളൂരുവിനെ നേരിടാമെന്നത് ടീമിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബെംഗളൂരുവിനെതിരായ മത്സരം കഴിഞ്ഞാല്‍ പന്ത്രണ്ട് ദിവസത്തിനിടെ രണ്ടുമത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. എന്നാല്‍ മാറ്റിവച്ച രണ്ടില്‍ ഒരു മത്സരമെങ്കിലും ഇതിനിടെയ്ക്ക് നടത്തിയേക്കും. അങ്ങനെ സംഭവിച്ചാല്‍ പോലും ആവശ്യത്തിന് വിശ്രമത്തിനും ഒരുക്കത്തിനുമായി ടീമിന് ലഭിക്കും. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീമിന് അത് നിലനിര്‍ത്തി കൊണ്ടുപോകാന്‍ ഈ ഇടവേള സഹായിക്കും.

അതേസമയം ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ താരങ്ങള്‍ വരുമെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമല്ല. ഐഎസ്എല്‍ ടീമുകളില്‍ നിന്നല്ല പുതിയ താരങ്ങള്‍ വരുന്നതെങ്കില്‍ ക്വാറന്റൈന്‍ പീരിയഡും മറ്റുമായി കുറച്ചേറെ ദിവസങ്ങള്‍ വേണ്ടിവരും. ഏതെങ്കിലും ഐഎസ്എല്‍ ടീമുകളില്‍ നിന്നുള്ള കളിക്കാരാണെങ്കില്‍ ഇതിന്റെ ആവശ്യം വരുന്നില്ല. എന്തായാലും ഇക്കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഏതായാലും കഠിനമായ ദിനങ്ങള്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പിന്നിട്ടിരിക്കുന്നത്. കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലീഗ് കിരീടമെന്ന സ്വപ്‌നത്തിലേക്ക് ടീം മുന്നേറട്ടെയെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button