ISLTop Stories

മൂന്ന് വിദേശ താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടരും, ഉറപ്പ്!

ഈ സീസണില്‍ റണ്ണേഴ്‌സ് അപ്പായ ടീമില്‍ നിന്ന് മൂന്നു വിദേശ താരങ്ങളെങ്കിലും അടുത്ത സീസണിലും തുടരുമെന്ന് സൂചന. താന്‍ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകുമെന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ നാട്ടിലേക്ക് പോകുംമുമ്പേ വെളിപ്പെടുത്തിയിരുന്നു. ടീമിനൊപ്പം തുടരുമെന്ന് ഏകദേശം ഉറപ്പുള്ള മറ്റൊരാള്‍ മാര്‍ക്കോ ലെസ്‌ക്കോവിച്ചാണ്. ടൈംസ് ഓഫ് ഇന്ത്യയിലെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹാവോയാണ് ഇക്കാര്യം അറിയിച്ചത്.

അടുത്ത സീസണില്‍ ടീമില്‍ ഉറപ്പില്ലാത്ത വിദേശ താരം ചെഞ്ചോയാകും. ഭൂട്ടാനീസ് താരത്തിന് ഈ സീസണില്‍ കാര്യമായ അവസരങ്ങള്‍ കിട്ടിയിരുന്നില്ല. ലഭിച്ച അവസരങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും സാധിച്ചില്ല. അടുത്ത സീസണില്‍ ഏഷ്യന്‍ ക്വാട്ട ഇല്ലാത്തതിനാല്‍ ഈ സ്ഥാനത്ത് കൂടുതല്‍ മികച്ച വിദേശതാരത്തെ സ്വന്തമാക്കാനും സാധിക്കും. എഎഫ്‌സിയുടെ പുതിയ നിയമപ്രകാരം അഞ്ച് വിദേശതാരങ്ങളെ ലീഗുകളില്‍ കളിപ്പിക്കാം. ഐഎസ്എല്ലും അഞ്ച് കളിക്കാര്‍ക്ക് അവസരം ലഭിക്കുന്ന രീതിയിലേക്ക് വീണ്ടും മാറിയേക്കും.

അടുത്ത സീസണിലേക്കുള്ള പണി തുടങ്ങിയതായി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് ഇന്ന് വ്യക്തമാക്കിയിരുന്നു. കോച്ച് ഇവാന്‍ വുക്കുമനോവിച്ച് അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഒക്ടോബറില്‍ അടുത്ത സീസണ്‍ തുടങ്ങുന്നതിനാല്‍ ജൂണ്‍ പകുതിയോടെ പ്രീസീസണ്‍ ആരംഭിക്കും. കോവിഡ് പ്രശ്‌നമില്ലെങ്കില്‍ പ്രീസീസണ്‍ യൂറോപ്പിലാകാനാണ് സാധ്യത.

Related Articles

Leave a Reply

Back to top button