ISL

ബ്ലാസ്‌റ്റേഴ്‌സിന് തലവേദനയാകുക ഈസ്റ്റ് ബംഗാളിലെ രണ്ട് മലയാളികള്‍!

നിര്‍ണായകമായ ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെ നേരിടാന്‍ ഒരുങ്ങുകയാണ്. ആദ്യമായിട്ടാണ് ഇരുടീമുകളും ഉദ്ഘാടന മല്‍സരത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. പേപ്പറില്‍ ശക്തര്‍ ബ്ലാസ്റ്റേഴ്‌സ് എങ്കിലും തങ്ങളുടേതായ ദിനത്തില്‍ ആരെയും വെല്ലാന്‍ കഴിയുന്ന ടീമാണ് ഈസ്റ്റ് ബംഗാള്‍.

വെള്ളിയാഴ്ച്ച ഈസ്റ്റ് ബംഗാളിനെ നേരിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഭയക്കേണ്ട രണ്ടുപേരുണ്ട്. ഈസ്റ്റ് ബംഗാള്‍ നിരയിലുള്ള ഈ രണ്ടുപേരും മലയാളികളാണ്. ഒരാള്‍ അവരുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വി.പി സുഹൈര്‍ ആണ്. രണ്ടാമത്തെയാള്‍ അണിയറയില്‍ കളി പറഞ്ഞു കൊടുക്കുന്ന സഹപരിശീലകന്‍ ബിനോ ജോര്‍ജും. കേരളത്തിലെ സാഹചര്യങ്ങളും മലയാളി താരങ്ങളുമെല്ലാം കൈവെള്ളയിലെന്ന പോലെ മനപാഠമാണ് ബിനോ ജോര്‍ജിന്.

ബിനോയ്ക്ക് കീഴില്‍ കരിയറിന്റെ തുടക്കത്തില്‍ ഒരിക്കല്‍ സഹല്‍ അബ്ദുള്‍ സമദ് കളിച്ചിട്ടുമുണ്ട്. അതുമാത്രമല്ല കൊച്ചിയിലെ പുല്‍മൈതാനം നന്നായി അറിയാവുന്നയാളാണ് ബിനോ. ഏതുരീതിയില്‍ കാണികളില്‍ നിന്ന് പ്രഷര്‍ ഉണ്ടാകുമെന്ന് ബിനോ തന്റെ കുട്ടികളോട് മുന്‍കൂട്ടി പറഞ്ഞിട്ടുണ്ടാകും.

കൊല്‍ക്കത്തന്‍ നിരയില്‍ ഏറ്റവും വലിയ അപകടകാരിയാണ് വി.പി സുഹൈര്‍ എന്ന ഗോളടിയന്ത്രം. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പം കൂട്ടാന്‍ ശ്രമിച്ച താരം കൂടിയാണ് ഈ 30കാരന്‍. ഏതു നിമിഷവും ഗോള്‍ നേടാന്‍ കഴിയുന്നത്ര അപകടകാരിയാണ് സുഹൈര്‍. കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് നിറംമങ്ങിയപ്പോഴും സുഹൈര്‍ തകര്‍പ്പന്‍ കളിയാണ് കാഴ്ച്ചവച്ചത്.

അസാധ്യമായ ആംഗിളുകളില്‍ നിന്ന് പന്ത് വലയിലേക്ക് തൊടുക്കാനുള്ള ശേഷിയാണ് സുഹൈറിനെ വ്യത്യസ്തനാക്കുന്നത്. മാത്രമല്ല, ആവശ്യമെങ്കില്‍ പ്രതിരോധത്തിലേക്ക് ഇറങ്ങി കളിക്കാനും താരത്തിന് മടിയില്ല. സുഹൈര്‍ തന്നെയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ മുഖ്യ തുറുപ്പുചീട്ടാകുക.

Related Articles

Back to top button